യമൻ പൗരൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിൽ സഹായിക്കാമെന്ന് ഇറാൻ. മാനുഷിക പരിഗണന എന്ന നിലയിൽ ഈ വിഷയത്തിൽ ഇടപെടാമെന്നും സഹായിക്കാമെന്നും ഇറാൻ്റെ മുതിർന്ന വിദേശകാര്യ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇറാൻ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തിനിടെയാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് ദിവസം മുൻപാണ് നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് യമൻ പ്രസിഡൻ്റ് റാഷദ് അല്‍ അലിമി അനുമതി നൽകിയത്.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
ഒരു മാസത്തിനകം തന്നെ നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാനായിരുന്നു പ്രസിഡൻ്റ് അനുമതി നൽകിയത്. 2017ൽ യമൻ പൗരനെ കൊലപ്പെടുത്തിയ നിമിഷപ്രിയ 2018 മുതൽ ഇവിടെ ജയിലിലാണ്. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയായ നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ പലതവണ നടത്തിയിരുന്നു എങ്കിലും ഇത് വിജയം കണ്ടില്ല. കൊല്ലപ്പെട്ട യമൻ പൗരൻ്റെ കുടുംബവുമായി നിമിഷപ്രിയയുടെ കുടുംബം പലതവണ ആശയവിനിമയം നടത്തിയിരുന്നു. കുറച്ചുനാൾ മുൻപ് മലയാളി യുവതിയുടെ അമ്മയും മോചന ചർച്ചകൾക്കായി യമനിലെത്തി. എന്നാൽ, ഇതൊന്നും വിജയം കണ്ടില്ല. ചർച്ചകൾക്ക് യമൻ പൗരൻ്റെ കുടുംബം തയ്യാറായില്ല. ഇതിന് പിന്നാലെയാണ് വധശിക്ഷ നടപ്പാക്കാൻ പ്രസിഡൻ്റ് അനുമതി നൽകിയത്.
തലാൽ അബ്ദുൽ മഹ്ദി എന്ന യമൻ സ്വദേശിയെ കൊലപ്പെടുത്തിയെന്നതാണ് നിമിഷപ്രിയക്കെതിരെ രേഖപ്പെടുത്തിയിരിക്കുന്ന കേസ്. 2012ലാണ് നിമിഷ യമനിൽ നഴ്സായി ജോലിയ്ക്ക് പോകുന്നത്. തൊടുപുഴ സ്വദേശിയായ ഭർത്താവ് ടോമിയുമൊത്തായിരുന്നു യാത്ര. ടോമി സ്വകാര്യ സ്ഥാപനത്തിലും നിമിഷ ഒരു ക്ലിനിക്കിലും ജോലി ആരംഭിച്ചു. ക്ലിനിക്കിൽ ജോലിചെയ്യുന്നതിനിടെയാണ് നിമിഷപ്രിയ തലാൽ അബ്ദുൽ മഹ്ദിയെ പരിചയപ്പെടുന്നത്. ഈ പരിചയം വളർന്ന്, പരസ്പര പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാമെന്ന് ഇരുവരും തീരുമാനിച്ചു. ക്ലിനിക്ക് തുടങ്ങാൻ യമൻ പൗരൻ്റെ ഉത്തരവാദിത്തമുണ്ടാവണമെന്ന നിബന്ധന ഇവിടെയുണ്ട്. അതിനാലാണ് തലാലുമായി നിമിഷ പങ്കാളിത്തമുണ്ടാക്കിയത്.
ക്ലിനിക്ക് തുടങ്ങാനായി നിമിഷയും ഭർത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം തലാലിന് കൈമാറി. വീണ്ടും പണം ആവശ്യമായി വന്നപ്പോൾ ഭർത്താവിനും മകൾ മിഷേലിനുമൊപ്പം നിമിഷ നാട്ടിലേക്ക് വന്നു. ആദ്യം നിമിഷ മാത്രമേ മടങ്ങിപ്പോയുള്ളൂ. കുറച്ചുനാൾ കഴിഞ്ഞ് തിരികെപോകാനായിരുന്നു ടോമിയുടെ പദ്ധതി. എന്നാൽ, യമനും സൗദിയുമായി ആ സമയത്ത് ആരംഭിച്ച യുദ്ധം ടോമിയുടെ യാത്രാ പ്ലാനുകൾ തകിടം മറിച്ചു.
ഇതിനിടെ യമനിലെത്തിയ നിമിഷപ്രിയയ്ക്ക് പ്രശ്നങ്ങളാരംഭിച്ചു. ടോമി ഒപ്പമില്ലാത്തതിനാൽ തലാൽ നിമിഷയെ ഭാര്യയാക്കി. വ്യാജ വിവാഹസർട്ടിഫിക്കറ്റുണ്ടാക്കുകയും ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തുകയും ചെയ്തു. ക്ലിനിക്കിൽ നിന്ന് ലഭിച്ച വരുമാനവും ആഭരണങ്ങളും പാസ്പോർട്ടുമൊക്കെ തലാൽ തട്ടിയെടുത്തു. ഇതോടെ നിമിഷ അധികൃതർക്ക് പരാതിനൽകി. ഇതോടെ നിമിഷപ്രിയയെ തലാൽ മർദ്ദിച്ചു. തൻ്റെ ജീവൻ അപകടത്തിലാവുമെന്ന് മനസിലാക്കിയ നിമിഷപ്രിയ അമിത ഡോസിൽ മയക്കുമരുന്ന് കുത്തിവച്ച് രക്ഷപ്പെടുകയായിരുന്നു. രാജ്യം വിടാനുള്ള ശ്രമത്തിനിടെ അതിർത്തിയിൽ വച്ച് നിമിഷപ്രിയ പിടിയിലായി. നിമിഷ മയക്കുമരുന്ന് കുത്തിവച്ചു എന്ന് അവകാശപ്പെട്ട തലാലിൻ്റെ മൃതദേഹം അവർ താമസിച്ചിരുന്ന വീടിന് മുകളിലെ ജലസംഭരണിയിൽ വെട്ടിനുറുക്കിയ നിലയിലായിരുന്നു. ഇതോടെ കൊലക്കുറ്റത്തിന് നിമിഷ അറസ്റ്റിലാവുകയായിരുന്നു.