ദേവനന്ദ: ഭാഗം 11

ദേവനന്ദ: ഭാഗം 11

എഴുത്തുകാരി: ടീന കൊട്ടാരക്കര


അന്ന് സാവിത്രിയും കുടുംബവും രാത്രി കൈപമംഗലത്തു തന്നെ തങ്ങി. അത്താഴത്തിന്റെ ഇടയ്ക്കു തറവാടിന്റെ ഭാഗം വെപ്പ് വിഷയം ശേഖരൻ എടുത്തിട്ടു.
സ്വത്ത്‌ മക്കൾക്ക്‌ വീതം വെച്ചിട്ടും തറവാട് ആർക്കും കൊടുക്കാത്തതിന് എല്ലാവർക്കും ഒരു മുറുമുറുപ്പ് ഉണ്ടായിരുന്നു. ദേവകി അമ്മയോട് കാര്യം അവതരിപ്പിച്ചതിന് ശേഷം എല്ലാവരും മറുപടിക്കായി കാത്തിരുന്നു.
കുറച്ചു നേരമായും മറുപടി ഇല്ലാത്തതിനാൽ ശേഖരൻ രാഘവനെ കണ്ണു കൊണ്ട് ആംഗ്യം കാണിച്ചു.

“അമ്മ ഒന്നും പറഞ്ഞില്ല ”

“ആർക്കാ ഇപ്പോ തറവാട് ഭാഗം വെക്കാൻ ഇത്ര ധൃതി ” ദേവകി എല്ലാവരോടുമായി ചോദിച്ചു.

“അങ്ങനെ ധൃതി ഒന്നുമില്ല അമ്മേ, എന്തായാലും സ്വത്ത്‌ മക്കൾക്കെല്ലാം തുല്യമായി ഭാഗം വെക്കണമല്ലോ, എല്ലാവർക്കും തുല്യമായി കൊടുത്തിട്ടും ഉണ്ട്. എന്നാലും അതിൽ ഉൾപ്പെടാത്ത കാര്യങ്ങളിൽ ഒന്നാണ് തറവാട് ” ശേഖരനാണ് ഉത്തരം പറഞ്ഞത്

“സാധാരണ ഇളയ ആൾക്കാണ് തറവാട് കൊടുക്കുക. എന്നാൽ ഇവിടെ എല്ലാവർക്കും സ്വന്തമായി വേറെ വീടുണ്ട് താനും.. ആ സ്ഥിതിക്ക് തറവാട് ഒരാൾക്കായി കൊടുക്കാതെ ഭാഗം വെക്കുന്നതല്ലേ നല്ലത് ” സാവിത്രിയും പിന്താങ്ങി.

“എങ്ങനെ ഭാഗം വെക്കണമെന്നാ നിങ്ങളെല്ലാം പറയുന്നേ, ഓരോരുത്തർക്കുമായി തറവാടിന്റെ ഓരോ വിഹിതം മുറിച്ചു തരണോ? ” ദേവകിയമ്മ ക്ഷുഭിതയായി.

“തറവാട് വിറ്റിട്ടു ആ തുക മക്കൾ എല്ലാരും പങ്കിട്ടാൽ മതിയല്ലോ അമ്മേ ” ശേഖരൻ പറഞ്ഞു. ദേവകിയമ്മ ശേഖരനെ തറപ്പിച്ചു ഒരു നോട്ടം നോക്കി. സാവിത്രിയും അച്യുതനും രാഘവനും അമ്മയുടെ മുഖത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു.

“നിന്റെയൊക്കെ മക്കൾ ഇവിടെ നിൽക്കുന്നു.. ഇല്ലെങ്കിൽ കരണം പുകച്ചു തന്നേനെ എല്ലാത്തിനും ഞാൻ ” ദേവകിയമ്മ നാലു പേരോടുമായി പറഞ്ഞു.
” തറവാട് വിൽക്കുകയോ.. അത്രക്ക് അധംപതിച്ചോ നീയൊക്കെ.. നിങ്ങൾക്കൊക്കെ എന്തിന്റെ കുറവാ, സമ്പത് ഇല്ലേ, സ്വന്തമായി വീടില്ലേ, ആസ്തി ഇല്ലേ.. ഇത്രയും ഉണ്ടായിട്ടും തറവാട് വിറ്റു അതിന്റെ പങ്കു പറ്റാൻ നിൽക്കുന്നോ? ” ദേവകിയമ്മ നിന്ന് വിറച്ചു
മക്കൾ നാലു പേരും തല താഴ്ത്തി നിന്നു.
ദേഷ്യത്തോടെ അവർ തുടർന്നു.
“തറവാട് വിൽക്കാൻ വന്നിരിക്കുന്നു.. ശെരിയാ തറവാട് വീട് ഞാൻ മക്കൾ ആർക്കും തന്നില്ല. ഇനി തരാൻ ഉദ്ദേശിക്കുന്നുമില്ല. നിങ്ങളുടെ അച്ഛനും ഞാനും താമസിച്ച വീടാ ഇത്.. അന്ന് ഇത്രയ്‌ക്കൊന്നും ഇല്ല. ആകെ 2 മുറി, പൂമുഖം, അടുക്കള, ഒരു ചായ്പ്പ്. കയ്പമംഗലം എന്ന പേര് മാത്രേ ഉള്ളു.. അവിടുന്ന് അച്ഛന്റെ മരണശേഷം ഈ വീട് പുതുക്കി പണിത് ഇത്രയും ആക്കിയത് എന്റെ മാധവന്റെ അധ്വാനം ആണ്.. അതൊന്നും മറക്കല്ലേ മക്കളേ.. അത് നാല് കാശിനു വേണ്ടി വിൽക്കാൻ ഞാൻ സമ്മതിക്കില്ല.. ഈ വിഷയം ഇനി ഇവിടെ സംസാരിക്കരുത് ”
ദേവകിയമ്മ ദേഷ്യത്തോടെ അകത്തേക്ക് പോയി.

“കുഴപ്പമില്ല, നമുക്ക് മറ്റൊരു ദിവസം പറഞ്ഞ് നോക്കാം.. ” രാഘവൻ എല്ലാരോടുമായി പറഞ്ഞു.

“അമ്മ ദേഷ്യത്തിലാ.. ഇല്ലെങ്കിൽ അതിരയുടെയും ദേവന്റെയും കല്യാണക്കാര്യം കൂടി പറയാമായിരുന്നു “സാവിത്രി അവരെ നോക്കി.

“അമ്മേ.. ”

അതുവരെ മിണ്ടാതെ നിന്ന ദേവൻ ഇടപെട്ടു.

“അമ്മയോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ ഈ കാര്യം. ”

“നീ ഒന്നു അടങ്ങ്.. എനിക്ക് ഈ ആലോചനയിൽ താല്പര്യം ഉണ്ട് “സാവിത്രി മുഖം വീർപ്പിച്ചു

“മോനെ.. ഇതങ്ങു നടത്താൻ എല്ലാവരും താല്പര്യപ്പെട്ട സ്ഥിതിക്.. മാത്രവുമല്ല അതിരയ്ക്കും മോനെ ഇഷ്ടമാണല്ലോ ” ശേഖരൻ അഭിപ്രായപ്പെട്ടു.

“ശേഖരമ്മാമയോട് ഞാൻ അന്ന് തന്നെ പറഞ്ഞതല്ലേ, ഇത് ഇവിടെ നിർത്തിക്കോളാൻ. ഇത് നടക്കില്ല. നടത്താൻ ആരും നോക്കണ്ട. ” ദേവൻ ദേഷ്യത്തിൽ പുറത്തേക്ക് ഇറങ്ങി പോയി.

ആതിര ഇതെല്ലാം കേട്ടുകൊണ്ട് അവിടെ നില്പുണ്ടായിരുന്നു. സാവിത്രി അവളുടെ അരികിലേക്ക് ചെന്ന് തോളിൽ പിടിച്ചു.
ആ ചർച്ച അവിടെ അവസാനിച്ചു.

*********************

പിറ്റേന്നു ക്ലാസിൽ ചെന്നിട്ടു നന്ദ തലേന്നത്തെ വിശേഷങ്ങൾ മീരയോടും കല്യാണിയോടും പങ്കിട്ടു. വളരെയധികം സന്തോഷത്തോടെ ആയിരുന്നു അവൾ ഓരോ കാര്യവും അവരോടായി പറഞ്ഞത്. അടുത്ത സമയത്തൊന്നും അവൾ ഇത്രയധികം സന്തോഷവതിയായി അവർ കണ്ടിട്ട് ഉണ്ടായിരുന്നില്ല. പിന്നീടുള്ള ദിവസങ്ങൾ സന്തോഷത്തോടെ കടന്നു പോയി. ദേവനെ കണ്ടപ്പോൾ തറവാട്ടിൽ നടന്ന ചർച്ചകളൊക്കെ പറഞ്ഞറിഞ്ഞു. ശേഖരനും സാവിത്രിയും പിടി മുറുക്കുകയാണല്ലോ എന്നവൾ ചിന്തിച്ചു.

സെമസ്റ്റർ എക്സാം തുടങ്ങിയതില്പിന്നെ നന്ദയുടെ ദേവനുമായുള്ള കൂടിക്കാഴ്ച കുറഞ്ഞു വന്നു. എക്സാം കഴിഞ്ഞ അവസാന ദിവസം വളരെ ആശ്വാസത്തോടെ ആണ് നന്ദ വീട്ടിലേക്ക് തിരിച്ചത്. ഒരു മാസത്തിലേറെയായി ഉറക്കം കളഞ്ഞു പഠിത്തം ആയിരുന്നു.

“എന്തായാലും അതങ്ങു കഴിഞ്ഞു കിട്ടി ” question paper കാറ്റിൽ പറത്തി വീട്ടിലേക്കു നടക്കുന്നതിനിടയിൽ കല്യാണി പറഞ്ഞു.

“അതേ… ഇന്ന് വീട്ടിലെത്തി നന്നായി ഒന്ന് ഉറങ്ങണം.പഠിത്തം മാത്രമായി ആകെ ക്ഷീണിച്ചു പോയി ” നന്ദ ചിരിച്ചു

“ആ വിഷ്ണു സാറിന്റെ സബ്ജെക്ട് നല്ല പോലെ എഴുതാൻ പറ്റി.. അത്രയും വെല്യ കാര്യം ” കല്യാണി സ്വയം ആശ്വസിച്ചു.

ഓരോന്ന് മിണ്ടിയും പറഞ്ഞും നടക്കുന്നതിനിടയിൽ ആൾകാർ വയലിന്റെ അരികത്തൂടെ വേഗത്തിൽ നടക്കുന്നത് കണ്ടു. എന്താ സംഭവം എന്നറിയാതെ നന്ദയും കല്യാണിയും മുഖത്തോട് മുഖം നോക്കി. അവർ ശ്രെദ്ധിച്ചപ്പോൾ ആള്കാരെല്ലാം നന്ദയുടെ വീടിനു അടുത്തേക്കാണ് പോയത്. അവൾക്ക് ഉൾഭയം തോന്നി. നന്ദയുടെ കാലുകൾക്ക് വേഗം ഏറി. വരമ്പത്തൂടെ തന്റെ വീട് ലക്ഷ്യമാക്കി അവൾ പാഞ്ഞു.. പിന്നാലെ കല്യാണിയും… തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ദേവനന്ദ: ഭാഗം 1

ദേവനന്ദ: ഭാഗം 2

ദേവനന്ദ: ഭാഗം 3

ദേവനന്ദ: ഭാഗം 4

ദേവനന്ദ: ഭാഗം 5

ദേവനന്ദ: ഭാഗം 6

ദേവനന്ദ: ഭാഗം 7

ദേവനന്ദ: ഭാഗം 8

ദേവനന്ദ: ഭാഗം 9

ദേവനന്ദ: ഭാഗം 10

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story