‘എന്റെ കുഞ്ഞിന്റെ അച്ഛൻ ഇലോൺ മസ്ക് ആണ്’; വെളിപ്പെടുത്തലുമായി എഴുത്തുകാരി ആഷ്ലി സെന്റ് ക്ലെയർ

ടെസ്ല സിഇഒ ഇലോൺ മസ്കിൻ്റെ കുഞ്ഞിന് ജന്മം നൽകിയെന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ എഴുത്തുകാരിയും ഇൻഫ്ലുവൻസറുമായ ആഷ്ലി സെന്റ് ക്ലെയർ. എക്സിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് യുവതി ഇക്കാര്യം അറിയിച്ചത്. അഞ്ച് മാസം മുൻപാണ് മസ്കിന്റെ കുഞ്ഞിനു ജന്മം നൽകിയതെന്നാണ് യുവതിയുടെ അവകാശവാദം. അതേസമയം കുഞ്ഞിന്റെ സ്വകാര്യത മാനിക്കണമെന്നും ആഷ്ലി കുറിച്ചു.
‘അഞ്ച് മാസം മുമ്പ്, ഞാൻ ഒരു കുഞ്ഞിനെ ലോകത്തിലേക്ക് സ്വാഗതം ചെയ്തു. ഇലോൺ മസ്കാണ് കുഞ്ഞിന്റെ പിതാവ്. ഞങ്ങളുടെ കുട്ടിയുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുന്നതിനായി ഞാൻ ഇത് വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ അടുത്ത ദിവസങ്ങളിൽ ടാബ്ലോയിഡ് മാധ്യമങ്ങൾ അത് പരസ്യമാക്കാൻ ഉദ്ദേശിക്കുന്നുവെന്ന് മനസിലായെന്നും അതുകൊണ്ടുണ്ടാവുന്ന പ്രശ്നങ്ങൾ എന്താണെന്ന് തിരിച്ചറിയാതെയാണ് അവർ ഇതിന് ശ്രമിക്കുന്നതെന്നും ആഷ്ലി പറഞ്ഞു.
കുട്ടിയെ സാധാരണവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ വളരാൻ അനുവദിക്കുക എന്നതാണ് എന്റെ ഉദ്ദേശ്യം. അതുകൊണ്ടാണ് മാധ്യമങ്ങൾ കുട്ടിയുടെ സ്വകാര്യതയെ മാനിക്കണമെന്നും ആക്രമണാത്മക റിപ്പോർട്ടിംഗിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഞാൻ ആവശ്യപ്പെടുന്നതെന്നും യുവതി പറഞ്ഞു.
അതേസമയം തനിക്ക് കുഞ്ഞ് ജനിച്ച കാര്യം മസ്ക് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ 12 കുട്ടികളുടെ അച്ഛനാണ് ഇലോൺ മസ്ക്. 2002 ലാണ് മസ്ക് ആദ്യമായി അച്ഛനായത്. കനേഡിയൻ എഴുത്തുകാരി ജസ്റ്റിൻ വിൽസൺ ആയിരുന്നു അന്ന് മസ്കിന്റെ പങ്കാളി. നൊവാഡ അലക്സാണ്ടർ എന്ന ആദ്യ മകൻ പക്ഷേ പത്ത് ആഴ്ച പ്രായമുള്ളപ്പോൾ മരണപ്പെട്ടു. പിന്നീട് ഐവിഎഫിലൂടെ അഞ്ച് കുഞ്ഞുങ്ങൾ കൂടി ദമ്പതികൾക്ക് ഉണ്ടായി.