ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 74
[ad_1]
രചന: റിൻസി പ്രിൻസ്
നിനക്ക് എന്നും താങ്ങും തണലും ആവേണ്ടത് അവളാണ്, സുഖത്തിലും ദുഃഖത്തിലും ഒപ്പം നോക്കേണ്ടത്,
ജെസ്സി അത് പറഞ്ഞപ്പോൾ ഒരുപാട് പ്രതീക്ഷകൾ മിന്നുന്ന ഒരു ചിരി അവൻ അവർക്ക് തിരികെ കൊടുത്തു… അതോടൊപ്പം മനസ്സിൽ ആ പ്രിയപ്പെട്ട ഒരുവളുടെ മുഖം തെളിഞ്ഞു… തന്റെ പാതി ആകേണ്ടവളുടെ മുഖം
വീട്ടിലേക്ക് ചെന്നതും അവൻ തന്ന കവറിൽ എന്താണെന്ന് അറിയാനായിരുന്നു അവൾക്ക് ആകാംക്ഷ…. അമ്മച്ചി ആണെങ്കിൽ ഉടനെ തന്നെ വല്യമ്മച്ചിയുടെ അരികിലേക്ക് പോയിട്ടുണ്ട്.. ജെസ്സി ആന്റി പറഞ്ഞ കാര്യങ്ങളൊക്കെ പറയാൻ ആയിരിക്കും. ബാഗ് തുറന്നു ആ പ്ലാസ്റ്റിക് കവറിൽ ഉണ്ടായിരുന്നത് എന്തൊക്കെയാണെന്ന് അവൾ നോക്കി.. പച്ചയും ചുവപ്പും ഒക്കെയുള്ള കുപ്പിവളകളും ചെറിയ പൊട്ടും ഭംഗിയുള്ള കമ്മലുകളും ഒക്കെയാണ്. എന്നോ ഒരിക്കൽ പറഞ്ഞിരുന്നു സ്കൂളിൽ പഠിക്കുന്ന സമയത്ത് തമ്മിൽ ഇഷ്ടത്തിലാകുമ്പോൾ പെരുന്നാളിന് ഇങ്ങനെയുള്ള സാധനങ്ങളൊക്കെ വാങ്ങിത്തരുന്നത് ഒരുപാട് സ്വപ്നം കണ്ടിട്ടുണ്ടെന്ന്.. ആ സ്വപ്നം സത്യമാക്കാൻ ആയിരിക്കും ഇപ്പോൾ ഇങ്ങനെയൊരു സമ്മാനം പതിവില്ലാതെ നൽകിയത് എന്ന് അവൾക്ക് തോന്നിയിരുന്നു… ഒരു നിമിഷം അവൾക്ക് സന്തോഷവും സങ്കടവും തോന്നി…. ആ നിമിഷം തന്നെ അവൻ ആദ്യമായി തനിക്ക് നൽകിയ ചുംബനത്തെ കുറിച്ചും അവൾ ചിന്തിച്ചു… ആ നിമിഷം തന്നെ അവൾ ചുവന്നു പോയിരുന്നു….
വീട്ടിലേക്ക് ചെന്ന് ഭക്ഷണം എല്ലാം കഴിച്ചതിനു ശേഷം ജെസ്സി ഭർത്താവിന്റെ അരികിലായി വന്നിരുന്നു…. എന്താ കാര്യം എന്ന അർത്ഥത്തിൽ അയാൾ അവരെ ഒന്ന് നോക്കി…
“എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു…
” സാധാരണ ഇങ്ങനെ മുഖവരെ ഒന്നും ഇല്ലല്ലോ… എന്താണെന്ന് വെച്ചാൽ പറ
” നമ്മുടെ മോന്റെ കാര്യം തന്നെയാണ്
” എന്താണെന്ന് നീ പറ
” അവന് കല്യാണ പ്രായമായെന്ന് വല്ല വിചാരവും നിങ്ങൾക്കുണ്ടോ…?
” അത് വിചാരിക്കേണ്ടത് ഞാനാണോ അവനല്ലേ…? നീ തന്നെയല്ലേ പറഞ്ഞത് അവന് കല്യാണം കഴിക്കണമെന്ന് തോന്നുമ്പോൾ അവൻ ഇങ്ങോട്ട് പറയട്ടെ എന്ന് പറഞ്ഞത്…… അപ്പൊൾ നമുക്ക് അതിനെക്കുറിച്ച് ആലോചിക്കാം എന്ന്
” എന്നും പറഞ്ഞ് നമ്മൾ ഇത് ശ്രദ്ധിക്കാതിരിക്കുന്നത് ശരിയല്ലല്ലോ.
” എങ്കിൽ പിന്നെ നമുക്ക് നല്ലൊരു കുട്ടിയെ കണ്ടു പിടിക്കാം..!
“കുട്ടിയെ ഒന്നും നമ്മൾ കണ്ടുപിടിക്കേണ്ട, അവൻ തന്നെ കണ്ടുപിടിച്ചിട്ടുണ്ട്..
” കണ്ടുപിടിച്ചിട്ടുണ്ടെന്നോ…?
അയാളുടെ നെറ്റി ഒന്ന് ചുളുങ്ങി…..
” എന്റെ ഇച്ചായ അവന് ഒരു പെണ്ണിനെ ഇഷ്ടമാണെന്ന്,
” അതാണോ ഇപ്പോഴത്തെ കാലത്ത് കുട്ടികളല്ലേ, എന്താണെങ്കിലും പ്രണയം ഒക്കെ കാണും… നല്ലതാണെങ്കിൽ നമുക്ക് നടത്താം…
“അല്ലേലും നടത്തിയേ പറ്റൂ, കാരണം ഒരു ചെറിയ ബന്ധം ഒന്നുമല്ല ഇത്.
” അതെന്താടി അവന് ആ ബന്ധത്തിൽ അവന് പിള്ളേരു വല്ലോം ഉണ്ടോ…?
അമ്പരപ്പോടെ അയാൾ ചോദിച്ചു
“ദേ മനുഷ്യ…. എന്റെ ചെറുക്കനെ കുറിച്ച് വല്ല അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ….
” നീയല്ലേ പറഞ്ഞെ ചെറിയ ബന്ധം അല്ലെന്ന്, വലിയ ബന്ധം എന്ന് പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു ഇനി അവൻ നമ്മൾ അറിയാതെ കല്യാണം കഴിച്ചു പിള്ളേർ വല്ലോം കാണുമെന്നു…
“ഇച്ചായൻ തമാശ കളഞ്ഞേ ഞാൻ സീരിയസായിട്ടാ പറയുന്നത്..
” നീ സീരിയസ് ആയിട്ട് പറ, ഞാൻ സീരിയസ് ആയിട്ട് കേൾക്കാൻ തന്നെയാണ് നിൽക്കുന്നത്…
“ഒരു പെങ്കോച്ചുമായി അവന് 10 വർഷമായിട്ടുള്ള ബന്ധം ആണെന്ന പറഞ്ഞത്…
” 10 വർഷമായിട്ടുള്ള ബന്ധമോ
” അതെ
“അപ്പോൾ വലിയ ബന്ധം തന്നെയാണ്…ഈ നാട്ടിലുള്ളതാണോ പെങ്കൊച്ച്…?
” അതെ നമ്മുടെ സാലിയുടെ മോളില്ലേ ശ്വേത, ആ കുട്ടിയാ…
” ഏത് സാലിയുടെ മോള്…? നമ്മുടെ ഇവിടെ ജോലിക്ക് വന്നുകൊണ്ടിരുന്ന സാലിയുടെ മോളുടെ കാര്യമാണോ നീ പറയുന്നത്…?
” അതെ ഇച്ചായാ ആ കുട്ടിയും ഇവനും തമ്മിൽ ഇഷ്ടത്തിലായിരുന്നുത്ര, പത്തു വർഷമായി ആ കുട്ടിയോട് ഞാൻ ചോദിച്ചു, അവൾ പറയുന്നത് ഇവൻ പുറകെ നടന്ന് അതിനെ കൊണ്ട് ഇഷ്ടമാണെന്ന് പറയിപ്പിച്ചതാണെന്ന്… ഇപ്പൊൾ ആ കുട്ടി സി എ ഒക്കെ പഠിച്ച് കഴിഞ്ഞ് നല്ല ജോലിയാ ഇവന്റെ കൂടെ തന്നെയാ ജോലി ചെയ്യുന്നത്… കഴിഞ്ഞദിവസം അവളെ കണ്ടപ്പോൾ ഇവന്റെ ചില ആക്ഷൻ ഒക്കെ കണ്ടപ്പോൾ എനിക്ക് സംശയം തോന്നി.. അപ്പോഴാണ് ഞാൻ ചോദിച്ചത്. അപ്പഴാ പറഞ്ഞത് ഞാൻ പറഞ്ഞു പപ്പ സമ്മതിക്കുകയാണെങ്കിൽ നമുക്ക് കല്യാണം നടത്താം. ഇല്ലെങ്കിൽ നീ ആ കൊച്ചിനെ അങ്ങ് മറന്നേക്കാൻ
ജെസ്സി ഒളിക്കണ്ണിട്ട് ഭർത്താവിനെ നോക്കി പറഞ്ഞു
” ഉവ്വ…… നീ അങ്ങനെ തന്നെയായിരിക്കും അവനോട് പറഞ്ഞിട്ടുണ്ടാവുന്നത്. എനിക്ക് അത് ഊഹിക്കാമല്ലോ,
” അതെന്താ മനുഷ്യാ നിങ്ങൾക്ക് എന്നെ ഒരു വിശ്വാസമില്ലാത്തത് പോലെ…
” നീ അവനോട് പറഞ്ഞിട്ടുള്ളത് എന്താണെന്ന് ഞാൻ അങ്ങോട്ട് പറയാം, പപ്പ സമ്മതിച്ചില്ലെങ്കിൽ എങ്ങനെ സമ്മതിപ്പിക്കണം എന്ന് എനിക്കറിയാം, നീ സമാധാനമായിട്ട് ഇരിക്ക് ഞാനും പപ്പയും കൂടി ചെന്ന് ആ പെണ്ണിന്റെ വീട്ടിൽ സംസാരിക്കാമെന്ന്…
അയാൾ അത് പറഞ്ഞപ്പോൾ അത്ഭുതത്തോടെ ജെസ്സി അയാളെ നോക്കി
“ഇങ്ങനെയല്ലേ നീ അവനോട് പറഞ്ഞിട്ടുണ്ടാകുന്നെ..?
” അത് നിങ്ങൾക്ക് എങ്ങനെ അറിയാം..?
അമ്പരപ്പോടെ അവർ ചോദിച്ചു
” കൊല്ലം കുറച്ച് ആയില്ലേടി നിന്റെ കൂടെ കിടന്നുറങ്ങാൻ തുടങ്ങിയിട്ട്….
“ആഹ്… അങ്ങനെ തന്നെയാണ് ഞാൻ പറഞ്ഞത്.. എന്റെ ചെറുക്കന് പത്തു കൊല്ലമായിട്ട് ഒരു പെണ്ണിനെ ഇഷ്ടമാണ്… ഒരു പാവം കൊച്ചിന് ആശയും കൊടുത്തിട്ട് ഞാൻ പറയണോ നിങ്ങൾ അതിന് സമ്മതിച്ചില്ലെങ്കിൽ അവളെ മറക്കാൻ…
” ഞാൻ സമ്മതിക്കത്തില്ല എന്നൊന്നും പറഞ്ഞില്ലല്ലോ… ഞാൻ ഇപ്പൊൾ സമ്മതിച്ചാലും ഇല്ലെങ്കിലും നിങ്ങൾ അമ്മയും മോനും കൂടി തീരുമാനം എടുത്തില്ലേ പിന്നെ ഒരു ചടങ്ങ് എന്ന നിലയ്ക്ക് എന്നോട് ചോദിച്ചു എന്ന് മാത്രം.
” എന്റെ ഇച്ചായ അങ്ങനെ ഞങ്ങൾ തീരുമാനിക്കുമോ.? എന്നാ പറഞ്ഞാലും ഈ കുടുംബത്തിന്റെ നാഥൻ നിങ്ങളല്ലേ… എന്റെ പേടി അതൊന്നുമല്ല നിങ്ങടെ കുടുംബക്കാര് എന്തെങ്കിലും പ്രശ്നമുണ്ടാക്കുമോന്നാ, ആ കൊച്ചിന്റെ അമ്മ ഇവിടത്തെ ജോലിക്കാരി ആയിരുന്നു എന്നൊക്കെ പറഞ്ഞിട്ട്, നിങ്ങൾ വലിയ പ്രതാപികൾ അല്ലേ…?
” നമ്മുടെ മോന്റെ കാര്യം തീരുമാനിക്കുന്നത് എന്റെ കുടുംബക്കാര് അല്ലല്ലോ നമ്മളല്ലേ അവൻ ഇഷ്ടമാണെങ്കിൽ അത് നടത്തിക്കൊടുക്കുക അത്രയേ ഉള്ളൂ…
“10 കൊല്ലമായിട്ട് ഒരു പെൺകുട്ടിയെ സ്നേഹിച്ചിട്ട് സമയം ആയപ്പോൾ പ്രതാപത്തിന്റെയും ബന്ധുക്കളുടെയും കാര്യം പറഞ്ഞു ആ കല്യാണത്തിൽ നിന്ന് മാറുന്നത് തറവാടികൾക്ക് പറഞ്ഞിട്ടുള്ള കാര്യമല്ലല്ലോ…
” അപ്പോൾ കുഴപ്പമൊന്നുമില്ല അല്ലേ…?
” ഞാൻ എന്തിനാ കുഴപ്പമുണ്ടാക്കുന്നത് ഞാനല്ലല്ലോ അവനല്ലേ കല്യാണം കഴിക്കുന്നതും കൂടെ ജീവിക്കുന്നതും ഒക്കെ..
” എങ്കിൽ പിന്നെ നമുക്ക് ആ കൊച്ചിന്റെ വീട്ടിൽ ചെന്ന് സംസാരിച്ചാലോ… ആ കൊച്ചിനും അവനും ഇപ്പോൾ കല്യാണം കഴിക്കാനുള്ള പ്രായമൊക്കെയായി ഇനി വച്ച് താമസിപ്പിക്കേണ്ട.. രണ്ടുപേരും ഒരു സ്ഥലത്താ ജോലിയൊക്കെ ചെയ്യുന്നത്… മാത്രമല്ല ഒരു സ്ഥലത്ത് തന്നെ താമസവും..
” താമസവും…?
അത്ഭുതത്തോടെ അയാൾ ചോദിച്ചു
” അതെന്നെ ലിവിങ് ടുഗതർ വല്ലോമാണോടി….
” അതൊന്നുമല്ല അവരുടെ കമ്പനി ഫ്ലാറ്റ്… അവരല്ലാതെ വേറെ കുറച്ചു പേരൊക്കെ അവിടെ ഉണ്ട്…
“ആ എന്നാൽ പിന്നെ കുഴപ്പമില്ല,
” അതാ പറഞ്ഞത്…രണ്ടുംകൂടി സ്നേഹത്തിലുമാണ്,ഇനിയിപ്പോൾ വച്ച് താമസിപ്പിക്കേണ്ട
“നീ പറഞ്ഞതു പോലെ എന്തെങ്കിലും പ്രശ്നം ഉണ്ടാവാൻ ആയിരുന്നെങ്കിൽ ഈ പത്തു കൊല്ലത്തിനിടയിൽ എപ്പോൾ വേണമെങ്കിലും ഉണ്ടാവായിരുന്നല്ലോ… അതുകൊണ്ട് ആ പേടിയുടെ പുറത്ത് നീ കല്യാണം പെട്ടെന്ന് നടത്താനൊന്നും നിൽക്കേണ്ട. നീ ആദ്യം അവനോട് ചോദിക്ക് കല്യാണം കഴിക്കാൻ ഇപ്പോൾ അവൻ ഓക്കെയാണോന്ന്.. ഒരു പെൺകുട്ടിയ്ക്കും കൂടി ചെലവിന് കൊടുക്കാനുള്ള മാർഗം ഇപ്പോൾ അവനുണ്ടൊന്ന് ചോദിക്ക്, എന്നിട്ട് ആലോചിക്കാം.. അല്ലാതെ നമ്മൾ രണ്ടുപേരുംകൂടി ചെന്ന് ആലോചിച്ചിട്ട് അവർക്ക് കല്യാണം ഇപ്പോൾ വേണ്ടെന്ന് പറയുന്നെങ്കിൽ എന്താ ചെയ്യാ? അവനോട് പറ ആ കൊച്ചിനോട് ചോദിച്ച് ഉറപ്പുവരുത്തിയിട്ട് നിന്നോട് പറയാൻ, അത് കഴിഞ്ഞിട്ട് നമുക്ക് ശ്വേതയെയും ഭർത്താവിനെയും കൂടി വിളിച്ചിട്ട് എല്ലാവർക്കും കൂടി ചെന്ന് പെണ്ണ് ചോദിച്ച് ഒരു ദിവസം അങ്ങ് തീരുമാനിക്കാം…
” അവനോട് ഞാൻ ഇപ്പൊൾ തന്നെ ചോദിക്കാം…
” ഇപ്പൊൾ ഇനി ചോദിക്കാൻ നിക്കണ്ട, അവൻ വന്നു കയറിയതല്ലേ ഉള്ളൂ. മാത്രമല്ല ഇന്ന് പെരുന്നാളും ആയിരുന്നില്ലേ കൂട്ടുകാരുടെ ഒക്കെ കൂടെ ഇച്ചിരി കൂടിയിട്ട് ആയിരിക്കും വന്നിരിക്കുന്നത്… നാളെ മതി
അയാൾ പറഞ്ഞത് സമ്മതിച്ചു ഏറെ സന്തോഷത്തോടെ ജെസ്സി തലയാട്ടി കട്ടിലിലേക്ക് കിടന്നിരുന്നു…..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]