ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 78
[ad_1]
രചന: റിൻസി പ്രിൻസ്
കണ്ണാടിയുടെ ഡിസ്പ്ലേയിൽ അവൾക്ക് ചേരുമോ എന്നതുപോലെ കഴുത്തിലേക്ക് വെച്ചുനോക്കി… ഒരു നിമിഷം അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു… ഇതൊക്കെ സ്വപ്നമാണോ സത്യമാണോ എന്ന് മനസ്സിലാക്കാൻ സാധിക്കാത്ത ഒരു അവസ്ഥയിലായിരുന്നു അവൾ.. അവളുടെ മനസ്സിലൂടെ ആദ്യം മുതൽ അവനോട് തോന്നിയ ഓരോ വികാരങ്ങളും കടന്നുപോകാൻ തുടങ്ങി…
അവളുടെ കണ്ണിൽ ചുവപ്പ് പടർന്നത് അവൻ പെട്ടെന്ന് തന്നെ ശ്രദ്ധിച്ചിരുന്നു… പെട്ടെന്ന് അവന്റെ മുഖവും വാടി… അവൻ അവളുടെ മുഖത്തേക്ക് നോക്കി കണ്ണുകൾ കൊണ്ട് എന്താന്ന് ചോദിച്ചു… ഒന്നുമില്ല എന്ന് അവൾ കണ്ണുകൾ അടച്ച് പുഞ്ചിരിയോടെ പറഞ്ഞു… അപ്പോഴേക്കും രണ്ടുതുള്ളി അവളുടെ കണ്ണുകളിൽ നിന്നും അടർന്നു വീണിരുന്നു…. അത് കാണേ സംശയത്തോടെ ഒരിക്കൽ കൂടി അവളെ കൂർപ്പിച്ച് അവൻ നോക്കിയപ്പോൾ, അവനു മാത്രം കേൾക്കാൻ പാകത്തിൽ അവൾ പറഞ്ഞു…
“ഒത്തിരി സന്തോഷം വരുമ്പോൾ എന്റെ കണ്ണ് നിറയും….
ജെസ്സി കൂടെയുള്ളതുകൊണ്ട് കൂടുതൽ കുസൃതികൾ ഒന്നും അവളോട് കാണിക്കാൻ പറ്റാത്തതിനാൽ ചിരിച്ചു കൊണ്ട് ചിമ്മി കാണിച്ചിരുന്നു അവൻ ആ നിമിഷം..
താലിമാല സെലക്ട് ചെയ്തതിനു ശേഷം രണ്ടുപേരും വെഡിങ് റിങ് എടുക്കാൻ ആണ് പോയത്. സിമ്പിൾ ലുക്കിലുള്ള ഡയമണ്ട് റിങ്ങാണ് രണ്ട് പേരുടെയും വെഡിങ് റിങ്ങായി സെലക്ട് ചെയ്തത്… മൂന്നാൾക്കും ഇഷ്ടപ്പെട്ടത് തന്നെ നോക്കി എടുത്തു… വേറെ കാര്യമായി ഒന്നും തന്നെ എടുക്കാൻ ഉണ്ടായിരുന്നില്ല… അമ്മായി അമ്മയ്ക്ക് വള കൊടുക്കുന്ന ഒരു ചടങ്ങ് ഉള്ളതുകൊണ്ടു തന്നെ ജെസ്സിക്ക് ഇഷ്ടപ്പെട്ട ഒരു വള നോക്കി എടുക്കാൻ അവൾ പറഞ്ഞപ്പോഴും അങ്ങനെയുള്ള ചടങ്ങുകൾക്ക് ഒന്നും വലിയ പ്രാധാന്യം കൊടുക്കേണ്ടന്നും തനിക്ക് സ്വർണത്തിനോട് അത്ര വലിയ ഭ്രമം ഒന്നുമില്ല എന്നും പറഞ്ഞു ജെസ്സി നിന്നപ്പോൾ അവൾക്ക് അത്ഭുതമൊന്നും തോന്നിയിരുന്നില്ല… താൻ കാണുന്ന കാലം മുതൽ ജെസ്സി ഇങ്ങനെയാണ്… ഒന്നിനോടും വലിയ ഭ്രമം കാണിക്കുന്നതായി കണ്ടിട്ടില്ല.. അല്ലെങ്കിലും കണ്ടു മടുത്തവർ അങ്ങനെയാണല്ലോ….
എന്തെങ്കിലും നൽകണ്ടേ എന്ന് വിഷമത്തോടെ ജെസ്സിയുടെ മുഖത്തേക്ക് ചോദിച്ചപ്പോൾ അത്ര സങ്കടം ആണെങ്കിൽ സ്വന്തം അമ്മയ്ക്കു ഒരു വളയെടുക്കൂ എന്നായിരുന്നു ജെസ്സി പറഞ്ഞത്..
” അങ്ങനെയല്ലല്ലോ ആന്റി അതൊരു ചടങ്ങ് അല്ലേ…..
” മോളെ ഈ ചടങ്ങുകൾ ഒക്കെ മനുഷ്യൻ ഉണ്ടാക്കുന്നതാ, ഈ ചടങ്ങ് ഒന്നുമല്ലാതെ നിങ്ങടെ കല്യാണമൊക്കെ കഴിഞ്ഞ് നിനക്ക് നല്ല ശമ്പളം കിട്ടുമ്പോൾ നീ എനിക്കൊരു വള മേടിച്ചു തന്നാൽ മതി… പക്ഷെ കൂട്ടത്തിൽ നിന്റെ അമ്മയ്ക്കും കൂടി വാങ്ങണം… അപ്പോൾ ഞാനത് സന്തോഷത്തോടെ സ്വീകരിക്കും…. ചടങ്ങിന്റെ പേരിൽ നീ അത് വാങ്ങിക്കേണ്ട കാര്യമില്ല,
ജെസ്സി തീർത്തു പറഞ്ഞപ്പോൾ ഇനി അതിനെപ്പറ്റി സംസാരിക്കേണ്ട ആവശ്യമില്ല എന്ന് അവൾക്കും തോന്നിയിരുന്നു… ഏറെ സന്തോഷത്തോടെയാണ് മൂന്നുപേരും ഭക്ഷണം ഒക്കെ കഴിച്ച് പിരിഞ്ഞത്… അവളെ വീട്ടിൽ കൊണ്ടു പോയി വിട്ടിട്ടാണ് സാമും ജെസ്സിയും പോയത്.. ജെസ്സി കാണാതെ ഇരു കണ്ണുകൾ കൊണ്ടും ചുണ്ടു കൊണ്ടും പ്രണയം നിറച്ചൊരു ചുംബനം അവൾക്ക് നൽകാൻ അവൻ മറന്നിരുന്നില്ല… കണ്ണുകൾ കൊണ്ട് കൂർപ്പിച്ചൊരു നോട്ടം പകരമവളും നൽകിയിരുന്നു… വീട്ടിൽ ചെന്ന് അമ്മച്ചിയുടെ വിശേഷങ്ങളൊക്കെ പറഞ്ഞപ്പോൾ അമ്മച്ചിയുടെയും വല്യമ്മച്ചിയുടെയും മനസ്സും ഒരുപാട് നിറഞ്ഞിരുന്നു…
പിന്നീടങ്ങോട്ട് തിരക്കുകൾ ആയിരുന്നു നാട്ടിൽ പലരും ഒളിഞ്ഞും തിരിഞ്ഞും പല പരദൂഷണങ്ങളും പറയുന്നുണ്ടായിരുന്നു… ശ്വേതയ്ക്ക് വന്നുചേർന്ന ഭാഗ്യം പലരെയും അസൂയപ്പെടുത്തി എന്നത് സത്യമാണ്. പലരും പറഞ്ഞ് വാർത്ത റിയയുടെ ചെവിയിലും എത്തി. അവൾക്ക് അത് വിശ്വസിക്കാൻ സാധിച്ചിരുന്നില്ല… സാമിനെ താൻ സ്നേഹിച്ചിട്ടില്ലന്ന് പറയാൻ സാധിക്കില്ല അവനൊപ്പം ഉള്ള ഒരു ജീവിതം ആഗ്രഹിച്ചിരുന്നു. അവനെക്കാൾ മെച്ചപ്പെട്ട ഒരാളെ കണ്ടപ്പോഴാണ് ആ ജീവിതത്തിന് മങ്ങലേറ്റ് തുടങ്ങിയത്… എങ്കിൽ പോലും ശ്വേത ആ ജീവിതം നേടുന്നതിനെക്കുറിച്ച് അവൾക്ക് ചിന്തിക്കാൻ സാധിക്കില്ലായിരുന്നു… മറ്റാരെ അവൻ വിവാഹം കഴിച്ചാലും അവൾക്ക് അത്രത്തോളം വിഷമമോ ദേഷ്യമോ ഉണ്ടാവില്ല. പക്ഷേ ശ്വേതയെ അവൻ വിവാഹം കഴിക്കുന്നത് അവൾക്ക് എന്തുകൊണ്ടോ ഉൾക്കൊള്ളാൻ സാധിച്ചില്ല…. ഒരിക്കൽ അവന്റെ പേരിൽ അവളെ അത്രത്തോളം വട്ട് കളിപ്പിച്ചതാണ്. അവനെക്കുറിച്ച് പ്രണയത്തോടെ അവൾ പറയുമ്പോഴൊക്കെ വളരെയധികം ദേഷ്യത്തോടെയാണ് അത് കേട്ട് നിന്നിട്ടുള്ളത്… അവൾ ആ മോഹം കൈയെത്തി പിടിച്ചു എന്ന് പറയുമ്പോൾ അത് തന്നെ തോൽപ്പിച്ചതിന് തുല്യമാണെന്നാണ് റിയ മനസ്സിൽ വിചാരിച്ചത്… ഉടനെ തന്നെ മൊബൈൽ ഫോൺ എടുത്ത് ബ്ലോക്ക് ചെയ്ത സാമിന്റെ അക്കൗണ്ട് തിരഞ്ഞുപിടിച്ച് അൺബ്ലോക്ക് ചെയ്തു. ശേഷം ഒരു റിക്വസ്റ്റ് കൂടി അയച്ചിരുന്നു… എന്തെങ്കിലും പറഞ്ഞ് അവനെ വരുത്തിയിലാക്കി ഈ വിവാഹം മുടക്കുക എന്നതായിരുന്നു ആ നിമിഷം റിയയുടെ മനസ്സിൽ ഉണ്ടായിരുന്ന ചിന്ത… അല്ലെങ്കിലും ആദ്യത്തെ ഭ്രമം കഴിഞ്ഞപ്പോൾ ഭർത്താവിനോടുള്ള ഇഷ്ടം ഒക്കെ കുറഞ്ഞ് വീണ്ടും എപ്പോഴൊക്കെയോ മനസ്സ് സാമിനെ ഓർത്തു തുടങ്ങിയിരുന്നു. പലപ്പോഴും ഫേക്ക് അക്കൗണ്ടുകൾ വഴി അവന്റെ പ്രൊഫൈൽ നോക്കുമ്പോൾ തന്നെ ഭർത്താവിനെക്കാളും സൗന്ദര്യം അവൻ ഉണ്ട് എന്ന് ചിന്തിക്കുമ്പോൾ ഒരു നഷ്ടബോധം അവളെ വരിഞ്ഞുമുറുക്കുന്നുണ്ടായിരുന്നു. . ഇപ്പോൾ പൂർണ്ണമായും അവൻ മറ്റൊരാൾക്ക് സ്വന്തമാക്കാൻ പോവുകയാണെന്ന് അറിയുമ്പോൾ അതിന്റെ ആഴം വർദ്ധിക്കുന്നു….
നാട്ടുകാർക്ക് മാത്രമല്ല വീട്ടുകാർക്കിടയിലും പലർക്കും ഈ വിവാഹ ബന്ധത്തിന്റെ കാര്യത്തിൽ ശ്വേതയോട് അസൂയ ഉണ്ടായിരുന്നു… അതിൽ മുൻനിരയിൽ നിന്നത് സാലിയുടെ സഹോദരന്റെ ഭാര്യ തന്നെയായിരുന്നു.. തന്റെ മക്കൾക്ക് ഒന്നും ലഭിക്കാത്ത ഒരു ഭാഗ്യം ശ്വേതയെ തേടി വന്നപ്പോൾ അവർക്കത് സഹിക്കാൻ സാധിക്കുന്നതായിരുന്നില്ല. ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമേയുള്ളൂ വിവാഹത്തിന് കല്യാണ സാരിയും വിവാഹനിശ്ചയിത്തിനുള്ള കാര്യങ്ങളെല്ലാം തന്നെ എടുക്കണം, ഒക്കെയത്തിനും കൂടി വളരെ കുറച്ച് സമയമേ ഉള്ളൂ…
അനിറ്റയും ദീപയും കൂടി എത്തിയതോടെ വലിയ സന്തോഷമായിരുന്നു എല്ലാ കാര്യങ്ങളും ചെയ്യാൻ ശ്വേതയ്ക്ക്… വിവാഹത്തിന് ഗൗൺ ഇടാൻ അനിറ്റ നിർബന്ധിച്ച് എങ്കിലും സാരി തന്നെ മതിയെന്ന് തീരുമാനത്തിൽ ആയിരുന്നു ശ്വേത… ഒരുപാട് സ്വപ്നങ്ങൾ ഒന്നും ജീവിതത്തിൽ ഉണ്ടായിട്ടില്ല പക്ഷേ അവനെ കുറിച്ചുള്ള സ്വപ്നങ്ങളിൽ എപ്പോഴും നിറഞ്ഞു നിന്നിട്ടുള്ളത് പരമ്പരാഗതമായ ക്രീം നിറത്തിലുള്ള സാരിയും നെറ്റും ഒക്കെ വെച്ചുള്ള ഒരു രൂപം തന്നെയാണ്. അതുകൊണ്ട് സാരി തന്നെ മതി വിവാഹത്തിന് തീരുമാനിച്ചിരുന്നു… വിലകൂടിയ സാരികളൊക്കെ അനീറ്റയും ദീപയും മാറിമാറി അവൾക്ക് നേരെ നീട്ടിയിട്ടും വലിയ വില ഒന്നുമില്ലാത്ത എന്നാൽ കാണാൻ നല്ല ഭംഗിയുള്ള ഒരു കല്യാണ സാരിയാണ് വിവാഹത്തിനുവേണ്ടി ശ്വേത തിരഞ്ഞെടുത്തത്… 5000 രൂപയിൽ താഴെ മാത്രമേ അതിന് വിലയുണ്ടായിരുന്നുള്ളൂ. കല്യാണത്തിന്റെ പേരിൽ ഒരുപാട് ആഡംബരങ്ങൾ കാണിക്കേണ്ട എന്ന് അവൾ നേരത്തെ തന്നെ തീരുമാനിച്ചതായിരുന്നു… സാരിക്ക് ചേരുന്ന വെള്ളക്കല്ലുകൾ വച്ച ഒരു ഫാൻസിനെക്കലസ് ആണ് അവൾ കഴുത്തിലിടാൻ വേണ്ടി തിരഞ്ഞെടുത്തത്…. കൈകളിലും വെള്ളക്കല്ലുകൾ വച്ച വളകൾ ഇടാൻ ആയിരുന്നു തീരുമാനിച്ചത്… റിസപ്ഷന് വേണ്ടി തിരഞ്ഞെടുത്തു ഒരു സാധാരണ ഹാൻഡ് വർക്ക് ഉള്ള പച്ച സാരി ആയിരുന്നു. അതും വളരെ സിമ്പിൾ വർക്കുകളോട് കൂടിയതായിരുന്നു.. പച്ചനിറത്തിലുള്ള ആ സാരിയ്ക്ക് ചേരുന്ന തരത്തിൽ ഒരു ചെറിയ പാലക്കനെക്കലെസ്സും വളകളും കമ്മലും അവൾ അതിനു വേണ്ടി തിരഞ്ഞെടുത്തു. സ്വർണ്ണം ഒന്നും വിവാഹത്തിനായി അവൾ ഉപയോഗിക്കുന്നില്ല എന്ന് പറഞ്ഞപ്പോൾ അത് കൂട്ടുകാരികൾക്ക് വരെ വലിയ അത്ഭുതമായിരുന്നു…
വിവാഹ നിശ്ചയം വലിയ ആഡംബരങ്ങൾ ഒന്നുമില്ലാതെയാണ് തീരുമാനിച്ചിരുന്നത് എങ്കിലും തലേദിവസം അടുത്തുള്ള കുറച്ച് ആളുകൾക്ക് ഭക്ഷണം കൊടുക്കണമെന്ന് സാലിയുടെ നിർബന്ധമായിരുന്നു.. അതിനു വേണ്ടി ചെറിയൊരു റിസപ്ഷൻ പോലെ കരുതിയിട്ടുണ്ടായിരുന്നു. ശ്വേതയ്ക്ക് പ്രിയപ്പെട്ട എല്ലും കപ്പയും ആയിരുന്നു അതിന്റെ വിഭവമായി ഉണ്ടായിരുന്നത്. വിവാഹ നിശ്ചയം കഴിഞ്ഞ് വലിയ വ്യത്യാസമില്ലാതെയാണ് വിവാഹവും, റിസപ്ഷൻ ദിവസം ബാംഗ്ലൂരിൽ നിന്നുള്ള സുഹൃത്തുക്കളൊക്കെ എത്തിയിട്ടുണ്ടായിരുന്നു.. അതോടൊപ്പം പഴയ കൂട്ടുകാരെ ഒക്കെ തന്നെ ശ്വേത വിളിച്ചിരുന്നു. മഞ്ജിമ മാത്രം തിരക്ക് കാരണം വിവാഹത്തിന്റെ അന്ന് എത്താമെന്ന് അറിയിച്ചു. ആരെയും മറന്നു പോകാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ബാംഗ്ലൂരിൽ നിന്നും വന്ന എല്ലാവർക്കും കൂടി ശ്വേതയുടെ വീട്ടിൽ താങ്ങാൻ സാധിക്കാത്തതുകൊണ്ട് ബാംഗ്ലൂരിൽ നിന്ന് വന്നവരിൽ കുറച്ചുപേർക്ക് സാമിന്റെ വീട്ടിൽ താമസിക്കാം എന്ന് അവൻ തന്നെയാണ് പറഞ്ഞത്… എല്ലാവരും അവളെ കണ്ടപ്പോൾ ചേർത്ത് പിടിച്ചാണ് സന്തോഷം അറിയിച്ചത്… ഇതിനിടയിൽ സഞ്ജീവേട്ടന്റെ വക മാത്രം ഒരു ഡയലോഗ് കേട്ടിരുന്നു, പാല് കട്ട് കുടിക്കുന്ന പൂച്ചകൾ എന്നാണ് രണ്ടുപേരെയും സഞ്ജീവ് വിളിച്ചത്… എന്നാൽ അത് വളരെ സന്തോഷത്തോടു കൂടിയായിരുന്നു പറഞ്ഞത്…
വിവാഹ നിശ്ചയത്തിന്റെ തലേ രാത്രിയിൽ ബന്ധുക്കളോടും മറ്റും വർത്തമാനം പറഞ്ഞു കൊണ്ടിരുന്നപ്പോഴാണ് പെട്ടെന്ന് ശ്വേതയുടെ ഫോണിൽ സാമിന്റെ കാൾ വന്നത്… അവൾ അമ്പരപ്പെട്ടു പോയിരുന്നു ഈ രാത്രിയിൽ അവൻ എന്തിനാണ് വിളിക്കുന്നത് എന്ന് ഓർത്തു… പെട്ടെന്ന് അവൾ ഫോൺ എടുത്തു
“എന്താ ഇച്ചായ
” ഞാന് തന്റെ വീടിന്റെ പുറകുവശത്ത് ഉണ്ട്… താൻ ഒന്ന് ഇവിടേക്ക് വരുമോ…?
അവൻ ചോദിച്ചപ്പോൾ മറുത്ത് പറയാൻ അവൾക്ക് തോന്നിയിരുന്നില്ല… ഇപ്പോൾ വരാമെന്ന് പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്ത് പുറത്തേക്ക് നടന്നിരുന്നു………കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]