തമിഴ് സിനിമയിൽ ശ്രദ്ധേയമായ ’96’, ‘മെയ്യഴകൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം പുതിയ ത്രില്ലറുമായി സംവിധായകൻ സി. പ്രേം കുമാർ എത്തുന്നു. മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലാണ് ചിത്രത്തിൽ നായകനാകുന്നത്. ‘അസരീരി’ (Asareeri) എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ചിത്രം 2027 ജനുവരി ഒന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ടൈറ്റിൽ ടീസറിനൊപ്പമാണ് റിലീസ് തീയതിയും പുറത്തുവിട്ടത്.
ശിവദയാണ് ചിത്രത്തിലെ നായിക. ചേതൻ, ഹരീഷ് ഉത്തമൻ, കരുണാകരൻ, ശരൺ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. മഹേന്ദ്രൻ ജയരാജു ഛായാഗ്രഹണവും ആർ. ഗോവിന്ദരാജ് എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു.
’96’, ‘മെയ്യഴകൻ’ തുടങ്ങിയ വൈകാരികമായ കഥകൾക്ക് ശേഷം പ്രേം കുമാർ ത്രില്ലർ വിഭാഗത്തിലേക്ക് കടക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. ഫഹദ് ഫാസിലും പ്രേം കുമാറും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും സിനിമാപ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷയാണ് ‘അസരീരി’ ഉയർത്തുന്നത്.