തൊണ്ടിമുതലായ ഏഴ് ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

മോഷണം

കൽപ്പറ്റ: വയനാട്ടിലെ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടി മുതൽ മോഷണ കേസിൽ എസ്ഐമാർ‌ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി. ഉദ‍്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റി.

തൊണ്ടിമുതലായ ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ മോഷ്ഠിച്ചത് കണ്ടെത്തിയതിനു പിന്നാലെ ഇതേ സ്റ്റേഷനിലെ ടി. സബിത്ത് എന്ന ഉദ‍്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിരുന്നു. നിലവിൽ ഒളിവിൽ കഴിയുന്ന ഇയാൾക്കായി സംസ്ഥാനത്തിന് പുറത്തും അന്വേഷണം നടക്കുന്നുണ്ട്.

ഡിവൈഎസ്പി കെ.കെ. അബ്ദുൾ ഷെരീഫിന്‍റെ നേതൃത്വത്തിലുള്ള നാലു പ്രത‍്യേക സംഘങ്ങളാണ് അന്വേഷണം നടത്തുന്നത്. ഇതുകൂടാതെ സൈബർ വിഭാഗവും കേസ് അന്വേഷിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ജൂണിൽ ദൊട്ടപ്പൻകുളത്ത് നിന്നും ഏഴ് ചാക്ക് നിരോധിത ഹാൻസ് ബത്തേരി പൊലീസ് പിടികൂടിയിരുന്നു. പിന്നീട് കോടതിയിൽ ഹാജരാക്കിയ ശേഷം സൂക്ഷിക്കുന്നതിനു വേണ്ടിയാണ് ബത്തേരി പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിലുള്ള സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്നത്.

എന്നാൽ ജൂലൈ 18ന് അർധരാത്രി സ്റ്റേഷനിൽ സ്വന്തം കാറിലെത്തി സബിത്ത് ആളില്ലാത്ത സമയം നോക്കി താക്കോലെടുത്ത് സ്റ്റോർ റൂം തുറന്ന് തൊണ്ടി മുതൽ കടത്തുകയായിരുന്നു. ഇതേ ദിവസം സബിത്തിനായിരുന്നു ജിഡി ചാർജ്. സിസിടിവി ദൃശ‍്യങ്ങളിലൂടെയാണ് അന്വേഷണ സംഘം സബിത്തിലേക്കെത്തിയത്.

സംഭവത്തിനു പിന്നാലെ സബിത്തിന്‍റെ വീട്ടിലെത്തി അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും തൊണ്ടിമുത കണ്ടെത്താനായില്ല. ഇയാളെ ചോദ‍്യം ചെയ്താൽ മാത്രമെ തൊണ്ടി മുതൽ മോഷ്ഠിച്ചത് കരിഞ്ചന്തയിൽ വിൽക്കാനാണോ അതോ പ്രതിയെ സംരക്ഷിക്കാനാണോയെന്നത് അടക്കമുള്ള കാര‍്യങ്ങൾ അറിയാൻ സാധിക്കുകയുള്ളുയെന്നാണ് പൊലീസ് പറയുന്നത്.

Tags

Share this story