ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, തലക്കെട്ടുകൾ സൃഷ്ടിക്കാനുള്ള ശ്രമം മാത്രം: കേന്ദ്രത്തിനെതിരെ ശശി തരൂർ
ലോക്‌സഭയിലെ ബജറ്റ് ചർച്ചയിൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി ശശി തരൂർ എംപി. ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രമാണെന്നും ഒന്നും നടപ്പാക്കുന്നില്ലെന്നും തരൂർ വിമർശിച്ചു. കാർഷിക മേഖലയെ ബജറ്റിൽ അവഗണിച്ചെന്നും തൊഴിലില്ലായ്മ പരിഗണിക്കുന്നില്ലെന്നും തരൂർ കുറ്റപ്പെടുത്തി.
പ്രധാന പദ്ധതികൾക്ക് പോലും കുറവ് വകയിരുത്തലാണ് ബജറ്റിൽ ഉണ്ടായതെന്ന് തരൂർ വിമർശിച്ചു. കേരളത്തോട് കടുത്ത അവഗണനയാണ് കാണിക്കുന്നത്. കേരളത്തിന് ഇത്തവണയും എയിംസ് പരിഗണിക്കാതിരുന്നത് എന്തുകൊണ്ടെന്നും തരൂർ ചോദ്യമുന്നയിച്ചു
പുതിയ തൊഴിലുറപ്പ് പദ്ധതിയെയും തരൂർ വിമർശിച്ചു. സാധാരണക്കാരന്റെ അഭിലാഷങ്ങൾ പൂർത്തിയാക്കുന്നതല്ല ബജറ്റ്. തലക്കെട്ടുകൾ സൃഷ്ടിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്. കർഷകർക്ക് ബജറ്റിൽ കാര്യമായ ഒരു പ്രഖ്യാപനങ്ങളുമില്ല. നഗരമേഖലകളിൽ തൊഴിലില്ലായ്മ വളരുന്നു. ഇത് യുവാക്കളുടെ സ്വപ്‌നങ്ങൾ തകർക്കുന്നുവെന്നും തരൂർ പറഞ്ഞു