ചികിത്സയിലായിരുന്ന 2 പേർ കൂടി മരിച്ചു; മേഘാലയയിലെ ഖനി സ്‌ഫോടനത്തിൽ മരണസംഖ്യ 30 ആയി
Feb 10, 2026, 15:51 IST
മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലെ കൽക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തിൽ മരണസംഖ്യ 30 ആയി ഉയർന്നു. സിൽാചറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ട് അസം സ്വദേശികൾ കൂടി മരിച്ചു. അസം കച്ചാർ ജില്ലയിൽ നിന്നുള്ള രാമചന്ദ്ര വൈഷ്ണവ്, നിമാറുദ്ദീൻ എന്നിവരാണ് മരിച്ചത്
ഫെബ്രുവരി 5നുണ്ടായ അപകടത്തിന് പിന്നാലെ ഗുരുതരമായി പരുക്കേറ്റ ഒമ്പത് തൊഴിലാളികളെയാണ് സിൽചാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നത്. വിദൂര പ്രദേശമായ താങ്‌സ്‌കുവിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന കൽക്കരി ഖനിയിലാണ് സ്‌ഫോടനം നടന്നത്.
സംഭവത്തിൽ മേഘാലയ സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അപകടത്തിൽ മരിച്ച അസം സ്വദേശികളുടെ കുടുംബങ്ങൾക്ക് സർക്കാർ 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്