Kerala

കേന്ദ്രം കനിഞ്ഞാല്‍ വിഴിഞ്ഞത്തിന് സമീപം ഫിഷിംഗ് ഹാർബർ; സംരംഭകര്‍ക്ക് ചാകര

[ad_1]

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സമീപ പ്രദേശത്തായി പൊഴിയൂരില്‍ മത്സ്യബന്ധന തുറമുഖം നിര്‍മിക്കാന്‍ പ്രാരംഭ നടപടികള്‍ ആരംഭിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി അഞ്ച് കോടി രൂപ അനുവദിച്ചതായി ധനവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. 343 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി കഴിഞ്ഞ ബജറ്റിലാണ് പ്രഖ്യാപിച്ചത്. ഒന്നാം ഘട്ടത്തിന്റെ ഭാഗമായി 68 മീറ്റര്‍ നീളമുള്ള പുലിമുട്ട് നിര്‍മിക്കും.

ഡി.പി.ആര്‍ റെഡി, കേന്ദ്രസഹായം തേടി

പൊഴിയൂര്‍ മത്സ്യബന്ധന തുറമുഖ പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് തയ്യാറാക്കി. പദ്ധതി പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന (പി.എം.എസ്.വൈ) പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തോട് കേരളം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചാല്‍ കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖം യാഥാര്‍ത്ഥ്യമാകും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 40:60 എന്ന അനുപാതത്തിലായിരിക്കും മുതല്‍മുടക്കുക. പദ്ധതിയുടെ ആകെ ചെലവായ 343 കോടി രൂപയില്‍ 205.79 കോടി കേന്ദ്രവിഹിതമായെത്തും. ബാക്കി 137.20 കോടി രൂപ കേരളം കണ്ടെത്തണം.

പദ്ധതി ഇങ്ങനെ

രണ്ട് ഘട്ടങ്ങളിലായാണ് തുറമുഖത്തിന്റെ നിര്‍മാണം ആസൂത്രണം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ചെറുതും വലുതുമായ വള്ളങ്ങള്‍ക്കായി ഹാര്‍ബര്‍ നിര്‍മിക്കും. ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വലിയ ബോട്ടുകള്‍ക്ക് വരാവുന്ന തരത്തിലാണ് രണ്ടാം ഘട്ട നിര്‍മാണം. ഇത് പൂര്‍ത്തിയാകുന്നതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുവരെ വള്ളങ്ങള്‍ ഇവിടേക്കെത്തും. ഇത് സാമ്പത്തിക മേഖലയ്ക്കും കരുത്താകും.

തീരപ്രദേശത്ത് പുത്തനുണര്‍വാകും

പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ പൊഴിയൂര്‍, പൂവാര്‍, കൊച്ചുതുറ, പുതിയതുറ, പുല്ലുവിള തുടങ്ങിയ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് വന്‍ അവസരമാണ് ലഭിക്കുക. 1,300 മീറ്റര്‍ നീളത്തില്‍ പുലിമുട്ട് നിര്‍മിക്കാനാണ് ഡി.പി.ആറില്‍ തീരുമാനമായത്. 150 മീറ്ററില്‍ മറ്റൊന്ന് കൂടി നിര്‍മിക്കാനും പദ്ധതിയുണ്ട്. ഇതിന് പുറമെ ഫിഷ് ലാന്‍ഡിംഗ് സംവിധാനം, ലേല ഹാള്‍, വാര്‍ഫ്, അനുബന്ധ റോഡുകള്‍, തെരുവ് വിളക്ക്, ടോയ്‌ലറ്റ് കോംപ്ലക്‌സ് എന്നിവയും നിര്‍മിക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാന്നിധ്യം മത്സ്യവിപണനവുമായി ബന്ധപ്പെട്ട നിരവധി തൊഴിലവസരങ്ങളും നിക്ഷേപ സാധ്യതകളും തുറക്കും. പൊഴിയൂര്‍ തുറമുഖത്ത് മത്സ്യത്തൊഴിലാളികള്‍ എത്തിക്കുന്ന മത്സ്യം മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റി വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതടക്കമുള്ള വ്യവസായങ്ങള്‍ ഈ പ്രദേശങ്ങളില്‍ വരാനുള്ള സാധ്യതയുമുണ്ട്.

സ്വാഭാവിക ആഴം 12 മീറ്റര്‍

പൊഴിയൂരില്‍ നിര്‍ദ്ദിഷ്ട തുറമുഖം സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന ഭാഗത്ത് കടലിന് 10 മുതല്‍ 12 മീറ്ററോളം സ്വാഭാവിക ആഴമുണ്ട്. വലിയ തോതിലുള്ള ഡ്രഡ്ജിംഗ് നടത്താതെ ഇവിടെ വലിയ ബോട്ടുകള്‍ക്ക് അടുക്കാനാകും. എന്നാല്‍ പുലിമുട്ട് നിര്‍മാണത്തിന് വലിയ അളവില്‍ പാറ ആവശ്യമായി വരുന്നത് വെല്ലുവിളിയാണ്. ഇത് ചെലവ് വര്‍ധിപ്പിക്കും. പദ്ധതിയുടെ ചെലവ് കുറയ്ക്കുന്നതിനായുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിച്ചെലവ് 200 കോടി രൂപയില്‍ താഴെ ആക്കാനാണ് ആവശ്യം. പുലിമുട്ട് നിര്‍മാണത്തിന് പാറക്ക് പകരം വേറെയെന്തെങ്കിലും ഉപയോഗിക്കാനാകുമോയെന്നും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

മുതലപ്പൊഴി പാഠമാണ്

മുതലപ്പൊഴിയിലും പെരുമാതുറയിലും സ്ഥാപിച്ച മത്സ്യബന്ധന തുറമുഖങ്ങളുടെ അശാസ്ത്രീയമായ നിര്‍മാണം നിരവധി മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്തിരുന്നു. ഇതൊഴിവാക്കാന്‍ ശാസ്ത്രീയമായ എല്ലാ വശങ്ങളും പഠിച്ച ശേഷമാണ് ഡി.പി.ആര്‍ തയ്യാറാക്കിയതെന്ന് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് വൃത്തങ്ങള്‍ പ്രതികരിച്ചു.

[ad_2]

Related Articles

Back to top button