കോഴഞ്ചേരി പാലം: ക്രെഡിറ്റിനായി പോര് മുറുകുന്നു; അവകാശവാദങ്ങളുമായി വീണാ ജോർജും അബിൻ വർക്കിയും രംഗത്ത്
പത്തനംതിട്ട: ദീർഘകാലത്തെ കാത്തിരിപ്പിനു ശേഷം നിർമാണം പൂർത്തിയായി ഉദ്ഘാടനത്തിനൊരുങ്ങുകയാണ് പത്തനംതിട്ടയിലെ കോഴഞ്ചേരി പാലം. നിലവിലുള്ള പാലത്തിനു സമാന്തരമായി മാരാമൺ കൺവൻഷൻ വേദിക്കടുത്ത് കൂടി നിർമിച്ചിരിക്കുന്ന പാലം ഞായറാഴ്ചയാണ് നാടിന് സമർപ്പിക്കുന്നത്. പാലം നിർമിച്ചതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുന്നതിനുള്ള ശ്രമത്തിലാണ് യുഡിഎഫും എൽഡിഎഫും. മുൻ മന്ത്രി വീണ ജോർജും ഇപ്പോഴത്തെ ആറന്മുള എംഎൽഎ അബിൻ വർക്കിയും തമ്മിൽ ഇക്കാര്യത്തിൽ രൂക്ഷമായ വാക്കുതർക്കം തുടരുകയാണ്.
2011 -16 കാലഘട്ടത്തിൽ യുഡിഎഫ് സർക്കാരാണ് പാലത്തിനു വേണ്ടിയുള്ള ഫണ്ട് അനുവദിച്ചതെന്നാണ് അബിൻ വർക്കി വാദിക്കുന്നത്. എന്നാൽ, എൽഡിഎഫ് സർക്കാരാണ് പാലം നിർമിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം നൽകി നിർമാണം പൂർത്തിയാക്കിയതെന്ന് സ്ഥലം എംഎൽഎ ആയിരുന്ന വീണ ജോർജ് വാദിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദമായ ഫെയ്സ്ബുക്ക് കുറിപ്പും വീണ ജോർജ് പങ്കു വച്ചിട്ടുണ്ട്.
പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഇപ്പോഴത്തെ എംഎൽഎ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുകയും ചെയ്യുന്നു എന്ന് പലരും ശ്രദ്ധയിൽപ്പെടുത്തിയതുകൊണ്ട് കൂടി, സർക്കാർ ഉത്തരവുകളും തീയതികളും കുറിക്കുകയാണ് എന്ന വിശദീകരണത്തോടെയാണ് വീണ എഴുതിയിരിക്കുന്നത്:
ആറന്മുള എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വർഷം, 2016-ൽ ഒന്നാം എൽഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ അന്നത്തെ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് പ്രഖ്യാപിച്ചതാണ് കോഴഞ്ചേരിയിലെ പുതിയ പാലം. കിഫ്ബി വഴിയാണ് ഇതിനായി പണം അനുവദിച്ചത്.
പാലം അനുവദിച്ചതും പണം അനുവദിച്ചതും യുഡിഎഫ് ആണെന്ന കള്ളം മുതൽ, 2024 ജനുവരിയിൽ പൂർത്തിയായ സ്ഥലമേറ്റെടുപ്പ് ഇപ്പോൾ നടത്തിയതാണെന്ന നുണ വരെ പാലത്തെക്കുറിച്ച് കള്ളങ്ങൾ മാത്രം പറയുന്ന എംഎൽഎയ്ക്ക്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും വീണ ജോർജ് കുറിച്ചിട്ടുണ്ട്.
എന്നാൽ 2012-13 ബഡ്ജറ്റിൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും കെ.എം. മാണി ധനകാര്യ മന്ത്രിയുമായിരുന്നപ്പോൾ അന്ന് ഈ പ്രദേശം ഉൾപ്പെട്ടിരുന്ന പത്തനംതിട മണ്ഡലത്തിലെ എംഎൽഎ ആയിരുന്ന ശിവദാസൻ നായരുടെ പ്രത്യേക ആവശ്യപ്രകാരം ആണ് ആദ്യമായി പാലത്തിനു 2 കോടി രൂപ ഫണ്ട് അനുവദിക്കുന്നതെന്നും അബിൻ മറുപടിയായി കുറിക്കുന്നു.
2016 മുതൽ 2026 വരെ ആറന്മുള എംഎൽഎ ആയിരുന്ന വീണയെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അബിൻ വർക്കി പരാജയപ്പെടുത്തിയിരുന്നു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പുനർജനി പദ്ധതിയിൽ വീണ്ടും അന്വേഷണം വേണം; വിജിലൻസ് ക്ലോഷർ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

20 മണിക്കൂർ പിന്നിട്ട ആഗോള തടസ്സം: ഇമെയിൽ ടൈംഔട്ട് 48 മണിക്കൂറായി നീട്ടിയതിന് പിന്നാലെ സേവനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുന്നതായി മൈക്രോസോഫ്റ്റ്

യുഎഇ ദേശീയ ദിനം: സ്വകാര്യ മേഖലയ്ക്ക് രണ്ട് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു

നിങ്ങൾ ആരെങ്കിലും സഭയിലുണ്ടായിരുന്നെങ്കിൽ പിണറായി വിജയനെ എഴുന്നേറ്റ് അടിച്ചേനെ; വിവാദ പരാമർശവുമായി പൂഞ്ഞാർ എംഎല്എ സെബാസ്റ്റ്യന് എം ജെ

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്
