കാസർഗോഡ് കേന്ദ്ര സർവകലാശാലയിലെ പ്രതിഷേധം; വിദ്യാർഥികൾക്കെതിരേ കേസെടുത്തു

കാസർകോഡ് സമരം

കാസർഗോഡ്: പെരിയയിൽ സ്ഥിതിചെയ്യുന്ന കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ വന്ദേ മാതരത്തിന്‍റെ 150ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി നടത്തിയ സെമിനാറിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കെതിരേ പൊലീസ് കേസെടുത്തു. സെമിനാറിൽ ആർഎസ്എസ് നേതാവ് ജെ. നന്ദകുമാർ പങ്കെടുത്തതിനെതിരെയാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്.

25ഓളം വിദ്യാർഥികൾക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സംഘർഷമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ വിദ്യാർഥികൾ നിയമവിരുദ്ധമായി തടിച്ചുകൂടിയെന്ന് എഫ്ഐആറിൽ പറയുന്നു. സെമിനാർ തടസപ്പെടുത്താൻ ലക്ഷ്യമിട്ട് മുദ്രാവാക്യങ്ങൾ മുഴക്കി. പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ട് നിർദ്ദേശം നൽകിയിട്ടും അവർ കൂട്ടാക്കിയില്ലെന്നും എഫ്ഐആറിൽ പറയുന്നു. സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

പ്രതിഷേധത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു. സെമിനാറിന്‍റെ സമാപനത്തിൽ ഗവർണർ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. ഒക്റ്റോബർ 6, 7 തീയതികളിലാണ് ദേശീയ സെമിനാർ സംഘടിപ്പിച്ചത്. എസ്എഫ്ഐ, എഐഎസ്എഫ്, കെഎസ്‌യു, എംഎസ്എഫ് തുടങ്ങിയ വിദ്യാർഥി സംഘടനകളാണ് പ്രതിഷേധിച്ചത്. മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടും നിരവധി വിദ്യാർഥികൾക്ക് സെമിനാറിൽ പ്രവേശനം അനുവദിച്ചില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചിരുന്നു.

Tags

Share this story