കരസേന മുൻ മേധാവി ജനറൽ നരവനയുടെ പുസ്തകത്തെ ചൊല്ലി ലോക്‌സഭയിൽ പ്രതിപക്ഷ-ഭരണപക്ഷ ബഹളം
ലോക്‌സഭയിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനിടെ ഭരണ -പ്രതിപക്ഷ ബഹളം. കരസേന മുൻ മേധാവി എം എം നരവനയുടെ പരാമർശം രാഹുൽ ഗാന്ധി വായിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. ഇന്ത്യൻ ഭൂമി ചൈനയ്ക്ക് വിട്ടു കൊടുത്തു എന്നതടക്കം ഓർമകുറിപ്പിൽ കേന്ദ്രത്തിനെതിരെ നിരവധി പരാമർശങ്ങൾ ഉണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു
ഓർമക്കുറിപ്പ് പ്രസിദ്ധീകരിക്കാൻ കേന്ദ്രം അനുവദിച്ചില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. പുറത്തുവരാത്ത ഓർമക്കുറിപ്പിലെ ഭാഗങ്ങൾ വായിക്കാൻ അനുവദിക്കരുതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ആഭ്യന്തര മന്ത്രി അമിത് ഷായും ആവശ്യപ്പെട്ടു. പത്രകട്ടിംഗിൽ ചർച്ച അനുവദിക്കുന്ന പതിവില്ലെന്ന് സ്പീക്കർ നിലപാട് എടുത്തു. രാഹുലിനെ പിന്തുണച്ച കെ സി വേണുഗോപിനോട് രാഹുലിന്റെ അഭിഭാഷകനാകേണ്ടെന്നും സ്പീക്കർ പറഞ്ഞു
ജനറൽ നരവനയുടെ പുസ്തകം പ്രകാശനം ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കാനാണ് പ്രതിരോധ മന്ത്രി ആവശ്യപ്പെട്ടതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പുസ്തകം പ്രസിദ്ധീകരിക്കാൻ അനുവദിക്കുന്നില്ല എന്ന് രാഹുൽ ആരോപിച്ചു. നിലവിലില്ലാത്ത പുസ്തകത്തെ കുറിച്ചാണ് രാഹുൽ സംസാരിക്കുന്നത്. പുസ്തകത്തിന്റെ പ്രകാശനം ആരെങ്കിലും തടഞ്ഞിരുന്നെങ്കിൽ ജനറൽ നരവനക്ക് കോടതിയിൽ പോകാമായിരുന്നു എന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു