ഇരു വിഭാഗങ്ങൾ തമ്മിൽ ശത്രുത വളർത്തുന്ന സിനിമ; എമ്പുരാനെതിരെ വീണ്ടും ലേഖനവുമായി ഓർഗനൈസർ

മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനെ വിടാതെ ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ. ഇരു സമുദായങ്ങൾ തമ്മിൽ ശത്രുത വളർത്തുന്ന സിനിമയാണ് എമ്പുരാനെന്ന് ഓൺലൈൻ പതിപ്പിലെ ലേഖനത്തിൽ വിമർശിക്കുന്നു. ഗുജറാത്ത് കലാപം സിനിമയിൽ കാണിച്ചതിനെ തുടർന്നാണ് ഓർഗനൈസർ നിരന്തരമായി എമ്പുരാനെതിരെ ലേഖനമെഴുതി തുടങ്ങിയത്
2002ലെ ഗുജറാത്ത് കലാപത്തിന്റെ ഏകപക്ഷീയമായ ചിത്രീകരണം മാത്രമല്ല ചിത്രത്തിനെതിരെ വിമർശനമുന്നയിക്കാൻ കാരണമെന്ന് പുതിയ ലേഖനത്തിൽ പറയുന്നു. ചിത്രം സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തിന് നൽകാൻ ശ്രമിക്കുന്ന സന്ദേശമാണ് ആശങ്ക ഉയർത്തുന്നത്. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ശത്രുത അപകടകരമാംവിധം വളർത്തുന്ന സിനിമയാണിത്
ഉന്നത രാഷ്ട്രീയ നേതാക്കൾക്കെതിരെയും സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെയും കൊലപാതകത്തിനും ആക്രമണത്തിനും ചിത്രം പ്രേരിപ്പിക്കുന്നു. പ്രതികാരത്തിന്റെ പേരിൽ അത്തരം പ്രവൃത്തികളെ ന്യായീകരിക്കുന്നു. സർക്കാരിനെതിരായ വികാരങ്ങൾക്ക് ആക്കം കൂട്ടുന്നതും അക്രമ പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകുന്നതുമാണ് സിനിമയെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.