തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ വീണ്ടും പരാതി നൽകി കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്. സൈബർ ആക്രമണത്തിന് പിന്നിൽ 80 വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളുണ്ടെന്നാണ് പരാതിയിലെ ആരോപണം.
ആക്രമണത്തിന് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് ദീപ്തി ആവശ്യപ്പെട്ടിരിക്കുന്നത്. കെ.സി. വേണുഗോപാലിനെ ലക്ഷ്യമിടുന്ന അക്കൗണ്ടുകൾ തമ്മിലുള്ള ബന്ധവും പ്രചാരണത്തിന്റെ ഉറവിടവും അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
80 അക്കൗണ്ടുകളുടെ വിവരങ്ങളും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്. വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ മെറ്റയോട് ആവശ്യപ്പെടണമെന്നും ദീപ്തി മേരി വർഗീസ് പരാതിയിൽ ചൂണ്ടിക്കാട്ടി. നേരത്തെ നൽകിയ പരാതിയിൽ നടപടിയുണ്ടാകാത്തതിലും അവർ അതൃപ്തി പ്രകടിപ്പിച്ചു.