എഴുത്തുകാരി: കണ്ണന്റെ രാധ
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങി. ശേഷം ഒന്ന് നിന്നു അവനെ തിരിഞ്ഞു നോക്കി
” നന്ദേട്ടാ ഹാപ്പി ബർത്തഡേ
അവന്റെ മുഖത്തേക്ക് നോക്കി അവൾ അത് പറഞ്ഞപ്പോൾ അത്ഭുതപൂർവ്വം അവളെ നോക്കി അവൻ
” എന്റെ പിറന്നാൾ തനിക്ക് എങ്ങനെ അറിയാം..?
അത്ഭുതത്തോടെ അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
” അതൊക്കെ എനിക്കറിയാം.
വീണ പറഞ്ഞിരുന്നു
പെട്ടെന്ന് അബദ്ധം പറ്റിയതുപോലെ അവൾ പറഞ്ഞു അവനോട് അത്രയും നേരം സംസാരിച്ചതിന്റെ സന്തോഷത്തിൽ വിഷ് ചെയ്തതാണ്. അങ്ങനെയൊരു മറുചോദ്യം അവൻ ചോദിക്കുമെന്ന് കരുതിയില്ല.
” താങ്ക്യൂ…
അവൻ പറഞ്ഞു
അന്നവിടെ നിന്നും പിരിഞ്ഞുവെങ്കിലും നന്ദന്റെ മനസ്സിൽ എന്തൊക്കെയോ സംശയങ്ങൾക്ക് കൂടുകൂട്ടിയിരുന്നു. പക്ഷേ ഊഹങ്ങളും സംശയങ്ങളും ഒരുമിക്കുന്നില്ല. കാരണം അതിനിടയിൽ എന്തൊക്കെയോ പോരായ്മകൾ ഉണ്ട്. കീർത്തന തന്റെ കാര്യത്തിൽ ഇടപെടുന്നത് മനസ്സിലാക്കാൻ കഴിയുന്നുണ്ട്. പക്ഷേ എന്തിനാണത്. തന്റെ കാര്യം അച്ഛനോട് പറയുകയും നന്ദേട്ടനെന്ന് അവകാശത്തോടെ വിളിക്കുകയും ചെയ്യുന്നത് എന്തിന്റെ പേരിലാണ്.? വീണയോട് അത്രത്തോളം സൗഹൃദം കീർത്തനയ്ക്ക് ഉണ്ടോ.,? സുഹൃത്തിന്റെ ജേഷ്ഠൻ എന്ന നിലയിലാണോ തന്നെ കീർത്തന സഹായിക്കാൻ ശ്രമിക്കുന്നത്.? അവൾക്ക് തന്നോട് എന്തോ ഒരു പ്രത്യേക താല്പര്യം ഉള്ളതുപോലെ അവന് തോന്നി. പക്ഷേ അത് വീണയോട് പോലും ചോദിക്കാൻ അവന് മടി തോന്നി. കേൾക്കുന്നവർ തന്നെ മാത്രമേ കുറ്റം പറയു. ചിലപ്പോൾ അത് അവളുടെ സ്വഭാവമായിരിക്കാം. എല്ലാവരോടും വളരെ സോഷ്യൽ ആയിട്ട് ഇടപെടുന്ന പെൺകുട്ടികൾ ഉണ്ടല്ലോ. വീണയുടെ ചേട്ടൻ എന്ന അധികാരവും സ്നേഹവും ആയിരിക്കാം തന്നോടും കാണിക്കുന്നത്. മാത്രമല്ല വർഷങ്ങളായി അച്ഛനാ വീട്ടിൽ ജോലി ചെയ്യുന്നതാണ്. എത്രയോ തവണ അവളെ എടുത്തു കൊണ്ട് നടന്നിട്ടുണ്ട്. ആ ഒരു സ്നേഹവും കരുതലും ഒക്കെ ആയിരിക്കാം, അവൾ തന്നോടും കാണിക്കുന്നത് എന്നാണ് അവൻ വിശ്വസിച്ചത്.
വീട്ടിൽ എത്തി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ വേണുവിനോട് അവൻ കാര്യങ്ങൾ പറഞ്ഞിരുന്നു.
കീർത്തനയുടെ അച്ഛൻ നാളെത്തന്നെ സർട്ടിഫിക്കറ്റുകളുമായി എത്താൻ അറിയിച്ചു എന്ന് പറഞ്ഞപ്പോൾ വേണു ഒന്നും മിണ്ടിയില്ല.
“ഞാനീ കാര്യങ്ങൾ ഒന്നും ആ കുഞ്ഞിനോട് പറയാതിരുന്നത് നമ്മൾ ജോലി ചെയ്യുന്നിടത്ത് വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ആണ്.
താല്പര്യമില്ലാത്തത് പോലെ വേണു പറഞ്ഞു.
” നിങ്ങൾ എന്തു വർത്തമാനം ആണ് ഈ പറയുന്നത്?.
നിങ്ങളെക്കൊണ്ട് പറ്റുമായിരുന്നോ നല്ലൊരു ജോലി ഇവന് മേടിച്ചു കൊടുക്കാൻ.? അത് നിങ്ങളുടെ ഉത്തരവാദിത്വമായിരുന്നില്ലേ.?
ഭാര്യ അയാളെ കുറ്റപ്പെടുത്തി
‘ഞാൻ എന്നേ കൊണ്ട് പറ്റുന്നത് ആണ് ചെയ്തത്. അവനെ എന്നെക്കൊണ്ട് പറ്റാത്ത നിലയിൽ അത്രയും ഞാൻ പഠിപ്പിച്ചു. ഇനി ഞാൻ അവന് ജോലി കൂടി വാങ്ങിച്ചു കൊടുക്കണമെന്ന് നീ എന്ത് അർത്ഥത്തിലാ ഈ പറയുന്നത്.?
ഭാര്യയോട് അയാൾ ചോദിച്ചു
” ജോലി മേടിച്ചു കൊടുക്കണം എന്നാണോ ഞാൻ പറഞ്ഞത്. ആ വീട്ടിൽ ഒന്ന് പറയുകയാണെങ്കിൽ അവന് ഇപ്പോൾ ജോലി കിട്ടിയേനെല്ലോ. അവർക്ക് എത്രയോ പരിചയക്കാരുണ്ട്. മാത്രമല്ല അവർക്ക് തന്നെ എത്രയോ സ്ഥാപനങ്ങൾ ഉണ്ട്.
” നീ വിചാരിക്കുന്നത് പോലെയല്ല, അങ്ങനെ ചോദിക്കുന്നതൊന്നും എനിക്കിഷ്ടമുള്ള കാര്യമല്ല, പിന്നെ ഇതിപ്പോ അവനായിട്ട് ചോദിച്ചതല്ലേ. സർട്ടിഫിക്കറ്റ് കൊണ്ട് കൊടുക്കട്ടെ.
” ഞാൻ ചോദിച്ചത് ഒന്നുമല്ല.
നന്ദൻ ആ വാക്കിനെ എതിർത്തു.
” പിന്നെ നിനക്ക് ജോലി ഇല്ലെന്ന് ആ കുഞ്ഞു ഇങ്ങോട്ട് പറഞ്ഞൊ..?
വേണു ചോദിച്ചു
” അത് ആ കുട്ടിയില്ലേ കീർത്തന, ആ കുട്ടി പറഞ്ഞു, ഞാൻ ജോലിയൊന്നുമില്ലാതെ നിൽകുവാ എന്തെങ്കിലും അച്ഛനു ചെയ്യാൻ പറ്റുമോ എന്ന്. അപ്പോഴാ പുള്ളി എന്നോട് ഡീറ്റെയിൽസ് ഒക്കെ ചോദിച്ചത്. അത് കേട്ടപ്പോഴാണ് സർട്ടിഫിക്കറ്റും ആയിട്ട് എപ്പോഴാണെന്ന് വച്ചാൽ വരാൻ പറഞ്ഞത്.
” കീർത്തനകുഞ്ഞൊ
അത്ഭുതത്തോടെ വേണു ചോദിച്ചു.
“അത് ഇത്തിരി മനസാക്ഷി ഉള്ള കൂട്ടത്തിൽ ആണ്. ആ പെൺകുട്ടിയേ കല്യാണം കഴിക്കുന്നത് ആരാണെങ്കിലും അവന്റെ ഭാഗ്യവാ… മനുഷ്യരോടെ ഇടപെടാനും സംസാരിക്കാനും ഇത്രയും മര്യാദയുള്ള ഒരു കൊച്ചിനെ ഞാൻ കണ്ടിട്ടില്ല.
സുധ അവളെപ്പറ്റി പറഞ്ഞപ്പോൾ വാചാലയായി.
” ആദ്യായിട്ടാ നിന്റെ അമ്മ ഒരാളെപ്പറ്റി നല്ല കാര്യം പറയുന്നത് കേൾക്കുന്നത്..
നന്ദന്റെ മുഖത്തേക്ക് നോക്കി കുസൃതിയോടെ വേണു പറഞ്ഞപ്പോൾ അയാളെ ഒന്ന് കൂർപ്പിച്ചു നോക്കി അവൾ.
” സത്യമല്ലേ.?
” ആ പെൺകുട്ടിയേ എനിക്ക് ഭയങ്കര ഇഷ്ടമാണ്.
” ശരിയാ ശരിക്കും ഒരു പാവം കൊച്ച്. അത് എന്നോട് ഇടയ്ക്ക് ഇവിടുത്തെ കാര്യങ്ങളും എന്റെ ആരോഗ്യകാര്യങ്ങളും വരെ ചോദിക്കാറുണ്ട്. അങ്കിൾ ആശുപത്രിയിൽ പോയോ എങ്ങനെയുണ്ട്. വീട്ടിലെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ അങ്ങനെ ഒക്കെയാ ചോദിക്കുന്നത്. ആ കുട്ടി കുറെ നേരം നമ്മുടെ അടുത്തിരുന്ന വർത്തമാനം പറയും. ഞാൻ വണ്ടിയൊക്കെ കഴുകി കൊണ്ടിരിക്കുകയാണെങ്കിൽ ഓസും വെള്ളവും ഒക്കെ അടുത്ത് കൊണ്ട് തരും. എത്ര ചെയ്യണ്ടെന്ന് പറഞ്ഞാലും അത് ചെയ്യും. കണ്ടറിഞ്ഞ് പ്രവർത്തിക്കാനുള്ള കഴിവ് ആ കുട്ടിക്ക് ഉണ്ട്.
വേണു പറഞ്ഞു.. അതെ അഭിപ്രായം തന്നെയായിരുന്നു ഈ കാര്യത്തിൽ നന്ദനും പക്ഷേ അവൻ എന്തോ അത് ആരോടും പങ്കുവെച്ചില്ല. അമ്മയും അച്ഛനും അവളെപ്പറ്റി പറയുന്നത് കേൾക്കുക മാത്രമാണ് ചെയ്തത്.
” ആരെക്കുറിച്ച എല്ലാരും കൂടെ ഇത്രയും പുകഴ്ത്തി സംസാരിക്കുന്നത്.
ഇറങ്ങി വന്ന വീണ ചോദിച്ചു.
” നിന്റെ കൂട്ടുകാരിയെ കുറിച്ച് തന്നെയാണ്
സുധ പറഞ്ഞു
“എന്റെ കൂട്ടുകാരിയോ.? ആര് കീർത്തനയോ.
അവൾ സുധയോട് ചോദിച്ചു.
” അതെ ഇപ്പോൾ നന്ദു പറയായിരുന്നു ആ കൊച്ച് ഇവന്റെ ജോലിയുടെ കാര്യം അച്ഛനോട് പറഞ്ഞെന്ന്. അപ്പോൾ ഞാൻ പറയായിരുന്നു ഇത്രയും നല്ലൊരു പെൺകുട്ടിയെ ഞാൻ കണ്ടിട്ടില്ല എന്ന്.. അത്രയ്ക്ക് നല്ല സ്വഭാവമാണെന്ന്..
” അമ്മയ്ക്ക് അത്രയ്ക്ക് ഇഷ്ടപ്പെട്ടെങ്കിൽ നമുക്ക് അവളെ ഏട്ടന് വേണ്ടി ആലോചിച്ചാലോ..? പിന്നെ ഇത്രയും നല്ല സ്വഭാവമുള്ള ഒരു കൊച്ച് നമ്മുടെ വീട്ടിൽ നിൽക്കുമല്ലോ..
ഏറെ രസകരമായി തമാശയുടെ മേമ്പടിയോടെ വീണ പറഞ്ഞപ്പോൾ വേണു അവളെ കൂർപ്പിച്ച് ഒന്ന് നോക്കിയിരുന്നു. ഒപ്പം നന്ദനും. സുധ അരുതാത്തത് എന്തോ കേട്ടതുപോലെ അത്ഭുതത്തിൽ നിൽക്കുകയാണ്….തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…