ലീഡ് 5000ത്തിലേക്ക് ഉയർത്തി ആര്യാടൻ ഷൗക്കത്ത്; യുഡിഎഫ് ക്യാമ്പുകളിൽ ആഘോഷം

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്തത്തിന്റെ ലീഡ് ഉയരുന്നു. ലീഡ് 5000 കടന്നിട്ടുണ്ട്. ആറാം റൗണ്ട് വോട്ടെണ്ണൽ തുടരുമ്പോൾ 5234 വോട്ടിന്റെ ലീഡാണ് നിലവിൽ ആര്യാടൻ ഷൗക്കത്തിനുള്ളത്. ആദ്യ മൂന്ന് റൗണ്ടിൽ പ്രതീക്ഷിച്ച ലീഡ് നേടാനായില്ലെങ്കിലും നാലാം റൗണ്ട് മുതൽ ലീഡ് നില കുത്തനെ ഉയരുകയായിരുന്നു
യുഡിഎഫ് കേന്ദ്രങ്ങളായ വഴിക്കടവിലും മൂത്തേടത്തും പ്രതീക്ഷിച്ച വോട്ട് അവർക്ക് ലഭിച്ചിരുന്നില്ല. എന്നാൽ എടക്കര മുതൽ യുഡിഎഫ് വോട്ടുകൾ കുത്തനെ ഉയരുന്നതാണ് കാണുന്നത്. ലീഡ് നില 5000 കടന്നതോടെ യുഡിഎഫ് ക്യാമ്പുകളിൽ ആഘോഷവും ആരംഭിച്ചു. നിലമ്പൂരിലും മറ്റിടങ്ങളിലും യുഡിഎഫ് അണികൾ പതാകകളുമായി തെരുവിലിറങ്ങിയിട്ടുണ്ട്
അതേസമയം അൻവർ ആറ് റൗണ്ടുകൾ എണ്ണുമ്പോൾ തന്നെ ഏഴായിരത്തിലധികം വോട്ടുകൾ പിടിച്ചത് ഇരു മുന്നണികളെയും ഞെട്ടിച്ചിട്ടുണ്ട്. അൻവർ ഏകദേശം ഇരുപതിനായിരത്തോളം വോട്ടുകൾ പിടിക്കുമെന്നാണ് ഈ ഘട്ടത്തിൽ പ്രതീക്ഷിക്കുന്നത്. ആദ്യ ഏഴ് റൗണ്ടുകൾ യുഡിഎഫ് മുന്നേറ്റം പ്രതീക്ഷിക്കുന്ന മേഖലകളാണ്. ഇതിന് ശേഷമാണ് ഇടത് സ്വാധീന മേഖലകൾ വരുന്നത്.