{"vars":{"id": "89527:4990"}}

അത്തരം ചോദ്യങ്ങൾ വേണ്ട: പിഎം കെയേഴ്‌സ് ഫണ്ടിനെ കുറിച്ച് ലോക്‌സഭയിൽ ചോദ്യം പാടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്
 

 

പിഎം കെയേഴ്‌സ് ഫണ്ട്, പിഎം ദേശീയദുരിതാശ്വാസ ഫണ്ട്, ദേശിയ പ്രതിരോധ ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ലോക്‌സഭയിൽ അനുവദിക്കേണ്ടതില്ലെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റിന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദേശം. ഈ ഫണ്ടുകളിലെ പണം സർക്കാരുമായി ബന്ധപ്പെട്ടതല്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നത്. 

ഈ ഫണ്ടുകൾ സമാഹരിക്കുന്നത് പൊതുജനങ്ങളിൽ നിന്നായതിനാൽ സർക്കാരിന്റെ നേരിട്ടുള്ള ഉത്തരവാദിത്തമല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ചൂണ്ടിക്കാട്ടുന്നു. സർക്കാരിന്റെ പരിഗണനയിൽ ഇല്ലാത്തതോ സർക്കാരിന് പ്രാഥമികമായി ഉത്തരവാദിത്തമില്ലാത്ത സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിക്കരുതെന്നാണ് നിർദേശം

ഈ ഫണ്ടുകൾ സർക്കാരിന്റെ കൺസോളിഡേറ്റഡ് ഫണ്ട് അല്ല. ഈ മൂന്ന് ഫണ്ടുകളെ കുറിച്ചുള്ള ചോദ്യങ്ങളോ സീറോ അവർ നോട്ടീസുകളോ വന്നാൽ അനുവദിക്കണോ എന്ന് തീരുമാനിക്കാൻ മുകളിൽ പറഞ്ഞ നിബന്ധനകൾ കർശനമായി പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു.