ആശമാരുടെ ഒരാവശ്യം സർക്കാർ അംഗീകരിച്ചു; വിരമിക്കൽ പ്രായം 62 ആക്കിയത് മരവിപ്പിച്ചു
Apr 19, 2025, 14:40 IST
ആശ വർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി സർക്കാർ മരവിപ്പിച്ച് ഉത്തരവിറക്കി. 2022 മാർച്ച് 2ലെ ഉത്തരവ് മരവിപ്പിച്ചാണ് പുതിയ ഉത്തരവ് ഇറക്കിയത്. 62 വയസിൽ പിരിഞ്ഞുപോകണമെന്ന മാർഗരേഖക്ക് എതിരെ ആശ പ്രവർത്തകർ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. മന്ത്രിയുമായുള്ള ചർച്ചക്ക് പിന്നാലെ മാർഗരേഖ പിൻവലിക്കുമെന്ന് ആരോഗ്യമന്ത്രി വാക്കാൽ ഉറപ്പ് നൽകിയിരുന്നു. എന്നാൽ വിരമിക്കൽ ആനുകൂല്യം അഞ്ച് ലക്ഷം രൂപ നൽകണമെന്നതും ഓണറേറിയം വർധിപ്പിക്കണം എന്നതടക്കമുള്ള ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല വിവിധ ആവശ്യങ്ങളുന്നയിച്ച് ആശ വർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം 69ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് സർക്കാർ തീരുമാനം. സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് ആശമാരുടെ തീരുമാനം.
