ഇനിയൊരു ജന്മംകൂടി – PART 7

ഇനിയൊരു ജന്മംകൂടി – PART 7

നോവൽ

******

ഇനിയൊരു ജന്മംകൂടി – PART 7

എഴുത്തുകാരി: ശിവ എസ് നായർ

സുധീഷിന്റെ ആ പ്രതികാരം എന്തെന്നറിയാനായി ആവണി കാതോർത്തു.

അവളെ ഒന്ന് നോക്കിയിട്ട് സുധീഷ്‌ തന്റെ ഫോൺ എടുത്തു.

മുരുകൻ കാട്ടാക്കടയുടെ “നീ അടുത്തുണ്ടായിരുന്ന കാലം ” എന്ന കവിത അവൻ പ്ലേ ചെയ്തു.

“നീ അടുത്തുണ്ടായിരുന്ന കാലം….
ഞാൻ എന്നിൽ ഉണ്ടായിരുന്ന പോലെ

നീ അടുത്തില്ലാതിരുന്ന കാലം ഞാൻ എന്നിൽ ഇല്ലാതിരുന്ന പോലെ…

സ്വപ്നത്തിൽ നീ പുഞ്ചിരിച്ച കാലം എന്റെ ദുഃഖങ്ങളെല്ലാം അകന്ന പോലെ.”

സുധീഷിനൊപ്പം ആവണിയും ആ കവിതയിൽ ലയിച്ചിരുന്നു പോയി.

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു. അതേ സമയം സുധീഷിന്റെ കണ്ണുകളും നിറഞ്ഞൊഴുകിയിരുന്നു.

കവിതയിലെ ഓരോ വരികളും അവളുടെ ഹൃദയത്തെ വല്ലാതെ പിടിച്ചുലച്ചു. അഖിലേഷുമൊത്തുള്ള വർണ്ണപകിട്ടേറിയ പഴയ ഓർമകളിലേക്ക് അവളുടെ മനസ്സ് സഞ്ചരിച്ചു.

സുധീഷിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. മറക്കാൻ ആഗ്രഹിച്ച പല കാര്യങ്ങളും അവന്റെ മനസിലേക്ക് കടന്നു വന്നു.

കഴിഞ്ഞു പോയ ഓരോ കാര്യങ്ങളും തിരശ്ശീലയിലെന്ന പോലെ സുധീഷിന്റെ മനസിലൂടെ കടന്നു പോയി.

കവിത തീർന്നിട്ടും നിമിഷങ്ങളോളം മുറിയിൽ നിശബ്ദത തളം കെട്ടി നിന്നു.

ഇരുവരും കുറച്ചു നേരത്തേക്ക് ഒന്നും സംസാരിച്ചില്ല.

ഒടുവിൽ സുധീഷ്‌ തന്നെ അവർക്കിടയിലെ മൗനത്തിനു വിരാമമിട്ടു കൊണ്ട് സംസാരിച്ചു തുടങ്ങി.

“നിനക്കറിയണ്ടേ ആവണി ആ കഥ… ഞാൻ പറയട്ടെ…. ”

“ഉം പറഞ്ഞോളൂ…. ” അവൾ പറഞ്ഞു.

“ആര്യ…

ഞാൻ പോലും അറിയാതെ അപ്രതീക്ഷിതമായി എന്റെ ജീവിതത്തിലേക്ക് അവൾ കടന്നു വന്നു.

നാലു വർഷം മുൻപാണ് ആര്യയെ ഞാൻ പരിചയപ്പെടുന്നത്.

കമ്പനിയിലെ എന്റെ പേർസണൽ അസിസ്റ്റന്റ് ആയിരുന്നു ആര്യ. ഇന്റർവ്യൂ സമയത്താണ് ആദ്യമായി ഞാനവളെ കാണുന്നത്.

അപ്പോഴൊന്നും എനിക്കവളോട് പ്രത്യേകിച്ചൊന്നും തോന്നിയിരുന്നില്ല.

എന്നാൽ പതിയെ പതിയെ ഞാൻ അവളെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. കമ്പനി ആവശ്യങ്ങൾക്കായി പലപ്പോഴും ഒന്ന് രണ്ടു ദിവസത്തെ ദീർഘ ദൂര യാത്രകൾ അനിവാര്യമായിരുന്നു.

ആ യാത്രകളിൽ മിക്കവാറും അവളും എന്റെയൊപ്പമുണ്ടാകാറുണ്ട് ….ആ ബിസിനസ്‌ യാത്രകൾ ഞങ്ങളെ തമ്മിൽ കൂടുതൽ അടുപ്പിച്ചു.

ഒരു ദിവസം രണ്ടും കല്പ്പിച്ചു ഞാനെന്റെ ഇഷ്ടം തുറന്നു പറഞ്ഞു.
അവളും എപ്പോഴോ എന്നെ സ്നേഹിച്ചു തുടങ്ങിയിരുന്നു.

പിന്നെയങ്ങോട്ട് ഞങ്ങളുടെ സന്തോഷം നിറഞ്ഞ ദിവസങ്ങളായിരുന്നു.
അതുപോലെ ഒരു യാത്രയിലായിരുന്നു മനസ്സു കൊണ്ടും ശരീരം കൊണ്ടും ഞങ്ങൾ ഒന്നായി മാറിയത്…

പിന്നീടാണ് ഓരോരോ പ്രശ്നങ്ങൾ ഞങ്ങൾക്കിടയിൽ ഉണ്ടാവാൻ തുടങ്ങിയത്. അതുവരെ ഇല്ലാതിരുന്ന ഒരു അധികാര ഭാവം ആ സംഭവത്തിനു ശേഷം ഞാൻ കാണിക്കാൻ തുടങ്ങി.

അവൾ മറ്റാരോടെങ്കിലും മിണ്ടുന്നതോ ഒന്നും എനിക്കിഷ്ടമില്ലായിരുന്നു. ചെറിയ ചെറിയ കാര്യങ്ങൾക്ക് പോലും ഞാനവളോട് ദേഷ്യപ്പെടാൻ തുടങ്ങി.

ഒരിക്കലും എന്നിൽ നിന്നും ആര്യ അകന്നു പോകാതിരിക്കാനാണ് അവളെ ഞാൻ എന്റെ സ്വന്തമാക്കിയത്.

എന്നിലെ സ്വാർത്ഥ ചിന്ത ഉയർന്നു… എന്റെ അച്ഛനും അമ്മയും ഒരിക്കൽ പോലും സ്നേഹത്തോടെ കഴിയുന്നത് ഞാൻ കണ്ടിട്ടില്ല. അച്ഛൻ എപ്പോഴും അമ്മയെ പേടിച്ചു ഒന്നും മിണ്ടാതെ നിൽക്കാറേയുണ്ടായിരുന്നുള്ളു.

വീട്ടിലെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് അമ്മയാണ്. എപ്പോഴും അച്ഛനെക്കാൾ ഒരു പടി മുന്നിലായിരുന്നു അമ്മ. ചെറുപ്പം മുതൽ ഞാനെന്ത് ആവശ്യപ്പെട്ടാലും അമ്മ സാധിച്ചു തരുകയും അച്ഛന്റെ പല തീരുമാനങ്ങളെയും ധിക്കരിച്ചു കൊണ്ട് എന്റെ പല കാര്യങ്ങളും ചെയ്യുന്നത് അമ്മയായിരുന്നു.

എന്നെ വാശിക്കാരനും ദേഷ്യക്കാരനുമാക്കിയത് അമ്മ തന്നെയാണ്. എന്റെ കണ്ണിൽ അന്ന് തൊട്ട് ഇന്നുവരെ അമ്മ തന്നെയായിരുന്നു ശരി. സ്വന്തമായി ഒരു നിലപാടില്ലാതെ അമ്മയെ അനുസരിച്ചു ഒന്നും മിണ്ടാതെ കഴിയുന്ന അച്ഛൻ എനിക്ക് കടുത്ത വെല്ലുവിളിയായിരുന്നു.

നാളെ ഒരിക്കൽ ഞാൻ വിവാഹം കഴിച്ചു കൊണ്ട് വരുന്ന പെൺകുട്ടി അമ്മയെ പോലെ എന്നെ ഭരിക്കുകയോ ധിക്കരിക്കുകയോ ചെയ്യുന്നത് സ്വപ്നത്തിൽ പോലും എനിക്ക് ചിന്തിക്കാൻ കഴിയില്ലായിരുന്നു….

അച്ഛനെ പോലെ നാളെ ഞാനും ഭാര്യയുടെ അടിമയായി ജീവിക്കേണ്ടി വരുമോ എന്ന് ഞാൻ ചിന്തിച്ചു.

അതെനിക്ക് ഒരിക്കലും ഉൾകൊള്ളാൻ കഴിയാത്ത കാര്യമായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ അവളിൽ എന്റെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ തുടങ്ങി.

അവളുടെ ഇഷ്ടങ്ങളെ പാടെ അവഗണിച്ചു കൊണ്ട് ഞാൻ എന്റെ ഇഷ്ടങ്ങൾ അവളെ അടിച്ചേൽപ്പിച്ചു.

എന്റെ ഭാര്യയായി അവൾ ഈ വീട്ടിൽ വന്നു കയറുമ്പോൾ ഞാൻ പറയുന്നത് മാത്രം അനുസരിച്ചു അടങ്ങി ഒതുങ്ങി കഴിയണമെന്ന് ഞാൻ ആഗ്രഹിച്ചു.

ആര്യയ്ക്ക് അവളുടേതായ ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു. എംബിഎ ഫസ്റ്റ് റാങ്കോടെ പാസ്സായതാണവൾ. ഒരുപാട് സ്വപ്‌നങ്ങൾ അവൾക്കുണ്ടായിരുന്നു.

പക്ഷേ ഞാൻ ആഗ്രഹിച്ചത് എന്റെ കുഞ്ഞുങ്ങളെ പ്രസവിച്ചു ഭർത്താവിനെ ദൈവമായി കണ്ട് വീട്ടിൽ ഒതുങ്ങി കൂടുന്ന ഒരു സാധാരണ ഭാര്യയെയായിരുന്നു. പെണ്ണിന് സ്വന്തമായി ജോലിയൊക്കെ ആയാൽ ഭർത്താവിനെ വക വയ്ക്കില്ലെന്ന് എന്റെ അച്ഛന്റെയും അമ്മയുടെയും ജീവിതം കണ്ടാണ് ഞാൻ മനസിലാക്കിയത്.

എന്നെ വിവാഹം കഴിച്ചു കഴിഞ്ഞാൽ പിന്നെ ജോലിക്കൊന്നും വിടില്ലെന്ന് തീർത്തു പറഞ്ഞു. ആ സമയം അവൾക്ക് മറ്റു കമ്പനികളിൽ നിന്നും ഉയർന്ന സാലറി ഓഫർ ഒക്കെ വന്നിരുന്നു. വിദേശത്തു നിന്നും നല്ല ജോലി സാധ്യതകൾ അവളെ തേടിയെത്തി.

ആദ്യമൊക്കെ എന്റെ പിടിവാശിക്ക് മുന്നിൽ കീഴടങ്ങി ഞാൻ പറയുന്നതെല്ലാം അനുസരിച്ചു അവൾ നിന്നു.

തുടക്കത്തിൽ നല്ല സ്നേഹത്തിലായിരുന്നെങ്കിലും പിന്നീട് ആ സ്നേഹ ബന്ധം നില നിർത്തി കൊണ്ട് പോകാൻ എനിക്ക് കഴിഞ്ഞില്ല.

എന്റെ തെറ്റ് തന്നെയായിരുന്നു അവൾ ഇട്ടിട്ട് പോകാനും കാരണം. പക്ഷേ ഞാൻ ഇങ്ങനെയൊക്കെ ചെയ്തത് അവൾ എന്നെ വിട്ട് പോകാതിരിക്കാനായിരുന്നു.

അവളുടെ ജീവിതത്തിൽ ദൈനംദിനം സംഭവിക്കുന്ന എന്ത് ചെറിയ കാര്യങ്ങൾ പോലും അവൾ എന്നോട് പറയുമായിരുന്നു. പതിയെ പതിയെ അവൾ എന്നോടൊന്നും പറയാതെയായി.

കൂട്ടുകാരെ കൂടെ അവൾ ഷോപ്പിംഗിനു പോകുന്നതോ സിനിമയ്ക്ക് പോകുന്നതോ ഒന്നും എനിക്കിഷ്ടമുണ്ടായിരുന്നില്ല…. എന്നോട് പല കള്ളങ്ങളും പറഞ്ഞു അവൾ കൂട്ടുകാരുമായി കറങ്ങി നടന്നു.

എനിക്കത് തീരെ ഇഷ്ടപ്പെട്ടില്ല. അവളുടെ എന്താവശ്യവും സാധിച്ചു കൊടുക്കാനും സിനിമയ്ക്കോ ഷോപ്പിങ്ങിനോ കൊണ്ട് പോകാനും ഞാൻ ഉള്ളപ്പോൾ അവൾ എന്നോട് കള്ളവും പറഞ്ഞു അവരോടൊത്തു നടന്നത് എനിക്ക് തീരെ സഹിച്ചില്ല.

ഒരിക്കൽ നടു റോഡിൽ വച്ചു കൂട്ടുകാരോടൊപ്പം അവളെ കണ്ടതിനു എനിക്ക് തല്ലേണ്ടി വന്നു. പിന്നീടങ്ങോട്ട് ഞാൻ എന്തെങ്കിലും പറഞ്ഞാൽ അവളത് അനുസരിക്കാതിരിക്കുന്നത് കണ്ടാൽ തല്ലുന്നതും പതിവായി.

ഞാൻ പറയുന്നത് മാത്രമേ അവൾ ചെയ്യാവു എന്ന് ഞാൻ ശഠിച്ചു. പിണക്കങ്ങളും പരിഭവങ്ങളും വഴക്കുകളും ഞങ്ങൾക്കിടയിൽ പതിവായി.

ആദ്യമൊക്കെ ഞാൻ മിണ്ടാതെ പിണങ്ങി ഇരിക്കുമ്പോൾ മിണ്ടി വന്നിരുന്ന ആര്യ പിന്നെ വരാതെയായി.

എന്റെ കമ്പനിയിൽ നിന്നും ജോലി രാജി വച്ചു അവൾ പോയി. ഞാൻ വിളിച്ചാൽ ഫോൺ എടുക്കാൻ അവൾ കൂട്ടാക്കിയില്ല.

അവൾ ഇന്ന് വരും നാളെ വരും എന്ന് നോക്കിയിരുന്നു എനിക്ക് ഭ്രാന്ത് പിടിക്കാൻ തുടങ്ങി. ഒടുവിൽ ഞാൻ തന്നെ അവളോട്‌ പോയി മിണ്ടി.

നേരിട്ട് കണ്ട് ഒരുപാട് ക്ഷമ ചോദിച്ചു.
എന്നോടുള്ള ഇഷ്ട കൂടുതൽ കൊണ്ട് അവൾ വീണ്ടും എന്നെ സ്വീകരിച്ചു.

കുറച്ചു ദിവസം പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ പോയി. അപ്പോഴാണ് അവൾക്ക് അമേരിക്കയിലെ ഒരു പ്രശസ്തമായ മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ശരിയായത്. ആര്യയുടെ സ്വപ്നമായിരുന്നു അമേരിക്കയിൽ പോകണമെന്നത്.

ആദ്യമൊക്കെ എനിക്ക് വേണ്ടി ഒരുപാട് നല്ല അവസരങ്ങൾ അവൾ വേണ്ടെന്നു വച്ചിരുന്നു. എന്നാൽ ഈ ജോലിക്ക് പോയെ പറ്റുവെന്ന് അവൾ വാശി പിടിച്ചു.

എന്റെ എതിർപ്പ് അവഗണിച്ചു കൊണ്ട് അവൾ അമേരിക്കയ്ക്ക് പോകാൻ തയ്യാറെടുത്തു. അതിന്റെ പേരിൽ ഞങ്ങൾ ബീച്ചിൽ വച്ചു കുറെ വഴക്കിട്ടു.

അത്രയും ആളുകളുടെ മുന്നിൽ വച്ചു ഞാൻ അവളെ അറിയാതെ അടിച്ചു പോയി.

നാണക്കേടും സങ്കടവും കൊണ്ട് അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് ഓടിപോയി.
പിന്നീടവൾ പിരിയാം എന്ന് എന്നെ വിളിച്ചു പറഞ്ഞു.

അത്രയ്ക്കും സഹി കെട്ടപ്പോഴാണ് ആര്യ ബ്രേക്കപ്പ്‌ പറഞ്ഞു പോയത്.

അവൾ അങ്ങനെ പറഞ്ഞെങ്കിലും തിരിച്ചു വരുമെന്ന് കരുതി ഞാൻ കാത്തിരുന്നു. പിന്നീടാണ് ഞാൻ ആ സത്യം അറിഞ്ഞത്… അവളുടെ വിവാഹം മറ്റൊരാളുമായി തീരുമാനിച്ചുറപ്പിച്ചത്.

അന്ന് തകർന്നു പോയി ഞാൻ… അപ്പോഴേക്കും അവളുടെ അഭാവം അത്രയേറെ എന്നെ കടന്നാക്രമിച്ചിരുന്നു. എന്തൊക്കെ ചെയ്താലും തല്ലിയാലും പിണങ്ങിയാലും ഒരിക്കലും അവളെ മറക്കാനോ വെറുക്കാനോ എനിക്ക് കഴിയുമായിരുന്നില്ല….

എന്റെ തെറ്റ് മനസിലാക്കി ഞാൻ പോയി.. കുറെ കാലുപിടിച്ചു കരഞ്ഞു പറഞ്ഞതാ എന്നോട് ക്ഷമിക്കാൻ.

ജോലിക്ക് പൊയ്ക്കൊള്ളാനും സമ്മതിച്ചു. പക്ഷേ അവൾ ക്ഷമിച്ചില്ല.
ഒരവസരം കൂടെ തരാൻ ഞാൻ കെഞ്ചി പറഞ്ഞിട്ടും അവൾ ചെവികൊണ്ടില്ല.

വീണ്ടും ഞാൻ പഴയത് പോലെ പ്രശ്നമുണ്ടാക്കുമെന്ന് പറഞ്ഞു. ഒരിക്കൽ പോലും ഞാനവൾക്ക് സ്വസ്ഥത കൊടുത്തിട്ടില്ലെന്നൊക്കെ പറഞ്ഞപ്പോൾ സഹിച്ചില്ല….

ഇനിയൊരിക്കലും എന്റെ ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്നവൾ പറഞ്ഞു.പട്ടിയെ പോലെ കെഞ്ചിയിട്ടും ഒരവസരം തന്നില്ല.

അവളെ ഞാൻ പൊന്നുപോലെ നോക്കുമായിരുന്നു. ആര്യ എന്നിൽ നിന്നാഗ്രഹിച്ച സ്നേഹം ഞാൻ നൽകുമായിരുന്നു. ഒന്നിനും വേണ്ടി വാശി പിടിക്കില്ലായിരുന്നു.

ആര്യ ഒന്ന് മനസ്സ് വച്ചിരുന്നെങ്കിൽ അവൾക്കെന്നെ മാറ്റിയെടുക്കാമായിരുന്നു. സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി താരമായിരുന്നു….

പക്ഷേ എന്നന്നേയ്ക്കുമായി ബൈ പറഞ്ഞു അവൾ പോയി. ആറു മാസം മുൻപേ ആര്യയുടെ കല്യാണം കഴിഞ്ഞു.

കഴിഞ്ഞ മാസം അവൾ തിരിച്ചു അമേരിക്കയിലേക്ക് പോയി. ഹസ്ബൻഡ് സിംഗപ്പൂരിൽ ഡോക്ടർ…”

എല്ലാം കേട്ട് കൊണ്ട് നിന്ന ആവണി പറഞ്ഞു.

“ആര്യ ചെയ്തതാണ് ശരി…. ഒരു പെണ്ണിനും ഇതൊന്നും അംഗീകരിച്ചു തരാൻ കഴിയില്ല. ആദ്യമേ അവളെ മനസിലാക്കി അവളെ ഉയർച്ചയിൽ സപ്പോർട്ട് ചെയ്തു കൂടെ നിന്നിരുന്നെങ്കിൽ കൈവിട്ടു പോകില്ലായിരുന്നു.

ക്ഷമിക്കാവുന്നതിന്റെ മാക്സിമം അവൾ ക്ഷമിച്ചും സഹിച്ചും കൂടെ നിന്നതല്ലേ. അപ്പോൾ അവൾക്ക് ഒരു പരിഗണനയും കൊടുത്തില്ലല്ലോ…

അവസാനം കാലുപിടിച്ചു മാപ്പ് പറഞ്ഞു ചെന്നിട്ട് ഒരു കാര്യവുമില്ല. വീണ്ടും പഴയത് പോലെ സംഭവിക്കില്ലാന്ന് എന്താ ഉറപ്പ്…?? കൂടെ ഉണ്ടായിരുന്നപ്പോൾ ആ പാവത്തിന് ഇത്തിരി സമാധാനം കൊടുക്കണമായിരുന്നു.

അവളുടെ ഇഷ്ടങ്ങൾ കൂടി അംഗീകരിച്ചു കൊടുക്കണമായിരുന്നു.
പിന്നീട് തെറ്റ് മനസിലാക്കി ചെല്ലുമ്പോഴേക്കും കൈവിട്ടു പോയിരിക്കും…. നിങ്ങളോട് എനിക്ക് സഹതാപമാണ് തോന്നുന്നത്… ”

“നീയും എന്നെ കുറ്റപ്പെടുത്തുന്നു ആവണി… ” സുധീഷ്‌ പറഞ്ഞു.

“നിങ്ങൾ അവളെ ആത്മാർത്ഥമായി സ്നേഹിച്ചതല്ലേ… പരസ്പരം സ്നേഹിക്കുന്നവർ തമ്മിൽ പിരിഞ്ഞാലുള്ള വേദന ആരെക്കാളും നന്നായി നിങ്ങൾക്ക് മനസിലാവില്ലേ…

എന്നിട്ടും നിങ്ങൾ എന്നെയും അഖിലേഷേട്ടനെയും തമ്മിൽ പിരിച്ചു കളഞ്ഞില്ലേ…. എന്തിനു വേണ്ടിയായിരുന്നു…. നിങ്ങളുടെ പ്രണയം നഷ്ടമാകാൻ കാരണം ഞാനാണോ…?? അല്ലല്ലോ… നിങ്ങളുടെ കയ്യിലിരിപ്പ് കൊണ്ടല്ലേ അവൾ വേണ്ടെന്നു വച്ചു പോയത്…. ”

“എനിക്ക് കിട്ടാത്തത്ത് നിനക്കും കിട്ടരുതെന്ന് ഞാൻ ആഗ്രഹിച്ചു. നിന്റെ സ്ഥാനത്തു ആരായിരുന്നെങ്കിലും ഞാൻ ഇങ്ങനെയേ ചെയ്യുമായിരുന്നുള്ളൂ….

ഒരവസരം ആര്യ എനിക്ക് തന്നിരുന്നെങ്കിൽ ഇന്ന് ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു…. അവൾ വേണ്ടെന്നു പറഞ്ഞു പോയപ്പോൾ അന്ന് മരിച്ചതാ സുധീഷ്‌….

പിന്നെ പ്രണയിക്കുന്നവരോട് ഒരു തരം അസൂയയായിരുന്നു….കിട്ടാത്ത മുന്തിരി പുളിക്കുമെന്ന് പറയുന്നത് പോലെ എനിക്ക് നഷ്ടമായ പ്രണയം മറ്റുള്ളവർക്കും കിട്ടരുതെന്ന് ഞാൻ ആഗ്രഹിച്ചു.

ഒരു പക്ഷേ അന്ന് പെണ്ണുകാണാൻ വന്നപ്പോൾ മറ്റെന്തെങ്കിലും കാരണമാണ് നീയെന്നോട് പറഞ്ഞിരുന്നതെങ്കിൽ ഞാൻ വിവാഹത്തിൽ നിന്നും പിന്മാറുമായിരുന്നു…. മറ്റൊരാളെ സ്നേഹിക്കുന്നുവെന്ന് നീ അന്ന് പറഞ്ഞപ്പോൾ നിന്നെ തന്നെ വിവാഹം ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചു.

കാരണം വേറൊന്നുമല്ല ആര്യയുടെ സ്ഥാനത്തു വേറെ ഒരാളെ സങ്കൽപ്പിക്കാൻ എനിക്ക് കഴിയില്ല….

അതുപോലെ അഖിലേഷിനെ സ്നേഹിച്ച നിനക്ക് മനസ്സ് കൊണ്ട് എന്നെ സ്വീകരിക്കാനും കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു….

നിന്റെ സ്ഥാനത്തു ആരായാലും ഞാൻ ഇങ്ങനെ തന്നെ ചെയ്യുമായിരുന്നു. എനിക്ക് ഇഷ്ടമല്ല സ്നേഹിക്കുന്നവർ ഒരുമിക്കുന്നത്. എനിക്ക് കിട്ടാത്തത് മറ്റാർക്കും കിട്ടരുത്….”

സുധീഷിന്റെ മുഖം വലിഞ്ഞു മുറുകി.
അവന്റെ മുഖത്തു അതുവരെയുണ്ടായിരുന്ന വിഷാദ ഭാവം ദേഷ്യമായി മാറി.

കണ്ണുകൾ കത്തി ജ്വലിച്ചു.

“വിവാഹ ദിവസം രാത്രി നിങ്ങൾ പുറത്തു മാറി നിന്ന് ഫോൺ വിളിച്ചത് അവളെയായിരുന്നോ… ”

“അത് നീ കണ്ടിരുന്നോ….അന്ന് നമ്മുടെ വിവാഹമായിരുന്നില്ലേ…വിവാഹ മംഗളാശംസകൾ അറിയിക്കാൻ വിളിച്ചതായിരുന്നു ആര്യ. ഇവിടെ രാത്രിയായിരിക്കുമ്പോൾ അവിടെ പകൽ ആണല്ലോ….

അന്ന് ഞാനവളോട് പറഞ്ഞു എന്നെ മറന്നു പുതിയൊരു ജീവിതം നയിക്കാൻ അവൾക്ക് സാധിച്ചുവെങ്കിലും അവളെ മറന്നു കൊണ്ടൊരു ജീവിതം എനിക്കുണ്ടാവില്ലെന്ന്….”

“ഇത്രയ്ക്ക് വേണ്ടിയിരുന്നില്ല സുധീഷേട്ടാ…. നിങ്ങൾക്ക് ആര്യയെ സ്വന്തമാക്കാൻ കഴിയാത്തത് നിങ്ങളുടെ കയ്യിലെ തെറ്റ് കൊണ്ടാ.

അത് സ്വയം തിരിച്ചറിയാൻ ശ്രമിക്കാതെ തനിക്ക് കിട്ടാത്തത് മറ്റുള്ളവർക്കും കിട്ടരുതെന്ന് ചിന്തിച്ച നിങ്ങൾ ഭ്രാന്തനാണോ…. നിങ്ങൾക്കും നിങ്ങളുടെ അമ്മയ്ക്കും ഭ്രാന്താണ്…

മറ്റുള്ളവരുടെ ജീവിതം വച്ചാ നിങ്ങൾ കളിച്ചത്. ഒരു തെറ്റും ചെയ്യാത്ത എന്റെ ജീവിതമാണ് നിങ്ങൾ നശിപ്പിച്ചു കളഞ്ഞത്.

സൈക്കോ ആണ് നിങ്ങൾ… വെറും സൈക്കോ. സ്വന്തം കാര്യം മാത്രമാണ് നിങ്ങൾക്ക് വലുത്. മറ്റുള്ളവരുടെ ഫീലിംഗ്‌സിന്‌ ഒരു വിലയുമില്ല… ”

അറപ്പോടെ ആവണി പറഞ്ഞു.

“അതേടി ഞാൻ സൈക്കോ തന്നെയാ…
മറ്റവനെ കെട്ടി നീ സുഖിച്ചു ജീവിക്കാതിരിക്കാൻ തന്നെയാ ഞാൻ നിന്നെ കെട്ടിയത്….”

“നിങ്ങളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല…
മറ്റുള്ളവരുടെ വേദന കൂടി മനസ്സിലാക്കിയിരുന്നെങ്കിൽ ഒരിക്കലും ആര്യയെ നിങ്ങൾക്ക് നഷ്ടപെടില്ലായിരുന്നു…. നിങ്ങളോടൊന്നും ഒന്നും പറഞ്ഞിട്ട് കാര്യമില്ല…. ”

വെറുപ്പോടെ ആവണി മുഖം വെട്ടിതിരിച്ചു മുറിയിൽ നിന്നിറങ്ങി പോയി.

വൈരാഗ്യം കലർന്ന ഒരു പുഞ്ചിരിയോടെ അവൻ അത് നോക്കി നിന്നു.

ഒരു വേള ആര്യയെ ഓർത്തു അവന്റെ കണ്ണുകൾ നിറഞ്ഞു.

ഇടതു നെഞ്ചിൽ പച്ച കുത്തി വച്ച ആര്യയുടെ പേരിൽ അവൻ വിരലോടിച്ചു.

“സ്റ്റിൽ ഐ ലവ് യു ആര്യ….” അവന്റെ ചുണ്ടുകൾ മന്ത്രിച്ചു.
*************************************
വൈകുന്നേരം കമ്പനിയിൽ നിന്നും പതിവിലും നേരത്തെയാണ് സുധീഷ്‌ മടങ്ങി വന്നത്.

വന്നു കയറിയപ്പോൾ തന്നെ ഹാളിലെ കാഴ്ച കണ്ടു സുധീഷ്‌ ഞെട്ടി തരിച്ചു.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

ഇനിയൊരു ജന്മംകൂടി – ഭാഗം 1

ഇനിയൊരു ജന്മംകൂടി – ഭാഗം 2

ഇനിയൊരു ജന്മംകൂടി – ഭാഗം 3

ഇനിയൊരു ജന്മംകൂടി – ഭാഗം 4

ഇനിയൊരു ജന്മംകൂടി – ഭാഗം 5

ഇനിയൊരു ജന്മംകൂടി – ഭാഗം 6

Share this story