വർഗീയ വിഷം ചീറ്റുന്ന പിസി ജോർജിനെ അറസ്റ്റ് ചെയ്ത് അഴിക്കുള്ളിലാക്കണമെന്ന് കെടി ജലീൽ

വിദ്വേഷ പരാമർശം നടത്തിയ പിസി ജോർജിനെ അറസ്റ്റ് ചെയ്യണമെന്ന് കെടി ജലീൽ എംഎൽഎ. വർഗീയ വിഷം ചീറ്റുന്ന ജോർജിനെ അറസ്റ്റ് ചെയ്ത് അഴികൾക്കുള്ളിലാക്കണം. ശക്തമായ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് മുന്നോട്ടു വരണമെന്നും ജലീൽ ആവശ്യപ്പെട്ടു.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

നടപടിയുണ്ടായില്ലെങ്കിൽ അതേ ഭാഷയിൽ ആരെങ്കിലും അതിനോട് പ്രതികരിച്ചാൽ കേരളം ഭ്രാന്താലയമായി മാറും. അതുവഴി നാം നേടിയെടുത്ത നേട്ടങ്ങളുടെ ഗരിമ മങ്ങുകയും കേരളത്തിന്റെ സൽപേര് തകരുകയും ചെയ്യും. മലയാളികൾ ആർജിച്ച മതനിരപേക്ഷ മനസ് നഷ്ടമാകുമെന്നും ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു

കുറിപ്പിന്റെ പൂർണരൂപം

വർഗീയ വിഷം ചീറ്റുന്ന പി.സി ജോർജിനെ അറസ്റ്റ് ചെയ്ത് അഴിക്കുള്ളിലാക്കുക!
ജനം ടിവിയുടെ ഒരു ന്യൂസ് ചർച്ചയിൽ പങ്കെടുത്തു കൊണ്ട് പി.സി ജോർജ് പറഞ്ഞ രണ്ട് വാചകങ്ങളാണ് താഴെ ചേർത്ത വീഡിയോ ക്ലിപ്പിലുള്ളത്. ഒരു പ്രാവശ്യം തനി വർഗീയത പ്രസംഗിച്ചതിന്റെ പേരിൽ പോലീസ് പി.സി ജോർജിനെ അറസ്റ്റു ചെയ്തു. എന്നാൽ കോടതി ഒരു ദിവസം പോലും ജയിലിൽ കിടക്കാൽ അവസരം കൊടുക്കാതെ ജാമ്യം അനുവദിച്ചു. അതിന്റെ വിലയാണ് ഇപ്പോൾ കേരളം നൽകുന്നത്. കോട്ടിട്ട ഏമാൻമാർക്ക് കമ്മ്യൂണിസ്റ്റുകാർ കുറ്റാരോപിതരായാൽ റിമാൻഡ് ചെയ്യണമെന്ന് നിർബന്ധമാണ്. കണ്ണൂരിലെ ദിവ്യക്ക് ഒരു അടിസ്ഥാനവുമില്ലാത്ത കേസിൽ 14 ദിവസം കാരാഗ്രഹമാണ് ലഭിച്ചത്. എന്നാൽ വയനാട്ടിലെ കോൺഗ്രസ് നേതാവ് സ്വന്തം കൈപ്പടയിൽ എഴുതിയ ആത്മഹത്യാ കുറിപ്പ് ഉണ്ടായിട്ടും കത്തിൽ പേരുള്ള എല്ലാ കോൺഗ്രസ് നേതാക്കൾക്കും മുൻകൂർ ജാമ്യം ലഭിച്ചു! ഇതേക്കുറിച്ചൊക്കെ എന്താണ് പറയുക?

ഇടുക്കിയിലെ മണിയാശാൻ നടത്തിയ പ്രസംഗത്തിലെ ചില വാക്കുകളുടെ പേരിൽ എത്ര ദിവസങ്ങളാണ് പ്രായം പോലും പരിഗണിക്കാതെ യു.ഡി.എഫ് ഗവൺമെന്റ് അദ്ദേഹത്തെ അഴികൾക്കുള്ളിലാക്കിയത്? തെളിവില്ലാത്തതിന്റെ പേരിൽ അന്തിമ വിധിയിൽ എം.എം മണിയെ വെറുതെ വിട്ടു. നിരപ’രാധിയായ അദ്ദേഹത്തെ ദിവസങ്ങളോളം ജയിലിൽ കിടത്തിയതിന് ആര് മറുപടി പറയും? ആ ഇരുണ്ട ദിവസങ്ങൾ എങ്ങിനെ മണിയാശാന് തിരിച്ചു കിട്ടും. പെരുമ്പാവൂരിലെ കോൺഗ്രസ് എം.എൽ.എക്ക് എതിരെ ലൈംഗികാരോപണം ഉയർന്നു. അദ്ദേഹം ഒളിവിൽ പോയി. കോൺഗ്രസ് എം.എൽ.എക്കും മുൻകൂർ ജാമ്യം കിട്ടി. ഇതെല്ലാം നൽകുന്ന തെറ്റായ സന്ദേശം എന്താണ്? നിങ്ങൾക്ക് അഴിമതി നടത്തണമെങ്കിൽ, മറ്റുള്ളവരുടെ മേൽ കയ്യേറ്റം നടത്തണെമെങ്കിൽ ഒന്നുകിൽ നിങ്ങൾ കോൺഗ്രസ്ലോ ലീഗോ യു.ഡി.എഫോ ബി.ജെ.പിയോ അയ്‌ക്കോളൂ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാലയലത്ത് പോലും നിൽക്കരുത് എന്നല്ലേ?

പി.സി ജോർജിനെ സർക്കാർ അറസ്റ്റ് ചെയ്താലും കോട്ടിട്ട ഏമാൻമാരും ഏമാനത്തികളും സഹായ ഹസ്തം നീട്ടാൻ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കയാണ്. ഈ ‘ചിറ്റമ നയം’ ബന്ധപ്പെട്ടവർ മാറ്റിയില്ലെങ്കിൽ കേരളവും വർഗ്ഗീയ വിഷപ്പുകയിൽ വീർപ്പുമുട്ടും. വർഗ്ഗീയതയുടെ തീ നാടു മുഴുവൻ പടരും.
പി.സി ജോർജിനെതിരെ ശക്തമായ നടപടികൾ എടുക്കാൻ ആഭ്യന്തരവകുപ്പ് മുന്നോട്ടു വരണം. അതുണ്ടായില്ലെങ്കിൽ അതേ ഭാഷയിൽ ആരെങ്കിലും അതിനോടു പ്രതികരിച്ചാൽ കേരളം അക്ഷരാർത്ഥത്തിൽ ഒരു ഭ്രാന്താലയമാകും. നാം നേടിയെടുത്ത നേട്ടങ്ങളുടെ ഗരിമ മങ്ങും. കേരളത്തിന്റെ സൽപ്പേര് തകരും. മലയാളികൾ ആർജിച്ച മതനിരപേക്ഷ മനസ്സ് നഷ്ടമാകും. കേരം തിങ്ങും കേരള നാടിന്റെ തല താഴും. നാം സ്വാംശീകരിച്ച വൈജ്ഞാനിക പുരോഗതിയുടെ അന്തസ്സ് കെടുത്തും.

 

Exit mobile version