Health

തലച്ചോറിലെ മുഴകളെ തിരിച്ചറിയാം

തലവേദനയോ ചെറിയ ഓർമക്കുറവോ അനുഭവപ്പെടാത്ത ആൾക്കാരുണ്ടോ? ഇത്‌ പതിവായോ തുടർച്ചയായോ ഉണ്ടാകുകയാണെങ്കിൽ ശ്രദ്ധിക്കണം. ജോലിയിലെ സമ്മർദമോ മറ്റോ ആയി ഈ ലക്ഷണങ്ങളെ തള്ളിക്കളയുന്നതിനുമുമ്പ്‌, ബ്രെയിൻ ട്യൂമറിന്റെ (മസ്‌തിഷ്‌ക മുഴ) ആരംഭമാണോയെന്ന്‌ പരിശോധിക്കണം. തലച്ചോറിലോ അതിനടുത്തോ ഉള്ള കോശങ്ങളുടെ അസ്വാഭാവിക വളർച്ചയാണ്‌ മുഴകൾ. ഏതു കോശത്തിൽനിന്നാണോ മുഴകൾ ഉണ്ടാകുന്നത്, അതിനെ ആശ്രയിച്ച് ഓരോ മുഴയും വ്യത്യസ്തമായിരിക്കും. ചിലപ്പോൾ തലച്ചോറിന്റെ കോശങ്ങളിൽനിന്നുതന്നെ മുഴകൾ ഉണ്ടാകാം. അല്ലെങ്കിൽ തലച്ചോറിലെ ഞരമ്പുകളിൽനിന്നോ തലയോട്ടിയിൽനിന്നോ  തലച്ചോറിന്റെ അകത്തുനിന്നോ  പ്രതലത്തിൽനിന്നോ മുഴകൾ രൂപപ്പെടാം. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള അർബുദത്തിൽനിന്ന് തലച്ചോറിലേക്ക്‌ വ്യാപിക്കുന്ന മുഴകളുമുണ്ട്. പതിയെ വ്യാപിക്കുന്ന ഈ മുഴകൾ അതിന്റെ സ്വഭാവത്തിലെ വ്യത്യാസംകൊണ്ട്  മനസ്സിലാക്കാം. ജനിതകത്തകരാറുകൾ, കുടുംബപാരമ്പര്യം, റേഡിയേഷൻ തെറാപ്പി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന റേഡിയേഷൻ എക്സ്പോഷർ എന്നിവ ബ്രെയിൻ ട്യൂമറിന്‌ കാരണമാകാം.

പൊതുലക്ഷണങ്ങൾ

ബ്രെയിർ ട്യൂമർ അത്യധികം ശ്രദ്ധയോടെ സമീപിക്കേണ്ട  വിഷയമാണ്. ഇതുമായി ബന്ധപ്പെട്ട അടയാളങ്ങളും ലക്ഷണങ്ങളും വിഭാഗം, അതിന്റെ സ്ഥാനം, ഗ്രേഡ്, വലുപ്പം മുതലായവയെ ആശ്രയിച്ചിരിക്കുമെങ്കിലും ചില പൊതുലക്ഷണങ്ങൾ ഈ രോഗത്തെ തിരിച്ചറിയാൻ സഹായിക്കും.

തലവേദനതന്നെയാണ് പ്രഥമ ലക്ഷണം. തലവേദന ഇല്ലാത്ത ഒരാൾ പുതുതായി അനുഭവപ്പെടുന്ന തലവേദനയെ ഗൗരവമായി കാണണം.  സഹിക്കാൻ പറ്റാത്ത തലവേദന,  പ്രത്യേകിച്ച്‌ രാവിലെ എഴുന്നേൽക്കുമ്പോൾ. അതുപോലെതന്നെ തലവേദനയോടുകൂടിയ ഛർദ്ദി, അപസ്മാരം, തലചുറ്റൽ, ഓർമക്കുറവ്, ചിലപ്പോൾ നടക്കാനോ സംസാരിക്കാനോ കഴിയാതെ വരിക, കൈകാലുകളിലെ ബലക്കുറവ്, കാഴ്‌ചയിലെ മങ്ങൽ, കേൾവിക്കുറവ്, മുഖംകോടിപ്പോകുക തുടങ്ങിയവ പൊതുലക്ഷണങ്ങളാണ്. മുഖത്തിന്റെ ഒരുവശത്തു സംഭവിക്കുന്ന അതികഠിനമായ വേദനയായ ട്രൈഗമനൽ ന്യൂറോൾജിയ (Trigeminal Neuralgia)എന്ന അവസ്ഥയും  അപസ്മാരവും  ലക്ഷണങ്ങളാണ്‌.  ഇതുവരെ അപസ്മാര ലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടില്ലാത്തവർക്ക്‌ പെട്ടെന്ന്  തലകറക്കവും ബോധക്ഷയവും ഉണ്ടാകുകയാണെങ്കിൽ ഗൗരവമായി കാണണം.

മാനസികാരോഗ്യത്തെയും

ബ്രെയിൻ ട്യൂമർ മാനസികാരോഗ്യത്തെയും ബാധിച്ചേക്കാം. കോപം, അലസത, സ്ഥലകാല ബോധമില്ലായ്മ, സ്വഭാവത്തിലെ മാറ്റങ്ങളും  ഓർമപ്പിശകുകളും കാഴ്ചയിലോ കേൾവിയിലോ ഗന്ധത്തിലോ ഉള്ള മാറ്റങ്ങളുമെല്ലാം തലച്ചോറിലെ മുഴകളുടെ ലക്ഷണമാകാം.

സാധാരണയായി എംആർഐ സ്കാൻ ബ്രെയിൻ ട്യൂമർ തിരിച്ചറിയാൻ ഉപയോഗിക്കുന്നു. മറ്റ്‌ എന്തെങ്കിലും കൂടുതൽ വിവരം ഡോക്ടർക്ക്  ആവശ്യമുണ്ടെങ്കിൽ സി റ്റി സ്കാൻ, ആൻജിയോഗ്രാം എന്നീ പരിശോധനകളും നടത്തും. ട്യൂമറിന്റെ വളർച്ച തലച്ചോറിന്റെ  പ്രവർത്തനത്തെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് പരിശോധിക്കാനുള്ള സൈക്കോളജിക്കൽ ടെസ്റ്റുകളും നിലവിലുണ്ട്.  ലക്ഷണങ്ങൾ അവഗണിക്കുന്നത്  ചികിത്സ വൈകിക്കാൻ കാരണമാകും.  അത്‌ പിന്നീട്  മറ്റ്‌ ഗുരുതരമായ അവസ്ഥയിലേക്കും നയിക്കും. ലക്ഷണങ്ങൾ ഉള്ളവർ അത്‌ എത്രതന്നെ ചെറുതായാലും ഉടൻ പരിശോധിച്ച്‌ ഉറപ്പുവരുത്തുകയാണ് ഒരേയൊരു പരിഹാരമാർഗ്ഗം. എല്ലാ ട്യൂമറും അർബുദമല്ല. മാരകമല്ലാത്ത, ഈ മുഴകളെ നീക്കംചെയ്താൽ പിന്നീട് ഉണ്ടാകുന്നതല്ല. എന്നാൽ, അർബുദമുഴകൾ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരാൻ സാധ്യതയേറെയാണ്‌.

ചികിത്സാമാർഗങ്ങൾ

അർബുദമുഴ അല്ലെങ്കിൽ മുഴ പൂർണമായും നീക്കംചെയ്യുകയാണ്‌ രീതി. അർബുദ മുഴയാണെങ്കിൽ സർജറിക്കൊപ്പം റേഡിയേഷനോ കീമോ തെറാപ്പിയോകൂടി വേണ്ടിവരും. മുഴകൾ നീക്കംചെയ്യാൻ തുറന്ന ശസ്ത്രക്രിയാരീതിയും കീഹോൾ രീതിയും പ്രയോജനപ്പെടുത്താം. തലയോട്ടിയിലുള്ള മുഴകൾ നീക്കാനാണ് സാധാരണ ഈ രീതി ഉപയോഗിക്കുന്നത്‌. മുഴയുടെ തരവും സ്ഥാനവും അനുസരിച്ചാണ്‌  ഏത്‌ ശസ്ത്രക്രിയാരീതി വേണമെന്ന്‌ തീരുമാനിക്കുന്നത്‌.

Related Articles

Back to top button