ബെംഗാസിയിൽ റഷ്യൻ കപ്പലുകൾക്ക് നേരെ യുക്രൈൻ ആക്രമണം: കടുത്ത പ്രതിഷേധവുമായി ലിബിയൻ സർക്കാർ
റഷ്യൻ കപ്പലുകൾക്ക് നേരെ ലിബിയയിലെ ബെംഗാസിയിൽ യുക്രൈൻ നടത്തിയ ആക്രമണത്തെ അപലപിച്ച് ലിബിയയിലെ ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള സർക്കാർ രംഗത്ത്. രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുന്ന നടപടിയാണിതെന്ന നിലപാടിലാണ് ലിബിയൻ സർക്കാർ.
വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ, ലിബിയയുടെ ഭൂപ്രദേശത്തോ സമുദ്രാതിർത്തിയിലോ വിദേശ രാജ്യങ്ങൾ സൈനിക നടപടി നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പേരിൽ ലിബിയയെ സംഘർഷഭൂമിയാക്കരുതെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.
നവംബർ 22 ഞായറാഴ്ചയാണ് ബെംഗാസി തുറമുഖത്ത് നങ്കൂരമിട്ടിരുന്ന റഷ്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ മെർക്കുറിക്ക് (Merkury) നേരെ ആക്രമണമുണ്ടായത്. കപ്പൽ തകർന്ന് മുങ്ങിയതായി യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അവകാശപ്പെട്ടു. റഷ്യൻ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന് യുക്രൈൻ ആരോപിക്കുന്ന എംവി അംഗാര (MV Angara) എന്ന ചരക്കുകപ്പലിനെയും ലക്ഷ്യമിട്ടതായി അദ്ദേഹം അറിയിച്ചു.
യുക്രൈൻ സുരക്ഷാ ഏജൻസിയായ എസ്‌ബിയു (SBU) ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഏഴ് നാവിക ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് യുക്രൈന്റെ അവകാശവാദം.
അതേസമയം, ലിബിയയിലെ കിഴക്കൻ ഭരണകൂടവും സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ ലിബിയൻ പിന്തുണാ ദൗത്യവും (UNSMIL) സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.
ലിബിയയിൽ നിലവിലുള്ള രാഷ്ട്രീയ വിഭജനത്തിനിടെയാണ് പുതിയ സംഭവവികാസങ്ങൾ. റഷ്യ-യുക്രൈൻ യുദ്ധം മെഡിറ്ററേനിയൻ മേഖലയിലേക്കും വ്യാപിക്കുമോ എന്ന ആശങ്കയും ഇതോടെ ശക്തമായിരിക്കുകയാണ്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിൽ സിനഗോഗിന് സമീപം തീയിട്ട സംഭവം; എബിൻ ബി. പോളിനെ നാല് ദിവസത്തെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു

രാജി തീരുമാനം റദ്ദാക്കി എൻവിഡിയ ബോർഡ്; 11 ദിവസങ്ങൾക്ക് ശേഷം ജെൻസൻ ഹുവാങ് സി.ഇ.ഒ സ്ഥാനത്തേക്ക് തിരിച്ചെത്തി

ബ്രൗസർ ടാബ് അടച്ചാൽ മാത്രം പോരാ, വാട്‌സ്ആപ്പ് വെബ് കൃത്യമായി ലോഗ്ഔട്ട് ചെയ്യണം: സൈബർ തട്ടിപ്പിന് ഇരയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്തിന്റെ പേര് മാറ്റം: പ്രമേയം ഡിസംബറിൽ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി

പത്മജയുടെ കോൺഗ്രസ് പുനഃപ്രവേശനം; അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേത്: ഏകപക്ഷീയമായി ആർക്കും തീരുമാനിക്കാനാകില്ലെന്ന് ഷാഫി പറമ്പിൽ
