കശ്മീരിൽ ഏറ്റുമുട്ടൽ: സിആർപിഎഫ് ജവാൻമാരെ ആക്രമിച്ച കൊടുംഭീകരൻ ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാസേന
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരൻ ലത്തീഫ് ഭട്ടിനെ വധിച്ചു. പ്രദേശത്തെ മുസ്ലിം പള്ളിക്കുള്ളിൽ ഒളിച്ചിരുന്ന ഇയാൾ സുരക്ഷാസേനയുടെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
സുരക്ഷാസേന വിഡിയോ കോളിലൂടെ ലത്തീഫുമായി ബന്ധപ്പെടുകയും കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ കീഴടങ്ങാൻ തയ്യാറാകാതിരുന്ന ലത്തീഫ്, ‘എനിക്ക് ദൈവത്തെ കാണണം. ഞാൻ വളരെ സന്തോഷവാനാണ്’ എന്നായിരുന്നു മറുപടി നൽകിയത്.
പള്ളിക്കുള്ളിൽ നിന്ന് ലത്തീഫ് സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർക്കുന്നുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പുലർച്ചയ്ക്കു മുൻപും മേഖലയിൽ വെടിവയ്പുണ്ടായി. കുൽഗാമിലെ നിരവധി ഗ്രാമങ്ങളിൽ സുരക്ഷാസേന തെരച്ചിൽ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. നവംബർ 11ന് അഖ്റാനിലെ സിആർപിഎഫ് ചെക്ക്പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ലത്തീഫ് ഭട്ടാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ആക്രമണത്തിൽ മൂന്ന് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിരുന്നു. ലത്തീഫിന്റെ കൂട്ടാളിയായ ഉമർ നിസാർ ദാർ തിങ്കളാഴ്ച കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.
നവംബർ 11ലെ ആക്രമണത്തിന് മുൻപ് ലത്തീഫും ഉമറും വിവിധ സ്ഥലങ്ങളിൽ നിരീക്ഷണം നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ചൊവ്വാഴ്ച പുറത്തുവിട്ടിരുന്നു. ആക്രമണത്തിന് മുൻപ് നവംബർ 10ന് മിർ ബസാർ, അഖ്റാൻ, ഹബ്ലിഷ്, കിലാം തുടങ്ങിയ സ്ഥലങ്ങളിൽ ഇരുവരും നിരീക്ഷണം നടത്തിയതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സുരക്ഷാസേനയെ ലക്ഷ്യമിട്ട് ആക്രമണം നടത്താനുള്ള സ്ഥലങ്ങൾ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. കഴിഞ്ഞ അഞ്ച് മുതൽ ആറ് മാസമായി ലത്തീഫ് ഭട്ടിന് താമസസൗകര്യവും മറ്റ് സഹായങ്ങളും നൽകിയിരുന്നത് ഉമർ നിസാർ ദാറായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
ജൂലൈ 22ന് അനന്ത്നാഗിൽ പൊലീസിന് നേരെയുണ്ടായ ഭീകരാക്രമണത്തിലും ലത്തീഫിന് പങ്കുണ്ടെന്നാണ് പൊലീസിന്റെ സംശയം. അന്നത്തെ ആക്രമണത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടിരുന്നു. ഓഗസ്റ്റ് ഒന്നിന് കുൽഗാമിൽ രണ്ട് അതിഥിത്തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിലും ഇയാളാണെന്നാണ് കരുതുന്നത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ യാത്രചെയ്യവെ അപകടം; ചരക്ക് ലോറിക്കടിയിൽപ്പെട്ട് ഏഴ് വയസുകാരൻ മരിച്ചു

ബഹ്റൈൻ സൂഖ് വാഖിഫിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; താമസക്കാരെ ഒഴിപ്പിച്ചു

വടകര എംഡിഎംഎ കേസ്; മുഖ്യപ്രതി ഉൾപ്പെടെ മൂന്ന് പേർ കൂടി അറസ്റ്റിൽ

മഞ്ചേരിയിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 35 പേർക്ക് മഞ്ഞപ്പിത്തം; 17 ജീവനക്കാർക്കും രോഗബാധ: ഹോട്ടൽ അടച്ചുപൂട്ടി

‘എനിക്ക് അല്ലാഹുവിനെ കാണണം’; സുരക്ഷാസേനയുടെ വലയിലായ ലഷ്കർ ഭീകരൻ കീഴടങ്ങാൻ വിസമ്മതിക്കുന്ന വീഡിയോ കോൾ ദൃശ്യങ്ങൾ പുറത്ത്
