{"vars":{"id": "89527:4990"}}

കേരളത്തിൽ ഹൈ സ്പീഡ് റെയിൽ വരുമെന്ന് റെയിൽവേ മന്ത്രി; എപ്പോൾ എന്നതിൽ മറുപടിയില്ല
 

 

കേന്ദ്ര ബജറ്റിൽ കേരളം അവഗണന നേരിട്ടുവെന്ന വിമർശനങ്ങളോട് പ്രതികരിച്ച് കേന്ദ്ര റെയിൽവ മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേ വിഹിതത്തിൽ കേരളത്തിന് വൻ വർധനവാണ് ബജറ്റിൽ പ്രഖ്യാപിച്ചതെന്ന് അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടി. 2795 കോടി രൂപയാണ് ഇത്തവണ കേരളത്തിന് അനുവദിച്ചത്. 

യുപിഎ സർക്കാരിന്റെ കാലത്തേക്കാൾ പത്തിരട്ടി തുകയാണ് ഇതെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയുമായി ഇ ശ്രീധരൻ മുന്നോട്ടു പോകുന്നതിലും റെയിൽവേ മന്ത്രി പ്രതികരിച്ചു. ശ്രീധരന്റെ എല്ലാ പ്രവർത്തനങ്ങൾക്കും കേന്ദ്ര സർക്കാരിന്റെ പിന്തുണയുണ്ടെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു

കേരളത്തിന്റെ റെയിൽവേ വികസനത്തെ കുറിച്ച് അദ്ദേഹവുമായി ചർച്ച നടത്തിയിരുന്നു. കേരളത്തിൽ ഹൈ സ്പീഡ് റെയിൽവേ വരുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ മന്ത്രി തയ്യാറായില്ല. അതിവേഗ പാത എപ്പോൾ വരുമെന്ന് പറയാനും അശ്വിനി വൈഷ്ണവ് തയ്യാറായില്ല.