തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ്; ആര്യാ രാജേന്ദ്രൻ മത്സരിച്ചേക്കില്ല: ദീപക്കും സമ്പത്തും പരിഗണനയിൽ

TVM

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മേയര്‍ സ്ഥാനത്തേയ്ക്ക് ഇത്തവണ ആര്യാ രാജേന്ദ്രന്‍ മത്സരിച്ചേക്കില്ല. മേയര്‍ സ്ഥാനത്തേയ്ക്ക് സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും ശിശുക്ഷേമ സമിതിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ എസ് പി ദീപക്കിനെ പരിഗണിക്കുന്നതായാണ് വിവരം. എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും നേതൃനിരയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് എസ് പി ദീപക്. ഇതിന് പുറമേ ആളുകളുമായി പുലര്‍ത്തുന്ന അടുത്ത ബന്ധവും മുന്നണി പരിഗണിക്കുന്നുണ്ട്.

മുന്‍ എം പി എ സമ്പത്തിനെയും മേയര്‍ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതായാണ് വിവരം. മുതിര്‍ന്ന നേതാവെന്ന പരിഗണനയും ദീര്‍ഘനാളായി എംപി സ്ഥാനത്ത് പ്രവര്‍ത്തിച്ചിട്ടുള്ള പരിചയവുമാണ് സമ്പത്തിലേക്ക് മുന്നണിയെ എത്തിച്ചത്. സമ്പത്തിനെ ഏത് വാര്‍ഡിലേയ്ക്ക് പരിഗണിക്കണം എന്നടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവരികയാണെന്നും വിവരമുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുടവന്‍മുകള്‍ വാര്‍ഡില്‍ നിന്നായിരുന്നു ആര്യാ രാജേന്ദ്രന്‍ മത്സരിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ശ്രീകലയെ 2872 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു ആര്യാ രാജേന്ദ്രന്‍ തെരഞ്ഞെടുക്കപ്പെട്ടത്. 21-ാം വയസിലായിരുന്നു ആര്യ, മേയര്‍ പദവിയിലേക്ക് എത്തിയത്. ഇതോടെ രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ആര്യ മാറിയിരുന്നു. മേയറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ആര്യയ്‌ക്കെതിരെ പല വിമര്‍ശനങ്ങളും വിവാദങ്ങളും ഉയര്‍ന്നിരുന്നു. മേയര്‍ സ്ഥാനത്തുള്ള പ്രവര്‍ത്തനങ്ങളില്‍ അന്താരാഷ്ട്രതലത്തില്‍ അടക്കം ലഭിച്ച അവാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു സിപിഐഎം വിമര്‍ശനങ്ങളെ നേരിട്ടത്.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ എങ്ങനെയും പിടിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. കെ എസ് ശബരീനാഥന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍, ഡിസിസി ജനറല്‍ സെക്രട്ടറി എം എസ് അനില്‍കുമാര്‍ എന്നിവര്‍ അടക്കം യുവ മുഖങ്ങളെ രംഗത്തിറക്കി കളം പിടിക്കാനാണ് നീക്കം. മുതിര്‍ന്ന നേതാവ് കെ മുരളീധരനാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുമതല നല്‍കിയിരിക്കുന്നത്. കഴിഞ്ഞദിവസം ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

ശബരീനാഥന്‍ കവടിയാര്‍ ഡിവിഷനില്‍ നിന്നാകും മത്സരിക്കുക. സ്വന്തം വീടുള്ള ശാസ്തമംഗലം വാര്‍ഡ് വനിതാ സംവരണമായതിനാലാണ് തൊട്ടടുത്ത വാര്‍ഡായ കവടിയാറില്‍ മത്സരിക്കുന്നത്. വീണ എസ് നായരെ വഴുതക്കാട് ഡിവിഷനില്‍ മത്സരിപ്പിക്കാനാണ് തീരുമാനം. എം എസ് അനില്‍ കുമാറിനെ കഴക്കൂട്ടത്തും രംഗത്തിറക്കും. 36 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഡിസിസി നേതൃത്വം തയ്യാറാക്കി കഴിഞ്ഞു. പരമാവധി യുവാക്കള്‍ക്ക് സീറ്റ് നല്‍കിയാവും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക. ശബരീനാഥന്‍, വീണ എസ് നായര്‍ ഉള്‍പ്പെടെയുള്ളവരെ മത്സരിപ്പിക്കുക വഴി യുവാക്കളെ ആകര്‍ഷിക്കാനാകുമെന്ന കണക്കുകൂട്ടലില്‍ കൂടിയാണ് നേതൃത്വം. അതേസമയം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി ലക്ഷ്യമിട്ടാണ് ബിജെപി കളത്തില്‍ ഇറങ്ങുക. നിലവിലെ കൗണ്‍സിലര്‍മാര്‍ എല്ലാവരും മത്സരിക്കുമെന്നാണ് വിവരം. വി വി രാജേഷാണ് മത്സരരംഗത്തുള്ള പ്രധാനമുഖം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആകും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുക.

Tags

Share this story