നയോമിക – PART 6

നയോമിക – PART 6

നോവൽ
ഴുത്തുകാരി: ശിവന്യ അഭിലാഷ്

‘”മക്കള് രണ്ടാളും പോകുന്നത്
കണ്ടല്ലോ രാഘവാ ”
ചായക്കടക്കാരൻ തോമാച്ചന്റെ വകയായിരുന്നു ചോദ്യം.
” ആ ഒരു വണ്ടി വാങ്ങിച്ചുകൊടുത്തോണ്ട് ഇപ്പോ അതിലാ രണ്ടാൾടേം സവാരി….. ”
ചായക്കടയിലേക്ക് കയറി ഇരുന്നു കൊണ്ട് രാഘവൻ പറഞ്ഞു.

“അല്ല രാഘവാ മൂത്ത കൊച്ചിന് ഇപ്പോ പത്തിരുപത്തിനാല് വയസ്സായി കാണില്ലേ…. പറ്റിയ ഒരാലോചനയുണ്ട്.. നമുക്ക് നോക്കിയാലോ ”

ബ്രോക്കർ സദാശിവൻ പുട്ടും പഴവും കുഴച്ചു കഴിക്കുന്നതിനിടെ രാഘവനെ ഓർമ്മിപ്പിച്ചു.

” അവള് പഠിക്കുവല്ലേ സദാശിവാ..പഠിത്തം കഴിഞ്ഞ് ഒരു ജോലി ആകാതെ വിവാഹം എന്നൊരു വാക്ക് കേട്ട് പോകരുതെന്നാ പിള്ളേരുടെ ഓർഡർ”

”പിള്ളേർ ഇപ്പോ അങ്ങനൊക്കെ പറയും അവസാനം എന്തേലും പേര് ദോഷം കേൾപ്പിച്ചാ നമ്മള് വിഷമിക്കേണ്ടി വരുമേ”

സദാശിവന്റെ വാക്കുകൾ കേട്ടപ്പോൾ രാഘവന്റെ മുഖം വല്ലാതായി.

” അത് സദാശിവന് രാഘവന്റെ മക്കളെ ശരിക്കറിയാത്തോണ്ട് പറഞ്ഞതാ…. രാഘവന്റെ മക്കളെ പോലെ സ്വഭാവ ഗുണം ഉള്ള കുട്ടികൾ ഈ നാട്ടിൽ വേറെയില്ല….
തോമാച്ചൻ സദാശിവന്റെ നാവടക്കി.

“അതെനിക്കറിയാം തോമാച്ചായാ.. അതോണ്ടല്ലേ ഈ ആലോചന രാഘവന്റെ മൂത്തമോൾക്ക് പറ്റും എന്ന് പറഞ്ഞത്…. അയാൾ തിരിഞ്ഞ് രാഘവനെ നോക്കി

“രാഘവാ, ദുബായിൽ എഞ്ചിനീയറാ പയ്യൻ… നല്ല കുടുംബം… അച്ചനും അമ്മക്കും ഒറ്റ മകൻ….വിദ്യഭ്യാസവും സ്വഭാവഗണവുമുള്ള ഒരു കുട്ടി വേണമെന്ന് മാത്രമാ അവരുടെ ഡിമാൻറ്… നീ നല്ലോണം ഒന്നാലോചിച്ചിട്ട് പറ”

” ഞാൻ നിർമ്മലയോടും കൂടി ഒന്നാലോചിക്കട്ടെ സദാശിവാ.. മോൾടെയും അഭിപ്രായം അറിയണല്ലേ”

“മതി… നിങ്ങൾ എല്ലാരും കൂടെ ആലോചിച്ച് ഒരു തീരുമാനം എടുത്താ മതി”

രാഘവൻ ചായ കുടിച്ച് കാശും കൊടുത്ത് പോയി.

” പക്ഷേ ഒരു കാര്യം ഉണ്ട് ട്ടോ… മൂത്തവൾടെ പേലെയല്ല രണ്ടാമത്തേത്.. അവളിത്തിരി തന്റേടിയാ”

അത് വരെ മിണ്ടാതിരുന്ന തോമാച്ചന്റെ ഭാര്യ ദീനാമ്മ പറഞ്ഞു.

“അതെന്താടീ ദീനാമ്മേ… ”

” ആ പെണ്ണിന്നാളൊരു ദിവസം ഇരുട്കുത്തിയ സമയം നടന്ന് വരുവാ.. എന്താ മോളെ നേരം വൈകിയെന്നു ഞാനൊന്നു ചോദിച്ചു പോയി.. അതിനവള് പറയുവാ സത്യം പറഞ്ഞാ ആർക്കും പിടിക്കൂല്ലല്ലോ ചേച്ചീ… അതോണ്ട് ഞാനെന്റെ കാമുകന്റെ കൂടെ കറങ്ങാൻ പോയിട്ട് വരുവാന്ന് നിങ്ങള് വിചാരിച്ചോന്ന് ”

“ആര്…. നയോമിയാണോ പറഞ്ഞെ ”

” അവള് തന്നെ രാഘവനും നിർമ്മലയും എന്ത് പാവങ്ങളാ.. ആ പെണ്ണ് എത് സ്വഭാവത്തിൽ പോയതാണോ എന്തോ “….

അവർ മൂക്കത്ത് വിരൽ വെച്ചു.

*****************************

” ടീ വൈകീട്ട് ഞാൻ വരണോ ”
നയോമിയെ കോളേജിൽ ഇറക്കി കൊണ്ട് നിർമ്മയി ചോദിച്ചു.

“വേണ്ട ചേച്ചീ… വൈകീട്ട് ചിലപ്പോ ഡാൻസ്പ്രാക്ടീസ് ഉണ്ടാകും.. അത് കഴിയുമ്പോഴേക്കും ലേറ്റ് ആകും ..ഞാൻ ബസ്സിന് വന്നോളാം…”

“നയോമീ”

അപ്പോഴേക്കും നയോമിയുടെ സന്തതസഹചാരിയായ വന്ദന അങ്ങോട്ട് വന്നു.

“ദേ വന്നല്ലോ നിന്റെ വാല് ”
നിർമ്മയി അവളെ കളിയാക്കി.

നിർമ്മയി പറഞ്ഞത് കേട്ട് നയോമിക്കും ചിരി വന്നു.

“പോട്ടേ ടീ”
രണ്ടാളോടും യാത്ര പറഞ്ഞ് നിർമ്മയി വണ്ടി മുന്നോട്ടെടുത്തു.

” ഇന്നെന്താടീ ഇങ്ങനൊരു കാലാവസ്ഥ.. വെയിലുമില്ല, മഴയുമില്ല”

” അതേയ് ഇതാണ് പ്രണയിക്കുന്നവർക്ക് പ്രിയമുള്ള കാലാവസ്ഥ.. ”

“പോടീ ”
വന്ദന ചിരിച്ചു കൊണ്ട് അവളുടെ മുഖത്തിൽ തോണ്ടി.

“ദേണ്ടെടി ഗുൽമോഹർച്ചോട്ടിൽ നമ്മുടെ കണിനിൽക്കുന്നണ്ടല്ലോ”

” അത് കണി അല്ലെടീ.. നല്ല അസ്സല് കെണിയാ.. മൈന്റാക്കണ്ടാട്ടോ ”

വന്ദന യോട് പറഞ്ഞു കൊണ്ട് നയോമി മുന്നോട്ട് നടന്നു.
അവളുടെ മുഖത്തിന് ചേരാത്ത ഗൗരവമായിരുന്നു അപ്പോൾ അവളുടെ ഭാവം.

” നയോമി പ്ലീസ് ഒന്നു നിന്നേ ”

നയോമി യും വന്ദനയും അവനെ കടന്നു പോയതും അവൻ പുറകിൽ നിന്ന് വിളിച്ചു.

വെളുത്ത സുന്ദരമായ മുഖത്ത് കുട്ടിത്തവും കുസൃതിയും തത്തിക്കളിക്കുന്ന വെള്ളാരംകണ്ണുകളാണ് അലൻന്റെ പ്രത്യേകത എങ്കിലും ഇന്നതിൽ നിറയെ വിഷാദഭാവമാണ്.

പി ജി ചെയ്യാനായി നയോമി ഈ കോളേജിൽ എത്തിയത് മുതൽ അവളുടെ പുറകെ നടക്കുന്നതാണ് അലൻ.
വർഷം ഒന്ന് കഴിഞ്ഞിട്ടും നയോമി കടാക്ഷിച്ചിട്ടില്ല.
നയോമിയുടെ പുറകെ കൂടിയ മറ്റുള്ളവരെയെല്ലാം അവൾ സുഹൃത്തുക്കളായി കൂടെ കൂട്ടിയെങ്കിലും അലനെ അവൾ ഒരു രീതിയിലും പരിഗണിച്ചില്ല…

” നിങ്ങള് സംസാരിക്ക് ”

” വന്ദൂ നിക്കെടീ”
പക്ഷേ നയോമിയുടെ വിളി കേൾക്കാതെ
വന്ദന മുന്നോട്ട് നടന്നു.

” എന്താ അലൻ ”
അവളുടെ സ്വരത്തിൽ ഈർഷ്യ കലർന്നിരുന്നു.

“എത്ര നാളായി നയോമീ ഞാനിങ്ങനെ പുറകെ നടക്കുന്നു… പ്ലീസ് എനിയെങ്കിലും ഒരു മറുപടി താ എനിക്ക് ”

“നിനക്കുള്ള മറുപടി ഞാൻ മുൻപേ തന്നതല്ലേ … ഇനിയും അതൊന്നുകൂടി പറയണോ”
പരിഹാസത്തോടെ നയോമി ചോദിച്ചു.

” ഇപ്പോഴും അതിന് മാറ്റമൊന്നും വന്നിട്ടില്ലല്ലേ”
ഗദ്ഗദത്തോടെ അവൻ ചോദിച്ചു.

”ഇല്ല.. നയോമികയുടെ ഹൃദയത്തിൽ കടന്നു കയറാനുള്ള കാപബിലിറ്റി അലനില്ല…. അതാണ് കാര്യം”

” ശരി.. ഇത് നമ്മുടെ അവസാനത്തെ കൂടികാഴ്ച്ചയാ…. ഞാൻ ദുബായിലേക്ക് പോകുവാ.. പപ്പക്ക് തീരെ വയ്യാതായിരിക്കുന്നു.. ഇനിയും ഞാൻ പഠിച്ചു നടന്നാൽ വീട്ടിലെ കാര്യങ്ങൾ നടക്കില്ല… അളിയൻ അവിടൊരു ജോലി ശരിയാക്കിയിട്ടുണ്ട് ”

അത് കേട്ടതും നയോമിയുടെ ഭാവം മാറി.

” എന്നിട്ട് ആരുമൊന്നും പറഞ്ഞില്ലല്ലോ.. ”

“ഞാനാരോടും പറഞ്ഞിട്ടില്ല.. ”

” നിന്റെ സർട്ടിഫിക്കറ്റ്സോ”

“അതൊക്കെ ഞാൻ യൂണിവേഴ്സിറ്റിയിൽ നിന്നും വാങ്ങിച്ചു ”

” പക്ഷേ അലൻ അപ്പോൾ നിന്റെ സ്റ്റഡീസ്.. ടാ കോഴ്സ് കഴിയാൻ ഇനി ആറ് മാസമല്ലേയുള്ളൂ.. ആർട്ടിക്കിൾഷിപ്പ് ട്രെയ്നിംഗ് കഴിയാനായില്ലേ…… എനി ഫൈനൽ എക്സാം കൂടിയല്ലേയുള്ളൂ…അത് കഴിഞ്ഞ് പോയ് കൂടെ നിനക്ക് ”

” അപ്പോഴേക്കും ഈ ജോലിടെ ഓഫർ ഉണ്ടാവില്ലെടാ… ”

” അലൻ സി എ, നീ കംപ്ലീറ്റ് ആക്കി കഴിഞ്ഞാൽ ഇതിലും നല്ല ജോബ് നിനക്ക് കിട്ടില്ലേ..ഞാൻ പറയുന്നത് കേൾക്ക്… ആറ് മാസത്തെ കാര്യമല്ലേയുള്ളു… ഇതിപ്പോ ഫസ്റ്റ് അറ്റംപ്റ്റിൽ തന്നെ ഇത്രേം എത്തിയില്ലേടാ… ഫൈനൽ എക്സാം എഴുതിയില്ലേൽ വീണ്ടും നിനക്ക് സിക്സ് മൻത്സിന്റെ ഡിലേ വരില്ലേ… അതോണ്ട് ഇപ്പോ നീ ഈ ജോബ് ഓഫർ വേണ്ടെന്ന് വെക്ക്… പറയാനുള്ളത് ഞാൻ പറഞ്ഞു ഇനിയൊക്കെ നിന്റിഷ്ടം”,
നയോമി തിരിഞ്ഞ് നടന്നു.

“വാടീ പോകാം”
അവൾ വന്ദനേയും കൂട്ടി നടന്ന് മറയുന്നത് വരെ അലൻ അവിടെ തന്നെ നിന്നു.

പെട്ടെന്ന് ഗുൽമോഹറിന് പിന്നിൽ ഒളിച്ച് നിന്നിരുന്ന ജോണും റിയാസും അവന്റെ അടുത്തേക്ക് വന്നു.

“എന്തായെടാ ”

” അവള് പോണ്ടെന്ന് പറഞ്ഞു ”

” കണ്ടോ നീ പോണംന്ന് പറഞ്ഞപ്പോ അവള് വേണ്ടെന്ന് പറഞ്ഞു. അപ്പോ അവളുടെ മനസിൽ നീ ഉണ്ടാകില്ലേ… ”
ജോൺചോദിച്ചു.

” ഉണ്ടാകുമോ ”

” ഉണ്ടാകും”
റിയാസ് അത് പറഞ്ഞപ്പോൾ അലന്റെ വെള്ളാരം കണ്ണുകൾ ഒന്ന് കൂടി തിളങ്ങി.

അതേ സമയം അലനോട് സംസാരിച്ച കാര്യങ്ങളൊക്കെ വന്ദന അറിഞ്ഞപ്പോൾ അവളും നയോമിയെ കളിയാക്കി.

” അപ്പോ നിനക്കവനെ ഇഷ്ടമാണല്ലേടീ”

‘”പോടീ… അവൻ പറഞ്ഞത് നുണയാണെന്ന് അവൻ പറഞ്ഞു തുടങ്ങിയപ്പോഴേ എനിക്ക് മനസ്സിലായിരുന്നു… ”

” അതെങ്ങെനെ”

”സൈക്കോളജിയല്ലേ മോളേ പഠിക്കുന്നത് ”

“പിന്നെ നീ എന്തിനാ അവനോട് പോണ്ടാന്നു പറഞ്ഞത് ”

“ചുമ്മാ.. ഒരു രസം”

അതും പറഞ്ഞ് നയോമി പൊട്ടി ചിരിച്ചു.

***********************

തെങ്ങിന് തടമെടുക്കുന്നതിനിടെ നിർമ്മയിക്ക് വന്ന കല്യാണാലോചനയെ കുറിച്ച് സംസാരിക്കുകയായിരുന്നു രാഘവൻ.

” കേട്ടിടത്തോളം നല്ല ബന്ധമാണെന്ന് തോന്നുന്നു.. തന്റെ അഭിപ്രായം എന്താടോ ”

” ഞാനെന്ത് പറയാനാ രാഘവേട്ടാ…. നിച്ചു സമ്മതിക്കണ്ടേ ”

“അതൊക്കെ സമ്മതിക്കും.. ”

” എങ്കിൽ രാഘവേട്ടൻ തന്നെ അവളോട് പറ”

“നീ പറഞ്ഞാ മതി… അവൾക്ക് നിന്റെ സ്വഭാവമാ.. എല്ലാവരേയും സ്നേഹിക്കാനും വിശ്വസിക്കാനും മാത്രം അറിയാവുന്ന പ്രകൃതം”

” അപ്പോൾ നയോമിയോ ”
നിർമ്മല ചിരിയോടെ ചോദിച്ചു.

“അവളെന്നെപ്പോലാ.. എന്റെ പഴയ ധൈര്യവും തന്റേടവുമൊക്കെ കിട്ടിയിരിക്കുന്നവൾക്കാ…”

“അത് ശരിയാ”
നിർമ്മല അയാൾ പറഞ്ഞതിന് അനുകൂലിച്ചു.

“പൊന്നും പണവുമൊന്നും വേണ്ടെന്നു പറഞ്ഞാലും അവരുടെ അന്തസ്സിന് ചേർന്ന വിധത്തിൽ നമ്മളെന്തേലും കൊടുക്കണ്ടേ ”

“എന്റെ നിമ്മീ തന്റെ പറച്ചിൽ കേട്ടാൽ തോന്നും വിവാഹം ഇങ്ങടുത്തെന്ന്… ആദ്യം അവര് വന്ന് കാണട്ടെ… പിന്നെ നമ്മുടെ മോൾക്ക് പയ്യനെ ഇഷ്ടപ്പെടണ്ടേ”

“നിങ്ങടെ മോൾക്ക് മാത്രം ഇഷ്ടപ്പെട്ടാമതിയോ.. അവളെ ഇഷ്ടപ്പെടണ്ടേ”

“അവളെ ആർക്കാടി ഇഷ്ടപ്പെടാത്തെ… ഇന്നത്തെ കാലത്ത് എന്റെ മോളെപ്പോലെ സ്വഭാവ ഗുണമുള്ളൊരു പെണ്ണിനെ കാണാൻ കിട്ടുമോടീ ”

അയാൾ അഭിമാനത്തോടെ നിർമ്മലയെ നോക്കി.

***********************
വൈകീട്ട് വീട്ടിലെത്തിയ നിർമ്മയി വലിയ സന്തോഷത്തിലായിരുന്നു.

” ഉണ്ണി വന്നോ അമ്മേ ”

” ഉവ്വല്ലോ”

“നയോമിയോ ”

” അവള് ലേറ്റാകുമെന്ന് പറഞ്ഞിരുന്നു… നിന്നോട് പറഞ്ഞിട്ടില്ലേ ”

ഉവ്വെന്ന് അവൾ തലയാട്ടി.

” ആ പിന്നെ ഒരു സന്തോഷ വാർത്ത ഉണ്ട് ട്ടോ അമ്മേ ”
അവൾ നിർമ്മലയെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.

“എന്താ മോളേ ”

” അത് സർപ്രൈസാ…നയോമിയും കൂടി വന്നാലേ പറയൂ ”

” എന്നാ ഞങ്ങളുടെ കയ്യിലും ഉണ്ടൊരു സർപ്രൈസ് ”

അവൾ അദ്ഭുതത്തോടെ രാഘവനെ നോക്കി.

“നയോമിയും കൂടി വരട്ടെ… അപ്പോഴേ ഇതും പറയൂ ”

അയാളും അവൾ പറഞ്ഞ അതേ ടോണിൽ പറഞ്ഞു.

അങ്ങനെ മനസ്സിലുള്ള സന്തോഷം പങ്കിടാൻ നയോമിയുടെ വരവും കാത്ത് അവരിരുന്നു.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

നയോമിക – ഭാഗം 1

നയോമിക – ഭാഗം 2

നയോമിക – ഭാഗം 3

നയോമിക – ഭാഗം 4

നയോമിക – ഭാഗം 5

Share this story