പി വി അന്‍വര്‍ എം എല്‍ എയെ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമണത്തിന്റെ പേരില്‍ ജാമ്യമില്ലാവകുപ്പ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍ എം പിയുടെ എം എല്‍ എ കെ കെ രമ.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
പിണറായിയുടെ ഭീരുത്വത്തിന്റെ അടയാളമാണ് അന്‍വറിന്റെ ജയില്‍വാസമെന്നും കേരളം കണ്ട ഏറ്റവും ഭീരുവായ ഭരണാധികാരിയാണ് പിണറായിയെന്നും രമ പറഞ്ഞു. പെരിയ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെ പി ജയരാജന്‍ സ്വീകരിച്ച ദിവസമാണ് ഒരു ജനപ്രതിനിധിയെ വീട് വളഞ്ഞു അറസ്റ്റു ചെയ്തത്. നിസ്സഹായരായ ജനങ്ങള്‍ക്ക് മേല്‍ സിംഹാസനമിട്ടു പുച്ഛ ചിരിയുമായി വാഴുകയാണ് പിണറായി. ജനങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ ജനപ്രതിനിധിയെ ആണ് ജയിലില്‍ അടച്ചത്. കാലം ഒരു കണക്കും തീര്‍ക്കാതെ പോയിട്ടില്ലെന്നും പിണറായി ഓര്‍ക്കണമെന്നും കെകെ രമ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണ രൂപം
പിണറായി വിജയന്‍, താങ്കള്‍ കേരളം കണ്ട ഏറ്റവും ഭീരുവായ ഭരണാധികാരിയാണ് താങ്കളുടെ ഭീരുത്വത്തിന്റെ അടയാളയമാണ് പിവി.അന്‍വര്‍ എം.എല്‍.എയുടെ കാരാഗ്രഹവാസം..ജനാധിപത്യ ഇടങ്ങളെ ഇല്ലാതാക്കി എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നത് ഭീരുക്കളായ ഭരണാധികാരികളുടെ രീതിയാണ്. പൊതുമുതല്‍ നശിപ്പിച്ചെന്ന കുറ്റം ചാര്‍ത്തി ഒരു ജനപ്രതിനിധിയെ പാതിരാത്രിയില്‍ വീടുവളഞ്ഞ് അറസ്റ്റ് ചെയ്തിരിക്കുന്നു. മിസ്റ്റര്‍ പിണറായി വിജയന്‍ താങ്കള്‍ കേരളം കണ്ട ഏറ്റവും വലിയ ഭീരുവായ ഭരണാധികാരിയാണെന്ന് പറയാതിരിക്കാന്‍ വയ്യ.ആശയം കൊണ്ട് എതിരിട്ടവരെ ആയുധം കൊണ്ട് നേരിട്ട ഭീരുക്കളായ ഭരണാധിപന്‍മാരെ ചരിത്രത്തില്‍ ഉടനീളം കാണാം. അധികാരമെന്നത് ആയുസു മുഴുവന്‍ കയ്യിലുണ്ടാവുമെന്നു കരുതിയ വിഡ്ഢികളായിരുന്നവര്‍..ചരിത്രം പിന്നാമ്പുറത്തേക്ക് തള്ളിയവര്‍..ഭരണകൂടം എന്നും മുഖ്യധാരയ്ക്ക് വെളിയില്‍ നിര്‍ത്തിയ ആദിവാസി സമൂഹത്തിലെ ഒരു യുവാവാണ് കാട്ടാനയുടെ അക്രമത്തില്‍ ഇല്ലാതായത്. പത്തു മണിക്കൂറിനുമേലെയാണ് ആ മൃതദേഹം ഇവിടുത്തെ അധികാരികളുടെ അനാസ്ഥയ്ക്കിരയായി ആശുപത്രിയില്‍ കിടത്തിയത്. എന്നിട്ടും ഇതിനെതിരെ ഒരു ജനപ്രതിനിധി ശബ്ദിക്കേണ്ട എന്നാണോ? എന്താണ് ഈ അറസ്റ്റിലൂടെ നിങ്ങള്‍ മുന്നോട്ടു വെക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ സന്ദേശം?മണിയെന്ന ആദിവാസി യുവാവിന്റെ നീതിക്കുവേണ്ടി പ്രതിഷേധിച്ച പി.വി അന്‍വര്‍ എം.എല്‍.എയെ പാതിരാത്രി വീടുവളഞ്ഞു വലിയ പൊലീസ് സന്നാഹത്തോടെ അറസ്റ്റു ചെയ്ത് ജയിലിലടച്ച ദിവസം തന്നെയാണ് പെരിയയിലെ രണ്ടു ചെറുപ്പക്കാരെ ക്രൂരമായി വെട്ടിക്കൊന്നതിന് കോടതി ശിക്ഷിച്ച കൊടും ക്രിമിനലുകളെ ആശ്ലേഷിച്ചും ഹസ്തദാനം നല്‍കിയും ഇന്‍ക്വിലാബ് വിളികളോടെ സി.പി.എം സംസ്ഥാന സമിതിയംഗം പി.ജയരാജന്‍ അടക്കമുള്ളവര്‍ ജയിലിനു മുന്നില്‍ സ്വീകരിച്ചത്. ഈ രണ്ടു കാഴ്ചയും ഒരേ ദിവസം കണ്ട കേരളമാണിത്. ആ കേരള ജനതയെ നോക്കി ജനകീയമെന്നോ ജനാധിപത്യമെന്നോ ഉള്ള വാക്കുകള്‍ ഇനി നിങ്ങള്‍ ഉച്ചരിക്കരുത്. നിസഹായരായ ജനതയുടെ മേല്‍ സിംഹാസനമിട്ട് പുച്ഛ ചിരിയോടെ വാണരുളുകയാണ് നിങ്ങള്‍.. നിങ്ങളുടെ അഹന്തയ്ക്കും കൊല വാളുകള്‍ക്കും ഇരയായവരുടെ ബന്ധുക്കള്‍ കോടതി വരാന്തകളില്‍ നീതിക്കായി കൈ നീട്ടിയിരിക്കുമ്പോള്‍ അധികാരപ്രമത്തതയില്‍ നിങ്ങളവരെ വേട്ടയാടുകയാണ്.ജനങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയ ജനപ്രതിനിധിയെയാണ് ജയിലറയ്ക്കുള്ളില്‍ അടച്ചിരിക്കുന്നത്. കാലം ഒരു കണക്കും തീര്‍ക്കാതെ പോയിട്ടില്ല. ഓര്‍ക്കണം, ഓര്‍ത്താല്‍ നന്ന്..