പാർട്ടി നയത്തോട് ചേർന്ന് നിൽക്കണമെന്ന് രാഹുൽ; വളഞ്ഞിട്ട് ആക്രമിച്ചാൽ കടുത്ത നിലപാടെന്ന് തരൂർ

ലേഖനവിവാദവും മോദി-ട്രംപ് കൂടിക്കാഴ്ച പ്രശംസയും കോൺഗ്രസിലുണ്ടാക്കിയ പൊട്ടിത്തെറിക്കിടെ ഇന്നലെ ഡൽഹിയിൽ ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി. പാർട്ടി നയത്തോട് ചേർന്ന് നിൽക്കണമെന്ന് തരൂരിനോട് രാഹുൽ ഗാന്ധി അഭ്യർഥിച്ചതായാണ് വിവരം. വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് പ്രതിസന്ധിയുണ്ടാക്കുമെന്ന് രാഹുൽ ചൂണ്ടിക്കാട്ടി
മോദിയുടെ അമേരിക്കൻ സന്ദർശനത്തിൻമേൽ പാർട്ടി സ്വീകരിച്ച നയം രാഹുൽ ഗാന്ധി വിശദീകരിച്ചു. എന്നാൽ താൻ പാർട്ടി നയത്തെ എതിർത്തിട്ടില്ലെന്നായിരുന്നു ശശി തരൂരിന്റെ മറുപടി. ചില വിഷയങ്ങളിൽ എന്നും വ്യക്തിപരമായ അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. പാർട്ടിയിൽ കുറേക്കാലമായി തന്നോട് അവഗണനയുണ്ടെന്നും കൂടിയാലോചന കുറയുന്നതായും തരൂർ പരാതിപ്പെട്ടു
സംസ്ഥാനത്തെ കോൺഗ്രസിലും തനിക്കെതിരെ പടയൊരുക്കമുണ്ട്. വളഞ്ഞിട്ടാക്രമിച്ചാൽ കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരുമെന്നും തരൂർ ചൂണ്ടിക്കാട്ടി. രണ്ട് വിവാദങ്ങളിലും തരൂർ വിശദീകരണം നൽകി. തെറ്റായ ഉദ്ദേശ്യം തനിക്കില്ലായിരുന്നുവെന്നാണ് തരൂർ വിശദീകരിച്ചത്.