ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 98
രചന: റിൻസി പ്രിൻസ്
സുഖമാണോ
“അസുഖങ്ങൾ ഒന്നുമില്ല
അവൻ മറുപടി നൽകി എനിക്ക് ഒന്ന് നേരിൽ കണ്ടാൽ കൊള്ളാമെന്നുണ്ട്.
“എന്തിന്..?
“കുറച്ച് സംസാരിക്കാൻ
” പറഞ്ഞോളൂ
” എങ്കിൽ നമ്പർ തരാമോ ഞാൻ വിളിക്കാം
അവളുടെ ആ മെസ്സേജ് കാണെ എന്ത് റിപ്ലൈ ചെയ്യണം എന്ന് അറിയാതെ അവനിരുന്നു
“നേരിൽ കണ്ട് സംസാരിക്കാനുള്ള ഒന്നും തന്നെ നമുക്കിടയിൽ ഇല്ല…. നമ്മൾ രണ്ടുപേരും ഇന്ന് രണ്ട് ജീവിതത്തിൽ ജീവിക്കുന്നവരാണ്, ഫോണിൽ കൂടി പറയാൻ സാധിക്കാത്ത എന്ത് കാര്യമാണ് നേരിൽ കണ്ട് സംസാരിക്കാൻ ഉള്ളത്..?
അവന്റെ റിപ്ലൈ കണ്ടപ്പോൾ അക്ഷരാർത്ഥത്തിൽ അവൾക്ക് അമ്പരപ്പാണ് തോന്നിയത്. ഇത്രയും രൂക്ഷമായി തന്നോട് സംസാരിക്കാൻ എങ്ങനെ അവന് സാധിക്കുന്നു എന്നാണ് അവൾ ചിന്തിച്ചത്.. പണ്ടൊക്കെ എപ്പോഴും സ്നേഹത്തോടെ മാത്രമേ സംസാരിച്ചിട്ടുള്ളൂ, താൻ പിണങ്ങുന്നത് പോലും അവന് വല്ലാതെ വേദനയായിരുന്നു.. അപ്പോഴൊക്കെ വേദനയോടെയാണ് തന്നോട് സംസാരിച്ചിട്ടുള്ളത്. എപ്പോഴും തോറ്റു തരുന്നതും അവൻ ആയിരുന്നു. അതുകൊണ്ടു തന്നെ നേരിൽ സംസാരിക്കണം എന്ന് പറയുമ്പോൾ അത് അവന് വലിയ സന്തോഷം നൽകുമെന്നാണ് അവൾ കരുതിയത്. എന്നാൽ അവളുടെ വിശ്വാസത്തെ പൂർണമായും തകർക്കുന്ന രീതിയിലുള്ള മറുപടിയായിരുന്നു അവന് ലഭിച്ചിരുന്നത്.
” ഞാൻ കുറച്ചു കാര്യങ്ങൾ പറയാൻ വേണ്ടിയായിരുന്നു കാണണം എന്ന് പറഞ്ഞത് ഫോണിൽ കൂടി സംസാരിക്കാൻ സാധിക്കുന്ന കാര്യങ്ങൾ ആയിരുന്നെങ്കിൽ പറയുമായിരുന്നു… ഇത് നേരിട്ട് മുഖത്തോട് മുഖം നോക്കി സംസാരിക്കേണ്ട കാര്യങ്ങളാണ്, അതുകൊണ്ടാണ് നേരിൽ കാണണമെന്ന് പറഞ്ഞത്… കുഴപ്പമില്ല എന്നോട് ഇപ്പോഴും ആ മനസ്സിൽ ഒരു ചെറിയ ഇഷ്ടം എങ്കിലും ഉണ്ടാവും എന്ന് കരുതിയാണ് പറഞ്ഞത്…
എപ്പോഴത്തെയും പോലെ 18 മത്തെ അടവ് ഇറക്കുകയായിരുന്നു അവൾ.. അപ്പോൾ തന്റെ കണ്ണൊന്നു നിറഞ്ഞാൽ അല്ലെങ്കിൽ മുഖം ഒന്ന് വാടിയാൽ അവനു വേദനയുണ്ടാകുമെന്നും അങ്ങനെ അവൻ എല്ലാ കാര്യങ്ങളും സമ്മതിക്കുമെന്നും അവൾക്കു ഉറപ്പായിരുന്നു. പണ്ടും അങ്ങനെയാണ് പലകാര്യങ്ങളും താൻ അവനെക്കൊണ്ട് സമ്മതിപ്പിച്ചിട്ടുള്ളത്… താൻ വിഷമിക്കാതിരിക്കാൻ വേണ്ടി അവൻ എല്ലാം സമ്മതിച്ചു തരുന്നത് പതിവായിരുന്നു, അവന്റെ റിപ്ലൈക്ക് വേണ്ടി കൗതുകത്തോടെ അവൾ കാത്തിരുന്നു…
‘ഒക്കെ ബൈ…
അവന്റെ മെസ്സേജ് കണ്ടതിനോടൊപ്പം തന്നെ ആ പ്രൊഫൈൽ ബ്ലോക്ക് ആയതുകൂടി കണ്ടപ്പോൾ അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടു എന്ന് റിയക്ക് മനസ്സിലാക്കാൻ സാധിച്ചു. അവൻ വല്ലാതെ മാറിപ്പോയെന്നും ആ മനസ്സിൽ ഇനി തനിക്ക് യാതൊരു സ്ഥാനവും ഇല്ല എന്നും റിയ മനസ്സിലാക്കുകയായിരുന്നു ചെയ്തത്.. ഇനി താൻ എന്ത് ചെയ്യും എന്ന അവസ്ഥയിലായിരുന്നു അവൾ, ആ നിമിഷം ശ്വേതയോട് ആണ് അവൾക്ക് വല്ലാത്ത ദേഷ്യം തോന്നിയത്.. ഒപ്പം താൻ വേണ്ടെന്നുവെച്ച ജീവിതത്തോടും…
അന്ന് ഒരുപാട് വട്ടം തന്നോട് ചോദിച്ചതാണ് വീട്ടിൽ വന്ന് വിവാഹമാലോചിക്കട്ടെ എന്ന്, അപ്പോഴൊക്കെ സാമിനേക്കാൾ പണക്കാരൻ ആയ വ്യക്തിയാണ് തന്റെ ഭർത്താവ് ആവാൻ പോകുന്നത് എന്ന അഹങ്കാരം ആയിരുന്നു തനിക്ക്. ബാംഗ്ലൂരിൽ ചെന്ന സമയത്ത് തന്നെ പരിചയപ്പെട്ടതാണ് അവനെ, ആദ്യം നല്ല സുഹൃത്തായിരുന്നു പതിയെ പതിയെ ആണ് അവൻ വലിയ ധനികനാണ് എന്ന് മനസ്സിലാക്കാൻ സാധിച്ചത്. ബന്ധുക്കളെല്ലാവരും ഓസ്ട്രേലിയയിലാണ് പഠനം കഴിഞ്ഞ് ഇറങ്ങിയാൽ അവർ തന്നെയും ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകും. അവനെ വിവാഹം കഴിക്കുകയാണെങ്കിൽ അവനൊപ്പം ഓസ്ട്രേലിയയിലേക്ക് പോകാം എന്നും ലക്ഷങ്ങൾ വരുമാനം ഉണ്ടാക്കാമെന്നും മനസ്സിൽ കണക്കുകൂട്ടി. അങ്ങനെയാണ് അവനെ വിവാഹം കഴിക്കുവാൻ വേണ്ടി അങ്ങോട്ട് പ്രൊപ്പോസ് ചെയ്യുന്നത്. താൻ ആദ്യം പ്രൊപ്പോസ് ചെയ്തപ്പോൾ മറുപടി ഒരാഴ്ചക്കുള്ളിൽ പറയാം എന്നാണ് അവൻ പറഞ്ഞത് അവൻ എന്താണ് പറയുന്നത് എന്ന് അറിയുന്ന വരെ വല്ലാത്ത ഒരു വീർപ്പുമുട്ടൽ ആയിരുന്നു. യെസ് പറഞ്ഞതിനു ശേഷം എങ്ങനെയെങ്കിലും സാമിനെ ഒഴിവാക്കണമെന്ന് മാത്രമായിരുന്നു മനസ്സിൽ ഉണ്ടായിരുന്നത്. എങ്കിലും അഥവാ ഇവൻ തന്നെ പറ്റിക്കുകയാണെങ്കിലോ എന്ന് ഭയന്ന് ഉടനെ തന്നെ ഒന്നും തന്നെ പറഞ്ഞിരുന്നില്ല. അവൻ തന്നെ വേണ്ടെന്നു വയ്ക്കുകയാണെങ്കിൽ സാമിനെ തന്നെ വിവാഹം കഴിക്കാം എന്നുള്ള തീരുമാനത്തിൽ ആയിരുന്നു താൻ എത്തിയത്.
അവസാനം വിവാഹത്തിന് മുൻപ് അവൻ ഒപ്പം കിടക്ക പങ്കിടാൻ പോലും താൻ തയ്യാറായത് അവൻ തന്നിൽ നിന്നും അകന്നു പോകരുത് എന്നുള്ള ഒരു ലക്ഷ്യത്തിലാണ്. എന്നാൽ വിവാഹശേഷം പലപ്പോഴും വഴക്ക് ഉണ്ടാക്കുമ്പോൾ തനിക്കെതിരെയുള്ള അവന്റെ ഏറ്റവും വലിയ ആയുധവും അതുതന്നെയാണ്. വിവാഹത്തിന് മുൻപ് അവന്റെ റൂമിൽ ചെന്ന് അവനൊപ്പം കിടക്ക പങ്കിട്ട താൻ നല്ല ഒരു പെൺകുട്ടി അല്ല എന്ന് പലപ്പോഴും പിണക്കം ഉള്ള സമയത്ത് അവൻ പറയും. അപ്പോഴൊക്കെ താൻ തന്റെ ആ മണ്ടത്തരത്തെ ഓർത്ത് വിലപിക്കാറുണ്ട്. എന്നാൽ അതിന്റെ പേരിലാണ് താൻ അവനെ വിവാഹ പന്തൽ വരെ എത്തിച്ചത്. തന്റെ കയ്യിൽ ഒരുമിച്ചുള്ള സ്വകാര്യ നിമിഷങ്ങളുടെ വീഡിയോകളും ചിത്രങ്ങളും ഉണ്ടായിരുന്നു. എത്രയും പെട്ടെന്ന് വീട്ടിൽ വന്ന് വിവാഹമാലോചിച്ചില്ലങ്കിൽ അതൊക്കെ അവന്റെ വീട്ടിൽ കൊണ്ടുപോയി കാണിക്കും എന്നും താൻ പറഞ്ഞതുകൊണ്ടാണ് അവൻ വീട്ടുകാരെയും കൂട്ടി തന്റെ വീട്ടിൽ വന്ന വിവാഹമാലോചിച്ചത്. പാരമ്പര്യമായി പണക്കാരായിരുന്ന അവന്റെ വീട്ടുകാർക്ക് താനുമായുള്ള ബന്ധം ഒട്ടും തന്നെ ഇഷ്ടമായിരുന്നില്ല. പിന്നെ അവന്റെ വാശി കൊണ്ട് മാത്രമാണ് ഈ വിവാഹം നടന്നത്. വിവാഹത്തിനു ശേഷം സ്നേഹപൂർവ്വം തന്നോട് മിണ്ടുന്നത് പോലും കണ്ടിട്ടില്ല. പലപ്പോഴും മറ്റു ബന്ധങ്ങൾ പോലും അവൻ ഉണ്ട് എന്ന് തോന്നിയിട്ടുണ്ട്. ഓസ്ട്രേലിയയിലേക്ക് തന്നെ കൊണ്ടുപോകും എന്ന് പ്രതീക്ഷിച്ചു എങ്കിലും അവൻ ഒറ്റയ്ക്കാണ് വിദേശത്തേക്ക് യാത്ര പോയത്. താൻ വിവാഹശേഷം ജോലി ചെയ്യേണ്ട എന്ന് അവൻ തീരുമാനിക്കുകയും ചെയ്തിരുന്നു. തന്നെ ലോണെടുത്താണ് വീട്ടിൽ നിന്നും പഠിപ്പിച്ചത് എന്ന് ചാച്ചൻ പറഞ്ഞപ്പോൾ മകളെ പഠിപ്പിക്കേണ്ടത് വീട്ടുകാരുടെ കടമയാണെന്നും ആ കടം വീട്ടേണ്ടത് മരുമകനാണോ എന്നും ചോദിച്ചു അവൻ വായ അടപ്പിക്കുകയായിരുന്നു ചെയ്തത്.. ഈ സ്ഥാനത്ത് സാം ആയിരുന്നുവെങ്കിൽ തനിക്കൊപ്പം ഉണ്ടാകുമായിരുന്നു എന്ന് ആ നിമിഷം അവൾ ചിന്തിക്കുകയായിരുന്നു. താൻ അവനോട് ചെയ്തത് വലിയൊരു ചതിയായിരുന്നു എന്ന് ഓരോ നിമിഷവും തന്റെ ജീവിതം തന്നെ തനിക്ക് കാണിച്ചു തരികയായിരുന്നു. പിന്നീട് പലവട്ടം സാമിന്റെ ജീവിതത്തിലേക്ക് കയറി കൂടണം എന്ന് ആഗ്രഹിച്ചിട്ടുണ്ട് എന്നാൽ ഇവിടെ നിന്നും ഇറങ്ങി പോകാൻ പറ്റാത്ത അത്രയും താൻ പെട്ട് പോയിരുന്നു… ഗർഭിണി കൂടി ആയതോടെ ഇനിയും അവനൊപ്പം ജീവിക്കുകയല്ലാതെ മറ്റു മാർഗ്ഗം തനിക്ക് മുൻപിൽ ഇല്ല എന്ന് താൻ മനസ്സിലാക്കി. മാത്രമല്ല രണ്ടാം കാട്ടുകാരിയായ ഒരു പെൺകുട്ടിയെ ഇനി തന്റെ ജീവിതത്തിലേക്ക് സാം കൂട്ടുമോ എന്നുള്ള തന്റെ ഭയവും തന്നെ അവനിൽ നിന്നും അകന്നു പോകാൻ പ്രേരിപ്പിച്ചു എന്നു പറയുന്നതാണ് സത്യം. ഇനി ഒരിക്കലും സാമിനെ തനിക്ക് സ്വന്തമായി ലഭിക്കില്ല പക്ഷേ ആ സ്നേഹമെങ്കിലും തനിക്ക് ലഭിക്കണമെന്ന് താൻ ആഗ്രഹിക്കുന്നുണ്ട് ആരും അറിയാതെ ശ്വേതയും തന്റെ ഭർത്താവും അറിയാതെ ഒരു പങ്കാളിയിൽ നിന്നും താൻ ആഗ്രഹിക്കുന്ന ശാരീരിക സുഖവും അതേപോലെ പ്രണയവും അവൻ തനിക്ക് നൽകിയിരുന്നുവെങ്കിൽ എന്ന് താൻ വല്ലാതെ ആഗ്രഹിക്കുന്നു. അതിനു വേണ്ടിയാണ് അവനിലേക്ക് അടുക്കാൻ ശ്രമിക്കുന്നത് അവനെ നേരിട്ട് കാണണമെന്ന് പറഞ്ഞതും തന്റെ ഈ ആവശ്യങ്ങൾ അവനോട് പറയാൻ വേണ്ടി തന്നെയായിരുന്നു. ഒരു പെൺകുട്ടി നേരിട്ട് ഇത്തരം ഒരു ആവശ്യത്തിന് മുൻകൈ എടുക്കുമ്പോൾ ഒരു പുരുഷന് ഒരിക്കലും അത് തള്ളിക്കളയില്ല എന്ന് വിശ്വാസമാണ് അവനോട് ഇത് പറയാൻ തന്നെ പ്രേരിപ്പിച്ചത്…
ഒരുപക്ഷേ താനൊരു ചീത്ത പെണ്ണ് ആണെന്ന് അവൻ കരുതും ആയിരിക്കും. പക്ഷേ തനിക്ക് പതിയെ പതിയെ അവനെ സ്വന്തമാക്കണം. അവൻ തന്റെ ശരീരത്തിൽ ആധിപത്യം നേടുകയാണെങ്കിൽ എങ്ങനെയും തനിക്ക് അവനെ സ്വന്തമാക്കാം പിന്നെ ശ്വേതയെ ഒഴിവാക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. സ്വന്തം ഭർത്താവ് മറ്റൊരു പെൺകുട്ടിയെ തേടി പോയി എന്ന് അറിയുമ്പോൾ അവൾ തന്നെ ഒഴിവായിക്കോളും പതിയെ സാം തന്നെ സ്നേഹിച്ചു തുടങ്ങും. പതുക്കെ പഴയതുപോലെ.. അങ്ങനെയാണ് മനസ്സിൽ വിശ്വസിച്ചത് ഇത് എങ്ങനെയും പ്രാവർത്തികമാക്കണം എന്ന് ആ നിമിഷം തന്നെ മനസ്സിൽ വിചാരിച്ചിരുന്നു.. അവൻ തന്നെ ബ്ലോക്ക് ചെയ്താലും ഇല്ലെങ്കിലും താൻ അവനെ നേരിട്ട് കാണുമെന്നും തന്റെ ആവശ്യം അവനെക്കൊണ്ട് അംഗീകരിക്കും എന്നും അവൾ മനസ്സിൽ ഉറപ്പിച്ചു കഴിഞ്ഞു…..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…