ദിദ്വിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മലേഷ്യയിൽ; ഹൃദയസ്പർശിയായ സ്വീകരണമെന്ന് മോദി
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിലെത്തി. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തും. മോദിയുടെ മൂന്നാമത്തെ മലേഷ്യൻ സന്ദർശനമാണിത്. 2024 ഓഗസ്റ്റിൽ ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ബന്ധം സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തിയതിന് ശേഷമുള്ള ആദ്യത്തെ സന്ദർശനം കൂടിയാണ്.
ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സംഭാഷണങ്ങൾക്കായി കാത്തിരിക്കുന്നു എന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. മലേഷ്യയിൽ ലഭിച്ച സ്വീകരണം ഹൃദയസ്പർശം ആയിരുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം വിമാനത്താവളത്തിലെത്തി നരേന്ദ്ര മോദിയെ സ്വീകരിച്ചു. നിരവധി പ്രവാസി ഇന്ത്യക്കാരും സ്വീകരണത്തിന് എത്തിയിരുന്നു. തന്റെ സുഹൃത്ത് അൻവർ ഇബ്രാഹിമിന്റെ ക്ഷണപ്രകാരമാണ് സന്ദർശനമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.