ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 93
രചന: റിൻസി പ്രിൻസ്
ഇപ്പൊ തൽക്കാലം ഒന്നും ആവശ്യമില്ല. നീ ചെന്ന് നിന്റെ കെട്ടിയോനെ വിളിച്ച് പള്ളിയിൽ പോകാൻ നോക്ക്…
ചെറുചിരിയോട് ജെസ്സി അത് പറഞ്ഞപ്പോൾ ഭംഗിയായി അവരെ നോക്കി ഒന്ന് ചിരിച്ചതിനു ശേഷം അവൾ നേരെ മുകളിലേക്ക് കയറി പോയിരുന്നു
മുകളിലേക്ക് ചെല്ലുമ്പോൾ അവൻ ഉണർന്നിട്ടുണ്ടായിരുന്നില്ല.. കതക് നന്നായി അടച്ചതിനു ശേഷം അവനൊപ്പം ആ പുതപ്പിലേക്ക് ഒന്നുകൂടി കയറി കിടന്നു ശ്വേത.. ആ നിമിഷം തന്നെ അവൻ അവളെ തന്റെ നെഞ്ചോട് ചേർത്തുപിടിച്ച് അമർത്തി കെട്ടിപ്പിടിച്ച് ഒന്നുകൂടി തിരിഞ്ഞു കിടന്നു. ഇപ്പോൾ എങ്ങും എഴുന്നേൽക്കുന്ന ലക്ഷണമില്ല എന്ന് കണ്ടതോടെ മുടിയിഴ തഴുകി ഒരു ചുംബനം കൊടുത്തു അവൾ.
“എഴുന്നേൽക്കുന്നില്ലേ സമയം ഒരുപാട് ആയി…
” കുറച്ചുനേരം കൂടെ കഴിയട്ടെ, നല്ല ക്ഷീണം..
ഒന്നുകൂടി അവളിലേക്ക് പതുങ്ങി ഒരു പൂച്ചയെ പോലെ കിടന്നുകൊണ്ട് അവൻ പറഞ്ഞു.
” കുർബാനയ്ക്ക് പോണം, കല്യാണം കഴിഞ്ഞിട്ടുള്ള ആദ്യത്തെ കുർബാനയല്ലേ. അതുകൊണ്ട് ഇപ്പോഴെങ്കിലും എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞാലേ പെട്ടെന്നങ്ങ് പോകാൻ പറ്റത്തുള്ളൂ…
“ഓ ശരിയാ, അങ്ങനെ ഒരു കാര്യം ഉണ്ടല്ലോ അത് മറന്നു പോയി…
അതും പറഞ്ഞ് അവളുടെ നെറ്റിയിൽ ഒരു ചുംബനം കൂടി സമ്മാനിച്ചതിനു ശേഷം അവൻ പതിയെ എഴുന്നേറ്റിരുന്നു.
” ഇന്നലത്തെ രാത്രിയുടെ ആവും നല്ല ക്ഷീണം….
അവളെ നോക്കി കൊണ്ട് അവൻ കുസൃതിയോടെ പറഞ്ഞപ്പോൾ അവളിൽ അറിയാതെ ഒരു നാണം തീരതല്ലിയിരുന്നു അവൾ അവന്റെ കവിളിൽ ഒന്ന് പിച്ചി
” എന്താടി ഇപ്പോൾ ഒരു നാണം, ഇന്നലെ ഈ ഒരു നാണമില്ലായിരുന്നല്ലോ…
ഒരു കുസൃതിയോടെ അവൻ പറഞ്ഞപ്പോൾ അവിടെയിരുന്ന പില്ലോ അവന് നേരെ അവൾ എറിഞ്ഞു…
” ഒന്നു പോയി കുളിച്ചിട്ട് വാ ഇച്ചായാ, ഞാൻ ചായ എടുത്തു വച്ചിട്ടുണ്ട്, കുളിച്ചിട്ട് വേഗം വന്ന് കുടിക്കാൻ നോക്ക്, ഞാൻ റെഡിയാവട്ടെ,
അതും പറഞ്ഞ അവൾ കബോർഡിൽ നിന്നും നല്ലൊരു സൽവാർ നോക്കി എടുത്തു. തിരിഞ്ഞുനിൽക്കുന്ന അവളെ പിന്നിലൂടെ വന്നു കെട്ടിപ്പിടിച്ച് കഴുത്തിൽ ഒരു ചുംബനം നൽകുകയാണ് അവൻ കുളിക്കാനായി കയറിയത്. ആഭരണങ്ങളൊക്കെ ഇന്നലെ തന്നെ ഊരി വച്ചിരുന്നു, കഴുത്തിൽ ആകെയുള്ളത് നൂല് പോലെയുള്ള ഒരു മാലയും അതിൽ ഡയമണ്ടിന്റെ ഒരു കുരിശും ഒപ്പം മിന്നും മാത്രമാണ്. കൈയിൽ ആണെങ്കിൽ വെഡിങ് മോതിരവും നേർത്ത ഒരു ചെയിനും കിടപ്പുണ്ട്. കൊലുസ്സിടുന്നത് പണ്ട് ഇഷ്ടമല്ലാത്തത് കൊണ്ട് ആ ഒരു ശീലമില്ല. മൊത്തത്തിൽ നോക്കിയാൽ കല്യാണം കഴിഞ്ഞ ഒരു പെൺകുട്ടിയാണെന്ന് പറയില്ല. എങ്കിലും അതിനപ്പുറം ആഡംബരം കാണിക്കുന്നതിനോട് അവൾക്കും താൽപര്യമുണ്ടായിരുന്നില്ല. അവൻ കുളിക്കാൻ പോയ നേരം കൊണ്ട് അവൾ പെട്ടെന്ന് ഒരുങ്ങിയിരുന്നു സൺ ക്രീമും ലിപ്സ്റ്റിക്കും കാജലും വെച്ച് ചെറിയൊരു മേക്കപ്പ്. ഒരു കുഞ്ഞ് കറുത്ത പൊട്ട്. അധികമാർക്കും മനസ്സിലാവാത്ത രീതിയിൽ ഉപയോഗിച്ച് ചെറിയ ഒരു സിന്ദൂരം. നീളമുള്ള മുടി ക്രാബ് ഉപയോഗിച്ച് വെറുതെ ഒന്ന് രണ്ടു വശത്തു നിന്നും കെട്ടിയിട്ടു. സൽവാറിന്റെ ഷോള് ഒരു ഷോൾഡറിൽ മാത്രമാക്കി ഇട്ടു. സൽവാറിന് ചേരുന്ന ഒരു മോട്ടുകമലും കൂടി ഇട്ടതോടെ മേക്കപ്പ് കഴിഞ്ഞു.
അപ്പോഴേക്കും കുളികഴിഞ്ഞ് സാമും എത്തിയിരുന്നു. അവളുടെ സൽവാറിന് ചേരുന്ന തരത്തിലുള്ള ഒരു ഷർട്ടും ഗ്രേ കളർ ജീൻസ്സും ഇട്ട് അവനും ഒരുങ്ങിയിരുന്നു. രണ്ടുപേരും ഒരുമിച്ചാണ് താഴേക്ക് ഇറങ്ങി വന്നത്.. അപ്പോഴേക്കും ഡൈനിങ് ടേബിൾ ഇരുന്നു ചായ കുടിക്കുകയായിരുന്നു ചിന്നുവും ഭർത്താവും. രണ്ടുപേരും എന്തോ പറഞ്ഞ് ഉടക്കുന്നത് കാണുകയും ചെയ്യാം. അത് പിന്നെ സ്ഥിരം ആയതുകൊണ്ട് വീട്ടിൽ ആരും ശ്രദ്ധിക്കാറില്ല. സാമിനെയും ശ്വേതയും കണ്ടപ്പോൾ രണ്ടുപേരും ചിരിയോടെ അവരെ തന്നെ നോക്കി..
” നിങ്ങൾ രാവിലെ എവിടെ പോകാ..?
മനസ്സിലാവാത്തത് പോലെ ചിന്നു ചോദിച്ചു
” പള്ളിയിൽ പോവാ ആദ്യത്തെ കുർബാനയല്ലേ,
ശ്വേത പറഞ്ഞു
” ആ ശരിയാ അത് ഞാൻ മറന്നു പോയി, മന്ത്രകോടി ഉടുക്കാമായിരുന്നില്ലേ.? അങ്ങനെയല്ലേ പള്ളിയിൽ പോകേണ്ടത്
പെട്ടെന്ന് ചിന്നു ചോദിച്ചപ്പോഴാണ് ആ കാര്യത്തെക്കുറിച്ച് ശ്വേതയും ഓർത്തത്..
” അയ്യോ അത് ഞാൻ ഓർത്തില്ല. പിന്നെ എനിക്ക് സാരിയുടുത്ത് പരിചയവുമില്ല, ഇനിയിപ്പോൾ മാറ്റണോ…?
ശ്വേത ചിന്നുവിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു..
“എന്നാത്തിനാ അങ്ങനെയൊന്നും നിയമം ഒന്നുമില്ല, നമുക്ക് ഏതാണോ ഇഷ്ടം അതിട്ടു പോയാൽ മതി, ഏതായാലും പള്ളി പോകുന്നത് പ്രാർത്ഥിക്കാൻ അല്ലേ.? അല്ലാതെ സാരി കാണിക്കാൻ ഒന്നുമല്ലല്ലോ..
മറുപടി പറഞ്ഞത് ജെസ്സിയാണ്
” നിർബന്ധമൊന്നുമില്ല, ഞാൻ കല്യാണം കഴിഞ്ഞു ചെന്നപ്പോൾ എബിയുടെ അമ്മ എന്നെക്കൊണ്ട് മന്ത്രകോടി ഉടുപ്പിച്ച പള്ളിയിൽ കൊണ്ടുപോയത്. ആ ഒരു ഓർമ്മയിൽ ഞാൻ പറഞ്ഞത് ആണ്..
ചിന്നു അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.
ജെസ്സി എബിയുടെ മുഖത്തേക്ക് കൂർപ്പിച്ച് ഒന്ന് നോക്കി
” എടാ നിന്റെ അമ്മച്ചി ഓരോ നിയമങ്ങളും അവരുടെ മരുമോളെ പഠിപ്പിച്ചു കൊടുത്തേക്കുവാ, അത് എന്റെ വീട്ടിൽ ഇറക്കേണ്ട നീ അവളോട് പറഞ്ഞേക്ക്.
ഒരു തമാശയായി എബിയുടെ മുഖത്തേക്ക് നോക്കി അത് പറഞ്ഞപ്പോൾ അവരെ ഒന്ന് കൂർപ്പിച്ചു നോക്കിയിരുന്നു ചിന്നു
” എന്നാടി അമ്മായിയമ്മയെ പറഞ്ഞാൽ നിനക്ക് ഇഷ്ടപ്പെട്ടില്ലേ..?
ചിന്നുവിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ജെസ്സി ചോദിച്ചു
” ഈ മമ്മിയുടെ കാര്യം ഒരു കാര്യം പറയാൻ പറ്റില്ല, ഞാൻ എന്തെങ്കിലും പറഞ്ഞാൽ ഉടനെ മമ്മി ഒരുമാതിരി പ്രായമായവര് പറയുന്ന പോലെ ഞാൻ പറയുന്നേ എന്നുള്ള രീതിയാണ്,
” സത്യം പറയാലോ ചിന്നു നീ പറയുന്നത് ശരിക്കും പ്രായമായ ആളുകൾ പറയുന്നതുപോലെയാണ്.. ഇവിടെ എന്റെ അമ്മായിയമ്മ ഉണ്ടായിരുന്നെങ്കിൽ എന്തായിരുന്നു പറയുന്നത് അങ്ങനെയാണ് നീ സംസാരിക്കുന്നത്. അപ്പോൾ ഞാൻ എങ്ങനെയാ പറയാതിരിക്കുന്നത്
എബിയും സാമും പരസ്പരം നോക്കുകയാണ് അമ്മയും മകളും തമ്മിലുള്ള യുദ്ധം ഇനി തുടങ്ങുമെന്ന് അവർക്കറിയാം. അതുകൊണ്ടു തന്നെ നൈസായി വിഷയം മാറ്റി വിടാനാണ് അവർ നോക്കിയത്
” ശ്വേതയുടെ വീട്ടിൽ കേറീട്ടെ നിങ്ങൾ വരത്തുള്ളൂ..?
എബി ചോദിച്ചു
” അവിടെ കയറിയിട്ട് വരാമെന്നാണ് വിചാരിക്കുന്നത്
” എങ്കിൽ പിന്നെ കഴിച്ചിട്ട് ഇറങ്ങ്.. ഇപ്പോൾ തന്നെ സമയം ഒരുപാട് ആയി,
ചിന്നു പറഞ്ഞു
” പപ്പാ എവിടെ മമ്മി..?
സാം ജെസ്സിയോട് ആയി ചോദിച്ചു.
” ഇന്നലത്തെ ക്ഷീണം കൊണ്ട് തീരെ വയ്യ എന്ന് തോന്നുന്നു, കുറച്ചുനേരം കിടക്കുകയാണ് എന്ന് പറഞ്ഞു. നിങ്ങൾ പോകുന്നതിനു മുമ്പ് ഒന്ന് കണ്ടിട്ട് പോകു, പിന്നെ ഇവിടുന്ന് വയറുനിറച്ച് കഴിക്കേണ്ട. ഇനി അവിടെ ചെല്ലുമ്പോഴും എന്തെങ്കിലും കഴിക്കാൻ ഉള്ളതല്ലേ.?
ജെസ്സി പറഞ്ഞു
“ഈ മമ്മിയുടെ ഒരു കാര്യം, അവർ വിശന്നു വരുമ്പോൾ ഇങ്ങനെയാണോ പറയുന്നത്.
ചിന്നു ജെസ്സിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു
” അയ്യോടാ അതിന് ഇപ്പൊ എന്താ കുറ്റം.? ഞാൻ ഈ കൊച്ചിനെ അല്ല ഇവനെയാ പറഞ്ഞത്, ഇവൻ ആണെങ്കിൽ ഇവിടുന്ന് ഇപ്പോൾ ഒരു നാലഞ്ച് അപ്പം കഴിച്ചിട്ട് പോകും, അതുകഴിഞ്ഞ് അവരുടെ വീട്ടിൽ ചെല്ലുമ്പോഴും എന്തെങ്കിലും കഴിക്കണ്ടേ.? ആദ്യമായിട്ട് കല്യാണം കഴിഞ്ഞ് ചെറുക്കൻ വീട്ടിലേക്ക് വരുമ്പോൾ ഒന്നും കഴിച്ചില്ലെങ്കിൽ അവർക്കതൊരു വിഷമം ആവില്ലേ. അതുകൊണ്ടാ ഞാൻ പറഞ്ഞത്. ഇവിടുന്ന് കുറച്ചു കഴിച്ചിട്ട് പോയാൽ മതിയെന്ന്,
ജെസ്സി പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചിരുന്നു
” നമുക്കൊന്ന് പപ്പയെ കണ്ടിട്ട് വരാം, എന്നിട്ട് കഴിച്ചിട്ട് ഇറങ്ങാം..
ശ്വേതയുടെ മുഖത്തേക്ക് നോക്കി സാം പറഞ്ഞപ്പോൾ അവൾ തലയാട്ടി സമ്മതിച്ച് അവന്റെ ഒപ്പം മുറിയിലേക്ക് പോയിരുന്നു.
അവർ ചെന്നപ്പോഴേക്കും സാമിന്റെ പപ്പാ കുളികഴിഞ്ഞ് ഇറങ്ങിയിട്ടുണ്ടായിരുന്നു.
” നിങ്ങൾ രാവിലെ എങ്ങോട്ടാ മക്കളെ..
ഏറെ സ്നേഹത്തോടെ അദ്ദേഹം ചോദിച്ചു
” പള്ളി പോവാ പപ്പാ കുർബാന കൂടണ്ടേ,
” എങ്കിൽ പിന്നെ പോയിട്ട് വാ
” മോൾക്ക് ഇവിടെയൊക്കെ ഇഷ്ടപ്പെട്ടോ
ശ്വേതയുടെ മുഖത്തേക്ക് നോക്കി അദ്ദേഹം ചോദിച്ചപ്പോൾ അവൾ അതെ എന്ന് അർത്ഥത്തിൽ നന്നായി ചിരിച്ചുകൊണ്ട് ഒന്ന് തലയാട്ടി
” ഒരുപാട് ഇഷ്ടമായി പപ്പാ
ശ്വേത പറഞ്ഞു
“എങ്കിൽ സമയം കളയണ്ട,
പപ്പാ കഴിക്കുന്നില്ലേ..?
ശ്വേതയാണ് ചോദിച്ചത്
” ഞാൻ ഇപ്പോഴേ കഴിക്കില്ല മോളെ കുറച്ചു സമയം കഴിയും, നിങ്ങൾ കഴിച്ചോ
ശ്വേതയും സാമും ഭക്ഷണം കഴിച്ച് എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിയിരുന്നു, പോകാൻ നേരം പോർച്ചിൽ ഇരിക്കുന്ന ബുള്ളറ്റ് ചൂണ്ടി ശ്വേത ഒരു ആഗ്രഹം പറഞ്ഞു. ആ നിമിഷം അവനും ആഗ്രഹിച്ചത് അതുതന്നെയായിരുന്നു. അതുകൊണ്ടു തന്നെ ബുള്ളറ്റിൽ ആയിരുന്നു രണ്ടുപേരുടെയും യാത്ര, ആ ബുള്ളറ്റിന് പുറകിൽ കയറി അവന്റെ വയറിലേക്ക് കൈ അമർത്തി ഇരുന്നു പോകുമ്പോൾ സ്വർഗ്ഗം നേടിയ സന്തോഷമായിരുന്നു ശ്വേതയ്ക്ക്. നാട്ടിലുള്ള പലരും നോക്കുന്നുണ്ട്. ജീവിതത്തിൽ ഒരുപാട് ആഗ്രഹിച്ച ഒരു നിമിഷം. എത്രയോ വട്ടം സ്വപ്നങ്ങളിൽ ഈ നിമിഷം വന്നു പോയിട്ടുണ്ട് അപ്പോഴൊന്നും യാഥാർത്ഥ്യമാവും എന്ന് കരുതിയിട്ടില്ല
പാല് വാങ്ങി തിരിച്ചുവരുമ്പോഴാണ് നെഞ്ച് വിലങ്ങുന്ന ആ കാഴ്ച റിയയും കണ്ടത്…….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…