അഹമ്മദാബാദ് വിമാനാപകടം: ഇറ്റാലിയൻ മാധ്യമത്തിന്റെ റിപ്പോർട്ട് തള്ളി എഎഐബി
അഹമ്മദാബാദ് വിമാന അപകടത്തിന് കാരണം പൈലറ്റുമാരാണെന്ന ഇറ്റാലിയൻ മാധ്യമത്തിൻറെ റിപ്പോർട്ടിനെ തള്ളി എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) രംഗത്ത്. ഇറ്റാലിയൻ മാധ്യമത്തിന്റെ റിപ്പോർട്ട് തെറ്റും ഊഹാപോഹവുമാണെന്ന് ഏജൻസി പറഞ്ഞു. മാധ്യമങ്ങൾ സംയമനം പാലിക്കണമെന്നും ഊഹാപോഹങ്ങൾ ഒഴിവാക്കണമെന്നും വ്യോമയാന അന്വേഷണ ഏജൻസി ആവശ്യപ്പെട്ടു.
സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ അനാവശ്യമായ ആശങ്കക്ക് കാരണമാകുമെന്നും അന്വേഷണത്തെ ദുർബലപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകി. അഹമ്മദാബാദ് വിമാനദുരന്തത്തിൽ തെറ്റുപറ്റിയത് പൈലറ്റിനാണെന്ന് ഇറ്റാലിയൻ പത്രം 'കൊറിയേരെ ഡെല്ല സാറ' റിപ്പോർട്ട് ചെയ്യതതിന് പിന്നാലെയാണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കീഴിലുള്ള എഎഐബിയുടെ പ്രതികരണം. ഇന്ധന സ്വിച്ച് പൈലറ്റ് മനപൂർവം ഓഫ് ചെയ്തതെന്നാണ് ഇറ്റാലിയൻ പത്രത്തിൽ പറയുന്നത്.
എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തുന്ന അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായെന്നാണ് ആരോപണം. നേരത്തെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നപ്പോഴും പിഴവ് പൈലറ്റിന്റേതെന്ന് എന്ന സൂചനയുണ്ടായിരുന്നു എന്നും ഇറ്റാലിയൻ പത്രത്തിൽ പറഞ്ഞിരുന്നു.