കാത്തിരിപ്പുകൾ നീളുന്നു; വോഡഫോൺ-ഐഡിയ 5ജി ഇനിയും വൈകാൻ സാധ്യത
വോഡഫോൺ-ഐഡിയയുടെ 5ജി സ്വപ്നത്തിന് വീണ്ടും നിറം മങ്ങുന്നു. സാങ്കേതിക ഉപകരണങ്ങൾ കടമായി നൽകില്ലെന്ന് എറിക്സൺ, നോക്കിയ തുടങ്ങിയ കമ്പനികൾ അറിയിച്ചതോടെയാണ് 5ജി എത്തുന്നത് വീണ്ടും വൈകുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 3,500 കോടി രൂപ മുതൽ 4000 കോടി രൂപ വരെ വായ്പാ കുടിശ്ശികയായി വോഡഫോൺ- ഐഡിയ നൽകാൻ ബാക്കിയുണ്ട്. ഈ സാഹചര്യത്തിലാണ് കടമായി ഉപകരണങ്ങൾ നൽകില്ലെന്ന് അറിയിച്ചിരിക്കുന്നത്. ജിയോ, എയർടെൽ തുടങ്ങിയ ടെലികോം സേവന ദാതാക്കൾക്ക് സാങ്കേതിക ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനി കൂടിയാണ് നോക്കിയയും, എറിക്സണും.
സാങ്കേതിക ഉപകരണങ്ങൾ ലഭിക്കുന്ന പക്ഷം നവംബർ- ഡിസംബറിനുള്ളിൽ 5ജി ആരംഭിക്കാനാണ് വോഡഫോൺ-ഐഡിയ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, സാങ്കേതിക ഉപകരണങ്ങൾ ലഭിക്കുന്നത് അനിശ്ചിതത്വത്തിലായതോടെ 2024-ൽ മാത്രമാണ് 5ജി അവതരിപ്പിക്കാൻ സാധ്യത. അതേസമയം, ഓപ്പൺ ആർ.എ.എൻ വിതരണക്കാരായ മാവെനീർ, സാംസംഗ് എന്നിവരുമായും വോഡഫോൺ-ഐഡിയ ചർച്ച നടത്തുന്നുണ്ട്. കൂടാതെ, സ്വകാര്യ ഇക്വിറ്റി കമ്പനികളിൽ നിന്ന് 20,000 കോടി രൂപ സമാഹരിക്കാനും പദ്ധതിയിടുന്നുണ്ട്.