പ്രസംഗത്തിനിടെ പവർ കട്ട്, തമാശയാക്കി സണ്ണി ജോസഫ്
കൊച്ചി: വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെ ഇരുട്ടിലാക്കി പവർക്കട്ട്. മന്ത്രി വേദിയിൽ പ്രസംഗിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കറണ്ടുപോയത്. കൊച്ചിയിൽ കെഎസ്ഇബി ഓഫിസേഴ്സ് ഫെഡറേഷന്‍റെ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം.
കറണ്ടുപോയതോടെ മന്ത്രി ഇരുട്ടിലാവുകയായിരുന്നു. ഇതിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വൈദ്യുതി തടസം കാരണം പ്രസംഗം പാതിവഴിയിൽ നിർത്തേണ്ടിവന്നെങ്കിലും ആ സാഹചര്യത്തെ മന്ത്രി തമാശയാക്കുകയായിരുന്നു. എന്‍റെ പ്രസംഗം എപ്പോൾ അവസാനിപ്പിക്കണമെന്ന് ഇവിടുത്തെ കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് അറിയാം എന്നാണ് സണ്ണി ജോസഫ് ഇരുട്ടിൽ നിന്നുകൊണ്ട് പറഞ്ഞത്.
വൈദ്യുത ആവശ്യകതയിൽ വൻ വർധനവ് ഉണ്ടായതിനെ തുടർന്ന് ഒന്നിലേറെ സമയങ്ങളിൽ വൈദ്യുതി നയന്ത്രണം ഏർപ്പെടുത്താൻ വൈദ്യുത ബോർഡ് നിർബന്ധിതരായിരിക്കുകയാണെന്ന് വൈദ്യുതി മന്ത്രി പറഞ്ഞു. പുതിയ കെട്ടിടങ്ങളുടെ നിർമാണവും എസി, ഫാൻ എന്നിവയുടെ അമിത ഉപയോഗവും രാത്രികാലങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമായി ചാർജ് ചെയ്യുന്നതും പീക്ക് അവറിലെ വൈദ്യുതി ഉപയോഗം ഗണ്യമായി ഉയർത്തിയിട്ടുണ്ട്. വൈദ്യുതി ഉപയോഗം വർധിക്കുകയും ഉൽപ്പാദനം കുറയുകയും ചെയ്തതിന് പുറമേ കൽക്കരി ക്ഷാമവും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. പെട്ടെന്ന് വിപണിയിൽനിന്ന് വൈദ്യുതി വാങ്ങുന്ന ഡേ ഹെഡ് മാർക്കറ്റിലോ റിയൽ ടൈം മാർക്കറ്റിലോ ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലെന്നും മന്ത്രി പറഞ്ഞു.
