എഴുത്തുകാരി: റിൻസി പ്രിൻസ്
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
എന്നെ വിശ്വസിച്ച് വന്നതാണെങ്കിൽ ഇവളെ ഇതിനകത്ത് കയറ്റാൻ എനിക്കറിയാം,
അവൻ വാശിയോടെ പറഞ്ഞു
” എന്നാൽ പിന്നെ എന്റെ ശവം കൂടി നീ കാണും..
വിട്ടുകൊടുക്കാൻ സാലിയും തയ്യാറായിരുന്നില്ല
” എന്റെ പൊന്നു സാലി ചേച്ചി സംഭവിക്കാനുള്ളത് സംഭവിച്ചു. ഇനിയിപ്പോ അതിന്റെ പേരിൽ നാട്ടുകാരുടെ മുമ്പിൽ കിടന്നു ഇങ്ങനെ വഴക്കുണ്ടാക്കിയിട്ട് എല്ലാ കാര്യമാ,
അവരെ സമാധാനിപ്പിക്കാൻ എന്നത് പോലെ സാബു പറഞ്ഞു..
” എന്റെ പൊന്നുമോനെ നീ ഇവിടുത്തെ അവസ്ഥകളൊക്കെ കണ്ടിട്ടുള്ളതല്ലേ.? നിനക്ക് എല്ലാം അറിയാവുന്നതല്ലേ.? തന്ത എന്ന് പറഞ്ഞ് ഒരുത്തൻ പേരിനുണ്ടെന്ന് അല്ലാതെ ഒരു ഉപകാരവും ഇല്ലെന്ന് കൊച്ചിന് അറിയാലോ.?
ഞാൻ വല്ല വീട്ടിലെയും അടുക്കളയിൽ പോയി പാത്രം കഴുകി കൊണ്ടുവരുന്ന പൈസ വരെ എടുത്തുകൊണ്ടുപോയി കുടിക്കും അങ്ങേര്. പിന്നെ ആകെ ഈ കുടുംബത്തിന്റെ പ്രതീക്ഷ ഇവൻ ഒറ്റ ഒരുത്തൻ ആയിരുന്നു. പ്ലസ് ടു കഴിഞ്ഞ് നിനക്കിഷ്ടമുള്ളതൊക്കെ പോയി പഠിച്ചോടാന്ന് പറഞ്ഞപ്പോൾ അമ്മച്ചി ബുദ്ധിമുട്ടുന്നത് കണ്ട് എനിക്കിനി പഠിക്കാൻ മേലാന്ന് പറഞ്ഞു ഡ്രൈവിംഗ് പഠിക്കാൻ ആണെന്ന് പറഞ്ഞു കൊണ്ട് ദേ ഈ ശിവന്റെ കൂടെ പോയത് ആണ്. അതുകഴിഞ്ഞ് എന്നെ ഇവൻ ബുദ്ധിമുട്ടിച്ചിട്ടില്ല.പിന്നെ ഈ കുടുംബത്തിലെ എല്ലാ കാര്യങ്ങളും നോക്കിയത് ഇവന് ആണ്. ഇല്ലെന്ന് ഞാൻ പറയത്തില്ല.
പെങ്ങളെ കെട്ടിച്ചതും അപ്പൻ ഉണ്ടാക്കി വെച്ച കടവും ലോണും ഒക്കെ തീർത്തത് എല്ലാം ഇവനൊരു ഒറ്റ ആളുതന്നെയാണ്. ഇപ്പോ ഇളയകൊച്ചിനെ പഠിപ്പിക്കുന്നതും ഇവൻ തന്നെയാണ്. അങ്ങനെ ഇവിടുത്തെ എല്ലാ അവസ്ഥകളും അറിയാവുന്ന ഇവൻ തന്നെ ഇങ്ങനെ ഒരു വേല കാണിക്കുമ്പോൾ ഞാൻ പിന്നെ എന്നാ ചെയ്യണമെന്ന നിങ്ങളൊക്കെ പറയുന്നത്.? ഇപ്പത്തന്നെ നാട്ടുകാരെല്ലാവരും അറിഞ്ഞു ഇവൻ ഇങ്ങനെ ചെയ്യണ്ട വല്ല കാര്യമുണ്ടോ കുഞ്ഞേ.?
ശിവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് സാലി ചോദിച്ചു, ഒപ്പം കണ്ണു തുടച്ചു മൂക്ക് പിഴിഞ്ഞു
” അങ്ങനെ ഒരു ഇഷ്ടമുണ്ടെങ്കിൽ അത് ഇവൻ ഞങ്ങളോട് ആരോടെങ്കിലും പറയണമല്ലോ, അതല്ലേ വേണ്ടത് മിനിഞ്ഞാന്ന് കൂടി ഇവനൊരു കല്യാണ ആലോചനയും കൊണ്ടാ അപ്പുറത്തെ ശോഭന വന്നത്. തിരുവല്ലയിൽ ഉള്ള ഒരു പെൺകൊച്ച്. ആ കൊച്ചിന് ആണെങ്കിൽ കമ്പ്യൂട്ടർ പഠിച്ചിട്ട് എങ്ങാണ്ട് ജോലിയുണ്ട്.
ആ കല്യാണം വേണ്ടെന്നു പറഞ്ഞപ്പോഴെങ്കിലും ഇവൻ ഈ കാര്യം എന്നോടൊന്നു പറയത്തില്ലായിരുന്നോ.,? എല്ലാം പോട്ടെ പെങ്ങൾ ഒരുത്തി പെറ്റ് കിടക്കുവാ അകത്ത്. അവളെ തിരിച്ച് വീട്ടിൽ കൊണ്ട് വിട്ടിട്ട് ഇവൻ എന്താണെന്ന് വെച്ചാൽ ചെയ്താൽ പോരായിരുന്നോ.?
ഇതിപ്പോ ആ പെണ്ണിനെ കെട്ടിച്ച വീട്ടുകാരുടെ മുഖത്ത് ഞങ്ങൾ എങ്ങനെ നോക്കുമെന്നാ.? കുടുംബത്തിൽ ഇരിക്കുന്നവരെ കൂടി ആലോചിച്ചിട്ട് വേണ്ടേ ഓരോന്ന് കാണിച്ചുകൂട്ടാൻ. പോരാത്തതിന് പോലീസ് സ്റ്റേഷനിൽ ആണെന്നും നാട്ടുകാർ എല്ലാവരും അറിഞ്ഞു.
എടി പെണ്ണേ ഏതെങ്കിലും ഒരുത്തൻ വിളിച്ച ഉടനെ ഇറങ്ങിപ്പോരുവാണോ വേണ്ടത്.?
അതെങ്ങനെയാ തന്തയും തള്ളേം അങ്ങനെ ആയിരിക്കും വളർത്തി വച്ചിരിക്കുന്നത്.
ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി അവരത് പറഞ്ഞപ്പോൾ അവളുടെ കണ്ണിൽ നിന്നും അനുവാദമില്ലാതെ കണ്ണുനീര് ഒഴുകിയിരുന്നു.
” അമ്മച്ചി എന്നെ എന്നാ വേണമെങ്കിലും പറഞ്ഞോ.. ആവശ്യമില്ലാതെ ആ കൊച്ചിനെ ഓരോന്ന് പറയാൻ നിക്കല്ലേ.!
സെബാസ്റ്റ്യന് എല്ലാം കൂടി കേട്ട് ദേഷ്യം വന്നു തുടങ്ങിയിരുന്നു.
” കണ്ടോ ഇപ്പൊ തന്നെ അവന്റെ മാറ്റം കണ്ടോ ശിവ, എന്തുവാടി നീ എന്റെ ചെറുക്കന് കലക്കി കൊടുത്തത്.
വീണ്ടും ദേഷ്യത്തോടെ ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി അവര് ചോദിച്ചു..
” എന്റെ പൊന്നു തള്ളേ അകത്തോട്ട് കയറിയിട്ട് എന്താണെന്ന് വെച്ചാൽ നിങ്ങൾ അങ്ങ് പ്രസംഗിക്ക്. അതല്ല ഞാൻ ഇറങ്ങി പോകണം എങ്കിൽ ഞാൻ ഇവളെ വിളിച്ചുകൊണ്ട് ഇപ്പോൾ തന്നെ ഇവിടുന്ന് ഇറങ്ങാം. പിന്നെ ജീവിതത്തിൽ ഇങ്ങോട്ട് കേറത്തില്ല.
ദേഷ്യത്തോടെ സെബാസ്റ്റ്യൻ പറഞ്ഞു തുടങ്ങിയിരുന്നു.
അപ്പുറത്തും ഇപ്പുറത്തും എത്തിനോക്കിയവരൊക്കെ അവിടെ നിന്നും മതിലിന്റെ അരികിലേക്ക് സ്ഥാനം മാറ്റി പിടിച്ചിട്ടുണ്ടായിരുന്നു. അതുകൂടി കണ്ടതോടെ അവന് ദേഷ്യം തോന്നി.
” ഞാനും അതുതന്നെയാ ചേട്ടത്തി പറയുന്നത്. അകത്തോട്ട് കയറിയിരുന്നിട്ട് നമുക്ക് സംസാരിക്കാം. എല്ലാത്തിനും പരിഹാരം ഉണ്ടല്ലോ. തൽക്കാലം ചേട്ടത്തി ഇവരെ അകത്തേക്ക് കയറ്റ്
സാബു പറഞ്ഞു
” അച്ഛൻ എവിടെയാണ് അമ്മേ..?
ശിവനാണ് ചോദിച്ചത്.
“അയ്യ, നല്ലൊരു അച്ഛനാ. ബോധമില്ലാതെ അകത്തെ മുറിയിൽ കിടപ്പുണ്ട്.
ദേഷ്യത്തോടെ അവര് പറഞ്ഞു.
” സെബാനെ നീ ആ കൊച്ചിനെ വിളിച്ചുകൊണ്ട് അകത്തോട്ട് ചെല്ല്…
സാബു പറഞ്ഞപ്പോൾ സെബാസ്റ്റ്യൻ അവളുടെ മുഖത്തേക്ക് നോക്കി.
പേടിച്ചു പേടമാനെ പോലെ നിൽക്കുകയാണ് അവൾ. അവളുടെ ആ നിൽപ്പും ഭാവവും കണ്ടപ്പോൾ അവന് പാവം തോന്നി.
സെബാസ്റ്റ്യൻ വിളിച്ചപ്പോൾ അകത്തേക്ക് കയറണോ വേണ്ടയോ എന്ന് അറിയാതെ അവൾ സാലിയെ ഒന്ന് നോക്കി. അവർ അവളെ രൂക്ഷമായി തിരിച്ചു നോക്കുക അല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
” ഞാനല്ലേ പറഞ്ഞത് വരാൻ,
അവൻ ഒന്നുകൂടി അവളോട് തറപ്പിച്ചു പറഞ്ഞപ്പോൾ അവനെ അനുഗമിച്ചു കൊണ്ട് അവളും നടന്നിരുന്നു.
” ചേട്ടത്തി വന്നേ പറയട്ടെ,
സാബു അവരെ അനുനയിപ്പിച്ച് അകത്തേക്ക് കയറ്റിയിരുന്നു..
അകത്തേക്ക് കയറിയതും തളർന്നതു പോലെ സെബാസ്റ്റ്യൻ സെറ്റിയിലേക്ക് ഇരുന്നിരുന്നു.
പുറത്തൊരു സ്കൂട്ടി കൊണ്ടുവന്ന് നിർത്തുന്ന ശബ്ദം കേട്ടവൻ പുറത്തേക്ക് നോക്കിയപ്പോൾ സണ്ണി ചാച്ചൻ ആണ്..അമ്മച്ചിയുടെ ആങ്ങള.!
അമ്മച്ചി വിവരം വിളിച്ചു പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ആള് ഇത്രയും പാഞ്ഞ് എത്തിയത്.
ആളെ കണ്ടതോടെ സാലി വീണ്ടും പരാതിയുടെയും പരിഭവത്തിന്റെയും വേദനയുടെയും കെട്ടഴിച്ച് സണ്ണിയെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി.
സെബാസ്റ്റ്യന്റെ തല പെരുക്കുന്നത് പോലെ തോന്നി. എവിടെക്കേങ്കിലും ഇറങ്ങി ഓടാനാണ് അവന് തോന്നിയത്..
ലക്ഷ്മിയാണെങ്കിൽ ഇതിനെല്ലാം കാരണം താൻ ആണല്ലോ എന്ന അവസ്ഥയിൽ എന്ത് ചെയ്യണം എന്ന് അറിയാതെ സെബാസ്റ്റ്യൻ തന്നെ നിസ്സഹായമായി നോക്കിക്കൊണ്ട് നിൽക്കുകയാണ്..
സാലിയുടെ കരച്ചിലും ബഹളവും എല്ലാം കേൾക്കെ ഒരു നിമിഷം ലക്ഷ്മിയോട് ദേഷ്യം പോലും തോന്നിത്തുടങ്ങിയിരുന്നു സെബാസ്റ്റ്യന്.
” ദാണ്ടെ അമ്മാച്ചൻ എത്തി. ഇനിയിപ്പോൾ കാര്യങ്ങളൊക്കെ പറയാലോ,
സാബു പറഞ്ഞു
.
” എന്താ സാബു എന്താ സംഭവിച്ചത്.? നിങ്ങൾക്കൊക്കെ ഈ കാര്യങ്ങൾ അറിയാമായിരുന്നോ? ഇപ്പോൾ ഇത്ര അത്യാവശ്യപ്പെട്ട് ഇങ്ങനെ ഒരു കാര്യം എന്നാത്തിനാ ഇവൻ ചെയ്തത്.?
സണ്ണി സെബാസ്റ്റ്യനെ ഒന്ന് നോക്കിയതിനു ശേഷം സാബുവിനോട് ചോദിച്ചു..
” അവനൊരു ആൺ ചെറുക്കനല്ലേ ഒരു പ്രേമമൊക്കെ ഉണ്ടാവുന്നത് സ്വാഭാവികമായ കാര്യമല്ലേ.? അതിപ്പോ എല്ലാവരോടും കൊട്ടിഘോഷിച്ചു നടക്കാൻ പറ്റുമോ.? അവൻ അറിഞ്ഞുകൊണ്ട് ചെയ്തത് ഒന്നുമല്ല സണ്ണിച്ചായ, ആ പെങ്കൊച്ചിന്റെ വീട്ടിൽ അതിനു കല്യാണം ആലോചിച്ചു. നാളെ അതിന്റെ കല്യാണമാ. പിടിച്ചു നിൽക്കാൻ പറ്റാത്തതുകൊണ്ടാ അത് ഇറങ്ങി വന്നത്. നമ്മുടെ വീട്ടിലും രണ്ട് പെൺപിള്ളേർ ഉള്ളതല്ലേ, അവനെ വിശ്വസിച്ചു ഇറങ്ങി വന്ന ഒരു പെണ്ണിനെ അവൻ അങ്ങനെ അങ്ങ് ഉപേക്ഷിക്കാൻ പറ്റുമോ.?
സാബു സണ്ണിയോട് പറഞ്ഞപ്പോൾ സാലി അമ്പരപ്പോടെ സെബാസ്റ്റ്യന്റെ മുഖത്തേക്ക് നോക്കി.
അവൻ തലകുനിച്ചിരിക്കുകയാണ്.
ലക്ഷ്മി ആവട്ടെ താൻ പറഞ്ഞ ഒരു കള്ളത്തിന്റെ പേരിൽ എത്ര പേരാണ് വേദനിക്കുന്നത് എന്ന് അറിഞ്ഞ് വേദനയോടെ നിന്നു..തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…