കേരളത്തിന്റെ പ്രതീക്ഷകൾ അസ്തമിക്കുന്നു; വിദർഭ കൂറ്റൻ ലീഡിലേക്ക്, കരുണ്‍ നായര്‍ക്ക് സെഞ്ച്വറി

രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ വിജയപ്രതീക്ഷകൾ അസ്തമിക്കുന്നു. വിദർഭ കൂറ്റൻ ലീഡിലേക്ക് നീങ്ങുകയാണ്. നാലാം ദിനം കളി നിർത്തുമ്പോൾ വിദർഭ നാല് വിക്കറ്റ് നഷ്ടത്തിൽ 249 റൺസ് എന്ന നിലയിലാണ്. നിലവിൽ വിദർഭയ്ക്ക് 286 റൺസിന്റെ ലീഡുണ്ട്. നാളെ ആദ്യ സെഷനിൽ തന്നെ വിദർഭയെ ഓൾ ഔട്ടാക്കാൻ സാധിച്ചാലും കേരളത്തിന് വിജയലക്ഷ്യം മറികടക്കുക എന്നത് അസാധ്യമായിരിക്കും. മത്സരം സമനിലയിൽ പിരിഞ്ഞാലും ഒന്നാമിന്നിംഗ്‌സിൽ ലീഡ് സ്വന്തമാക്കിയതിനാൽ കിരീടവും വിദർഭ സ്വന്തമാക്കും
സ്വപ്‌നതുല്യ തുടക്കമാണ് കേരളത്തിന് നാലാം ദിനം ലഭിച്ചത്. രണ്ടാമിന്നിംഗ്‌സിൽ ബാറ്റിംഗിന് ഇറങ്ങിയ വിദർഭക്ക് ഏഴ് റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായിരുന്നു. രണ്ടാം ഓവറിൽ പാർഥ് രഖഡെയെ പുറത്താക്കി ജലജ് സക്‌സേനയാണ് കേരളത്തിന് ആദ്യ പ്രതീക്ഷ നൽകിയത്. ഒരു റൺസാണ് പാർഥ് എടുത്തത്. മൂന്നാം ഓവറിൽ 5 റൺസെടുത്ത ധ്രുവ് ഷുറെയെ നിധീഷും വീഴ്ത്തി
എന്നാൽ ഒന്നാമിന്നിംഗ്‌സിലെ പോലെ തന്നെ നാലാം വിക്കറ്റിൽ ഒന്നിച്ച കരുൺ നായരും ഡാനിഷ് മലേവറും ചേർന്ന് കേരളത്തിന്റെ പ്രതീക്ഷകൾ ഒന്നാകെ തകർക്കുകയായിരുന്നു. 73 റൺസെടുത്ത ഡാനിഷ് പുറത്താകുമ്പോഴേക്കും വിദർഭ സ്‌കോർ 189ൽ എത്തിച്ചിരുന്നു. ഇതിനിടെ കരുൺ നായർ സെഞ്ച്വറിയും തികച്ചു. സ്‌കോർ 238ൽ 24 റൺസെടുത്ത യാഷ് റാത്തോഡിനെ ആദിത്യ സർവതെയും പുറത്താക്കി
നാലാം ദിനം കളി നിർത്തുമ്പോൾ വിദർഭ നാലിന് 249 റൺസ് എന്ന നിലയിലാണ്. 280 പന്തിൽ രണ്ട് സിക്‌സും 10 ഫോറും സഹിതം 132 റൺസെടുത്ത കരുൺ നായർ ക്രീസിൽ തുടരുകയാണ്. നാല് റൺസുമായി അക്ഷയ് വഡേക്കറാണ് മറുവശത്ത്.