ഉമാ തോമസിന്റെ തലയ്ക്കും ശ്വാസകോശത്തിനും ഗുരുതര പരിക്കെന്ന് ഡോക്ടർമാർ

കൊച്ചി: പതിനെട്ട് അടി ഉയരമുള്ള സ്റ്റേജിൽ നിന്ന് കാൽവഴുതി വീണ തൃക്കാക്കര എംഎൽഎ ഉമാ തോമസിൻറ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഏറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് എംഎൽഎയെ പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രാഥമിക പരിശോധനകൾക്ക് ശേഷം എംഎൽഎയെ വെൻറിലേറ്ററിലേക്ക് മാറ്റി.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

സിടി സ്കാൻ, എംആർഐ സ്കാൻ അടക്കം പരിശോധനകൾക്ക് ശേഷമാണ് വെൻ്റിലേറ്ററിലേക്ക് മാറ്റിയത്. വാരിയെല്ല് പൊട്ടി ശ്വാസകോശത്തിൽ മുറിവേറ്റിട്ടുണ്ടെന്ന് എംഎൽഎയെ ചികിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞു. തലച്ചോറിലും മുറിവുണ്ടായിട്ടുണ്ട്. നട്ടെല്ലിനും പരിക്കേറ്റിട്ടുണ്ട്. എന്നാൽ അടിയന്തരമായി ശസ്തക്രിയ വേണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. ബോധം, പ്രതികരണം, ഓർമ്മയെ ഒക്കെ ബാധിക്കാവുന്ന മുറിവുകളാണ് ഉണ്ടായിരിക്കുന്നതെന്നും പെട്ടെന്ന് ഭേദമാകുന്ന പരുക്കുകളല്ല ഉണ്ടായിരിക്കുന്നതെന്നും ഡോക്ടർമാർ പറഞ്ഞു.

കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ പ്രത്യേകം ക്രമീകരിച്ച സ്റ്റേജിൽ നിന്ന് വീണാണ് എംഎൽഎക്ക് പരിക്കേറ്റത്.കലൂർ സ്റ്റേഡിയത്തിൽ 12000 ഭരതനാട്യ നർത്തകർ പങ്കെടുക്കുന്ന മൃദംഗനാദം നൃത്തസന്ധ്യയായിരുന്നു പരിപാടി. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയാണിത്.ദിവ്യ ഉണ്ണി ഉൾപ്പടെയുള്ളവർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്‌. നൃത്ത പരിപാടിക്ക് ആശംസ നേരാൻ എത്തിയതാണ് എംഎൽഎ. വിഐപികൾക്കായി പ്രത്യേകം ക്രമീകരിച്ച സ്റ്റേജിലേക്ക് കയറുന്നതിനിടെ 18 അടിയോളം താഴ്ചയിലേക്ക് എംഎൽഎ വീണുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

കാല്‍ വഴുതി വീണതാന്നാണ് കരുതുന്നത്. തലയിടിച്ചാണ് വീണത്. ബാരിക്കേഡ് സ്ഥാപിച്ച പൈപ്പ് വീണ് തലയില്‍ പരുക്കേറ്റിട്ടുണ്ട്. വിശദ പരിശോധയ്ക്ക്ശേഷമേ പരുക്ക് എത്രത്തോളം ഗുരുതരമാണെന്ന് പറയാനാകൂ എന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്. മന്ത്രി സജി ചെറിയാൻ, ഹൈബി ഈഡൻ എംപി ഉൾപ്പടെയുള്ളവർ വേദിയിൽ ഉണ്ടായിരുന്നു.

പരിപാടി തുടങ്ങാറായപ്പോഴാണ് എംഎൽഎ എത്തിയത്. മന്ത്രിയെ കണ്ട ശേഷം തന്റെ ഇരിപ്പിടത്തിലേക്ക് നീങ്ങിയിരിക്കാനായി പോകുമ്പോൾ, ഗാലറിയിൽ താത്കാലികമായി കെട്ടിയ ബാരിക്കേഡിൽ നിന്ന് മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. സന്നദ്ധ പ്രവർത്തകർ ഉടൻ തന്നെ സ്റ്റേഡിയത്തിന് പുറത്തുണ്ടായിരുന്ന ആംബുലൻസിൽ കയറ്റി എംഎൽഎയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, അപകടം നടന്നിട്ടും നൃത്തപരിപാടി തുടർന്നു.

Exit mobile version