തണൽ തേടി: ഭാഗം 11

എഴുത്തുകാരി: റിൻസി പ്രിൻസ്‌

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

അങ്ങനെ സാബുവിന്റെ കാറിൽ എല്ലാവരും സെബാസ്റ്റ്യന്റെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. സെബാസ്റ്റ്യനും ലക്ഷ്മിയും പിന്നിൽ ആണ് ഇരുന്നത്. കാറിൽ കയറി സെബാസ്റ്റ്യന്റെ അരികിൽ ഇരിക്കുമ്പോൾ അവളുടെ ഹൃദയം വല്ലാതെ ഇടിക്കുന്നുണ്ടായിരുന്നു.

സെബാസ്റ്റ്യനും തല പെരുക്കും പോലെ തോന്നിയിരുന്നു. വീട്ടിലെ അവസ്ഥ എന്തായിരിക്കും എന്ന് ഊഹിക്കാൻ പോലും സാധിക്കുന്നില്ല. എങ്ങനെയായിരിക്കും അമ്മച്ചി ഇടപെടുന്നത്.?

ഒരു നിമിഷം അവൻ വീട്ടിലെ അവസ്ഥകളെക്കുറിച്ച് ഒന്നു ചിന്തിച്ചു.

ചാച്ചൻ ഇപ്പോൾ എല്ലാ ദിവസത്തെയും പോലെ കുടിച്ച് ബോധമില്ലാതെ ഹോളിലെ സോഫയിൽ കിടക്കുന്നുണ്ടാവും. അമ്മച്ചി ആധി പിടിച്ചു അമ്മച്ചിയുടെ ബന്ധുക്കാരോടൊക്കെ ഈ കാര്യം വിളിച്ചു പറഞ്ഞിട്ടുണ്ട് ഇപ്പോൾ.

സിമി കൊച്ചിനെയും കൊണ്ട് മുറിയിൽ കയറി അളിയനെ വിളിച്ച് ഇതിനോടകം കാര്യം പറഞ്ഞു കാണും. സിനി എന്താണ് സത്യാവസ്ഥ എന്നറിയാതെ ചിന്തിച്ചിരിക്കുകയായിരിക്കും. ശോഭന ചേച്ചി പറഞ്ഞ് അയൽവക്കത്ത് നിന്നും ആരെങ്കിലും ഒക്കെ വന്ന് അമ്മച്ചിയേ ഇളക്കിയിട്ടുണ്ടാവും.

ഇത്രയും കാലം നാട്ടിൽ ഉണ്ടായിരുന്നത് സൽപേര് മാത്രമായിരുന്നു സമ്പാദ്യം ആയി. അതുകൂടി ഇപ്പോൾ പോയിട്ടുണ്ടാവും. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും തന്റെ മനസ്സാക്ഷിയുടെ മുൻപിൽ തെറ്റുകാരനല്ലെന്ന് അവൻ ചിന്തിച്ചു. താൻ ചെയ്തത് വലിയൊരു കാര്യം തന്നെയാണ്.

ഒരു പെൺകുട്ടിയുടെ മാനം രക്ഷിക്കാൻ സാധിക്കുക എന്ന് പറയുന്നത് വലിയ കാര്യമാണ്. മറ്റുള്ളവരെന്തുപറഞ്ഞാലും താൻ ചെയ്തത് തന്റെ കണ്ണിൽ ശരിയാണെന്ന് അവനോർത്തു.

ഒറ്റരാത്രികൊണ്ട് തന്റെ ജീവിതം മാറിമറിയുന്നതറിഞ്ഞ് പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു ലക്ഷ്മി. ആ യാത്രയിൽ മുഴുവൻ അവൾ ചിന്തിച്ചത് വിവേകിനെ കുറിച്ചായിരുന്നു. എത്രയോ നാൾ തന്റെ പിന്നാലെ നടന്നാണ് അവൻ തന്നോട് പ്രണയമാണെന്ന് പറഞ്ഞത്. തന്നെ അവൻ അത്രത്തോളം ഇഷ്ടപ്പെട്ടിരുന്നു എന്നാണ് അന്നൊക്കെ പറഞ്ഞത്.

തന്റെ ജീവിത സാഹചര്യങ്ങളെ കുറിച്ച് താൻ പറഞ്ഞപ്പോൾ എന്തുവന്നാലും തനിക്കൊപ്പം ഉണ്ടാകും എന്ന് പറഞ്ഞവനാണ് വിവാഹമുറപ്പിച്ചു എന്നറിഞ്ഞ നിമിഷം മുതൽ തന്നിൽ നിന്നും അകലാൻ ആണ് അവൻ ശ്രമിച്ചിട്ടുള്ളത് എന്ന് അവൾ ഓർത്തു. താൻ വിട്ടു തടങ്കലിൽ ഇരുന്ന സമയത്തും ഒരിക്കൽ താൻ തന്റെ കസിനായ രശ്മിയുടെ ഫോണിൽ നിന്നും അവനെ വിളിച്ചിരുന്നു. അച്ഛനോട് ഒന്ന് വന്ന് സംസാരിക്കാൻ പറഞ്ഞപ്പോൾ ഇപ്പോൾ വിവാഹത്തിന് പറ്റിയ ഒരു അവസ്ഥ അല്ല എന്ന് പറഞ്ഞാണ് അവൻ ഒഴിഞ്ഞത്..

അപ്പോൾ തന്നെ താൻ മനസ്സിലാക്കണമായിരുന്നു അവൻ തന്നെ ഒഴിവാക്കാൻ ശ്രമിക്കുകയാണെന്ന്. അവന് താൻ വെറുമൊരു നേരമ്പോക്ക് മാത്രമായിരുന്നോ.? അങ്ങനെയൊന്നു ചിന്തിച്ചപ്പോൾ തന്നെ അവൾക്ക് വല്ലാത്ത വേദന തോന്നി.

അവളുടെ കണ്ണിൽ നിന്നും കണ്ണുനീരുതിർന്നു അവളുടെ കൈകളിൽ വീണു. കൈകളിൽ പതിച്ച കണ്ണുനീർത്തുള്ളി കാണേയാണ് സെബാസ്റ്റ്യൻ അവളെ തന്നെ നോക്കിയത്. പെട്ടെന്ന് അവൾ കണ്ണുനീർ തുടച്ചു. അവൻ കണ്ണുകൾ കൊണ്ട് അവളോട് “അരുത്” എന്ന് കാണിച്ചു.

വണ്ടി നിന്നപ്പോഴാണ് ലക്ഷ്മി പുറത്തേക്ക് നോക്കിയത്. മെയിൻ റോഡ് കഴിഞ്ഞ് ഒരു പോക്കറ്റ് റോഡിലേക്ക് ആണ് വണ്ടി കയറിയത്. അതിനു താഴേക്ക് ഒരു ഇറക്കമാണ്.

താഴെ ഒരു വീടിന്റെ വെട്ടം കാണാം അതായിരിക്കാം അവന്റെ വീട് എന്ന് അവൾക്ക് തോന്നി.

” നിങ്ങൾ ഇവിടെ ഇരിക്ക്. ആദ്യം ഞങ്ങൾ ഒന്ന് ചെന്ന് സംസാരിച്ചിട്ട് വരാം.

ശിവൻ സെബാസ്റ്റ്യനോടും ലക്ഷ്മിയോടുമായി പറഞ്ഞു..

സെബാസ്റ്റ്യൻ അപ്പോഴേക്കും വണ്ടിയിൽ നിന്നും ഇറങ്ങിയിരുന്നു. അവൻ ലക്ഷ്മിയോട് കണ്ണുകൾ കൊണ്ട് ഇറങ്ങി വരാൻ ആംഗ്യം കാണിച്ചു.

അവൾ കാറിൽ നിന്ന് ഇറങ്ങി ചുറ്റുപാടും ഒന്ന് വീക്ഷിച്ചു.

കാർ നിർത്തിയ സ്ഥലത്ത് നിന്നും കുറച്ച് മുൻപിലേക്ക് പോകുമ്പോൾ രണ്ടുമൂന്നു വീടുകൾ കാണാം. അവിടെയുള്ളവരൊക്കെ ഇറങ്ങി നിൽക്കുകയും തങ്ങളെ നോക്കുകയും ഒക്കെ ചെയ്യുന്നത് കണ്ടപ്പോൾ അവൾക്ക് എന്തോ വല്ലായ്മ തോന്നിയിരുന്നു.

എല്ലാവരും തങ്ങളെ തന്നെ നോക്കുന്നത് സെബാസ്റ്റ്യനും കണ്ടു.

അതുകൊണ്ടു തന്നെ സാബുവും ശിവനും ഇറങ്ങിയ പുറകെ സെബാസ്റ്റ്യനും അവളെയും കൊണ്ട് വീട്ടിലേക്ക് പോകാനായി നടന്നു. അപ്പോഴേക്കും ശിവനും സാബുവും വീടിന് മുന്നിലേക്ക് എത്തിയിട്ടുണ്ടായിരുന്നു..

” സാലി ചേട്ടത്തിയെ,

സാബുവാണ് വിളിച്ചത്.

ഉടനെ തന്നെ അകത്തുനിന്നും സാലി ഇറങ്ങി വന്നിരുന്നു.

സാബുവിനെയും ശിവനെയും കണ്ടപ്പോൾ തന്നെ അവർക്ക് കാര്യം മനസ്സിലായി. പിന്നെ ആണ് അവർ പുറകെ വരുന്ന സെബാസ്റ്റ്യനെയും അവന്റെ ഒപ്പമുള്ള പെൺകുട്ടിയെയും കണ്ടത്. സാലിയുടെ കണ്ണുകൾ കുറുകി.

ലക്ഷ്മി അവിടേക്ക് നോക്കി.

ഒരു സാധാരണ വീടാണ്. വാർപ്പും ആസ്ബറ്റോസും ചേർന്ന ഒരു വീട്. അതിലെ ഒരു മുറി അടുത്തെങ്ങാണ്ട് എടുത്തതാണെന്ന് കാണുമ്പോൾ തന്നെ മനസ്സിലാകും. പിങ്ക് നിറത്തിലുള്ള പെയിന്റ് അടിച്ചിട്ടുണ്ട്. എങ്കിലും വീടിന് നല്ല പഴക്കമുണ്ടെന്ന് ഒറ്റനോട്ടത്തിൽ തന്നെ കാണുമ്പോൾ മനസ്സിലാകും. വിശാലമായ മുറ്റമാണ്. മുറ്റത്ത് നിറയെ ചെടികളും പച്ചക്കറികളും ഒക്കെ കാണാം.

” എന്ത് ധൈര്യത്തിലാടാ മഹാപാപി നീ ഇവളെയും കൂട്ടി ഇങ്ങോട്ട് വന്നത്.

അകത്തു നിന്നും ഇറങ്ങി സെബാസ്റ്റ്യന്റെ അരികിലേക്ക് വന്നുകൊണ്ട് സാലി ചോദിച്ചു..

ലക്ഷ്മിക്കു ഭയം തോന്നിയിരുന്നു.

അത് മനസ്സിലാക്കി എന്ന് വണ്ണം സെബാസ്റ്റ്യൻ അവളുടെ കൈകളിൽ മുറുക്കി പിടിച്ചു.. അവൻ ചുറ്റും നോക്കിയപ്പോൾ അപ്പുറത്തും ഇപ്പുറത്തും ഉള്ള വീട്ടിലുള്ള പലരും ഇറങ്ങി നോക്കുകയാണ്.. തൊട്ടപ്പുറത്തെ വീട്ടിൽ നിന്ന് ശോഭന ചേച്ചി എത്തി നോക്കുന്നത് അവൻ കണ്ടു. അവൻ അവരെ രൂക്ഷമായി ഒന്ന് നോക്കി ..

” അമ്മച്ചി ചുമ്മാ മുറ്റത്ത് കിടന്ന് ഷോ കാണിക്കരുത് അപ്പുറത്തും ഇപ്പുറത്തും ഉള്ളവരൊക്കെ നോക്കുന്നുണ്ട്. അകത്ത് കയറിയിട്ട് സംസാരിക്കാം..

സെബാസ്റ്റ്യൻ പറഞ്ഞു

” എവിടെ അകത്ത്.?
ഇതിനകത്തു നീ ഇവളെ കൊണ്ട് കയറത്തില്ല.

ദേഷ്യത്തോടെ അവർ പറഞ്ഞു

” തൊലി വെളുത്ത ഒരു പെണ്ണിനെ കണ്ടപ്പോൾ കുടുംബത്തെ അങ്ങ് മറന്നു, വിളിച്ചുകൊണ്ട് വന്നിരിക്കുന്നു അവൻ. കെട്ടിക്കാൻ പ്രായം ഉള്ള പെണ്ണോരുത്തി നിൽകുമ്പോൾ ഒരു ഉളുപ്പുമില്ലാതെ അവൻ വിളിച്ചോണ്ട് വന്നേക്കുവാ. നാണം ഉണ്ടോടാ നിനക്ക്…

അല്പം ഉച്ചത്തിൽ തന്നെയാണ് സാലി അത് പറഞ്ഞത്.

സെബാസ്റ്റ്യന് നന്നേ ദേഷ്യം വന്നു തുടങ്ങിയിരുന്നു.

” എന്നെ വിശ്വസിച്ച് വന്നതാണെങ്കിൽ ഇവളെ ഇതിനകത്ത് കയറ്റാൻ എനിക്കറിയാം,

അവൻ വാശിയോടെ പറഞ്ഞു

” എന്നാൽ പിന്നെ എന്റെ ശവം കൂടി നീ കാണും..

വിട്ടുകൊടുക്കാൻ സാലിയും തയ്യാറായിരുന്നില്ല..തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Exit mobile version