വിഴിഞ്ഞം തുറമുഖം: കേന്ദ്രത്തിൽ നിന്ന് വയബിലിറ്റി ഗ്യാപ് ഫണ്ട് വാങ്ങാൻ മന്ത്രിസഭ അനുമതി നൽകി

വിഴിഞ്ഞം തുറമുഖം പദ്ധതിക്കായി വയബിലിറ്റി ഗ്യാപ് ഫണ്ട്(വിജിഎഫ്) സ്വീകരിക്കാൻ മന്ത്രിസഭ അനുമതി. വായ്പയായി ലഭിക്കുന്ന പണം തിരിച്ചടയ്ക്കണമെന്നാണ് കേന്ദ്രത്തിന്റെ വ്യവസ്ഥ. നേരത്തെ വ്യവസ്ഥയ്ക്കെതിരെ സംസ്ഥാന സർക്കാർ പ്രതിഷേധം അറിയിച്ചിരുന്നു. 818.80കോടി രൂപയാണ് വയബിലിറ്റി ഗ്യാപ് ഫണ്ട്.
2034 മുതൽ തുറമുഖത്തിന്റെ ലാഭം സംസ്ഥാനത്തിന് കിട്ടി തുടങ്ങുന്ന സമയം മുതൽ അതിന്റെ 20 ശതമാനം കേന്ദ്രത്തിൽ അടയ്ക്കണം എന്നാണ് നിബന്ധന. ഏകദേശം പതിനായിരം കോടിയോളം രൂപ 818 കോടി രൂപയ്ക്ക് പകരമായി സർക്കാർ അടയ്ക്കേണ്ടിവരും എന്നാണ് വിലയിരുത്തപ്പെടുന്നത്. തിരിച്ചടവ് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളിയിരുന്നു.
ബദൽ വഴി പ്രതിസന്ധിയെന്ന് വിലയിരുത്തിയതിനെ തുടർന്നാണ് മന്ത്രിസഭാ യോഗത്തിൽ വയബിലിറ്റി ഗ്യാപ് ഫണ്ട് സ്വീകരിക്കാൻ അനുമതി നൽകിയത്. കാര്യങ്ങൾ കേന്ദ്രത്തെ ബോധ്യപ്പെടുത്താൻ സംസ്ഥാനം ഇനിയും ശ്രമിക്കും. പദ്ധതി പൂർണമായി പൂർത്തിയാക്കിയ ശേഷമാണ് തിരിച്ചടവ് തുടങ്ങേണ്ടത്. തിരിച്ചടവ് വരുമ്പോൾ സംസ്ഥാനത്തിന് വലിയ ബാധ്യതയുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്.
എന്നാൽ ഇപ്പോൾ കേന്ദ്ര വ്യവസ്ഥ അംഗീകരിക്കാനാണ് മന്ത്രിസഭയോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്. തുക തിരിച്ചടക്കുക എന്നത് സംസ്ഥാന സർക്കാരിന് വെല്ലുവിളി ഉയർത്തുന്നതാണ്. മറ്റ് മാർഗങ്ങളില്ലാത്തതിനാലാണ് മന്ത്രിസഭാ യോഗത്തിൽ കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്.