{"vars":{"id": "89527:4990"}}

ജനറൽ നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം എങ്ങനെ രാഹുലിന്റെ പക്കൽ; അന്വേഷണം ആരംഭിച്ച് പോലീസ്
 

 

കരസേന മുൻ മേധാവി ജനറൽ എംഎം നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം പ്രചരിപ്പിച്ചതിൽ ഗൂഢാലോചന ആരോപിച്ച് ഡൽഹി പോലീസ്. കഴിഞ്ഞ ദിവസം പിഡിഎഫ് പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് സ്‌പെഷ്യൽ സെൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ പരിഗണനയിലുള്ള പുസ്തകത്തിന്റെ പിഡിഎഫ് വിവിധ വെബ്‌സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു

ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി എന്ന പുസ്തകത്തിന്റെ പ്രീ പ്രിന്റ് കോപ്പിയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. പ്രാഥമിക പരിശോധനയിൽ ഇതേ തലക്കെട്ടുള്ള ടൈപ്പ് സെറ്റ് പുസ്തകത്തിന്റെ പിഡിഎഫ് പകർപ്പ് വെബ്‌സൈറ്റുകളിൽ ലഭ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 

പുസ്തകം വിൽപ്പനക്ക് ലഭ്യമാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ കവർ ചിത്രം പ്രദർശിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പുസ്തകം ലോക്‌സഭയിൽ പരാമർശിച്ചിരുന്നു. പ്രസിദ്ധീകരിക്കാത്ത പുസ്തകം പരാമർശിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് കേന്ദ്രമന്ത്രിമാർ വാദിച്ചപ്പോൾ രാഹുൽ ഗാന്ധി സഭയിൽ പ്രിന്റ് ചെയ്ത പതിപ്പുമായി എത്തി. പ്രതിരോധ മന്ത്രാലയത്തിന്റെ ക്ലിയറൻസ് കിട്ടാത്ത പുസ്തകത്തിന്റെ പകർപ്പ് എങ്ങനെ പുറത്തുവന്നുവെന്നതിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്‌