കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ മാസ്റ്റർ പീസ് നോവലായി അറിയപ്പെടുന്ന രണ്ടാമൂഴം സിനിമയാകുക തന്നെ ചെയ്യുമെന്ന് മകൾ അശ്വതി നായർ. എന്നാൽ, മണിരത്നമായിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്ന അഭ്യൂഹങ്ങൾ അശ്വതി തള്ളിക്കളഞ്ഞു.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
മണിരത്നം, അല്ലെങ്കിൽ അദ്ദേഹം നിർദേശിച്ച മറ്റൊരു പാൻ ഇന്ത്യ സംവിധായകൻ രണ്ടാമൂഴം രണ്ടു ഭാഗങ്ങളായി സിനിമയാക്കുന്നു എന്ന് സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനു പ്രതികരണമായാണ് അശ്വതിയുടെ വാക്കുകൾ.
നേരത്തെ, ഒടിയൻ സംവിധാനം ചെയ്ത ശ്രീകുമാർ മേനോൻ രണ്ടാമൂഴത്തിന്‍റെ തിരക്കഥയ്ക്കു മേലുള്ള അവകാശം എംടിയിൽ നിന്നു സ്വന്തമാക്കിയിരുന്നു. എന്നാൽ, സിനിമ പലവട്ടം നീട്ടിവച്ചതോടെ എംടി കോടതി മുഖേനയാണ് അവകാശം തിരികെ വാങ്ങിയത്. മൂന്നു വർഷത്തിനുള്ളിൽ സിനിമയാക്കാമെന്നായിരുന്നു ശ്രീകുമാർ മേനോനുമായുള്ള കരാർ. അദ്ദേഹം ഇതു പാലിക്കാത്തതിനാൽ അവകാശം എംടിക്കു തിരിച്ചുകിട്ടി.
ഇതിനു ശേഷം അദ്ദേഹവുമായി അടുത്ത ബന്ധമുള്ള മണിരത്നവുമായി തന്‍റെ ഡ്രീം പ്രോജക്റ്റ് സിനിമയാക്കുന്നതിനെക്കുറിച്ച് എംടി ചർച്ചകൾ നടത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു.
രണ്ടാമൂഴത്തിന്‍റെ സിനിമാ രൂപത്തെക്കുറിച്ചുള്ള സംഭാഷണങ്ങളിലെല്ലാം മോഹൻലാലിനെ മാത്രമാണ് നായക കഥാപാത്രമായ ഭീമനായി എംടി നിർദേശിച്ചിട്ടുള്ളത്. ശ്രീകുമാർ മേനോന്‍റെ പ്രോജക്റ്റിലും മോഹൻലാൽ തന്നെ നായകനാകുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, പുതിയ പദ്ധതിയുടെ കാസ്റ്റിങ് സംബന്ധിച്ച വിശദാംശങ്ങൾ ഇനിയും വ്യക്തമായിട്ടില്ല.