Novel

നിലാവിന്റെ തോഴൻ: ഭാഗം 17

[ad_1]

രചന: ജിഫ്‌ന നിസാർ

പതിയെ ഒഴുകിയെത്തും പോലെ വന്നു നിന്ന ആഡംബര കാറിൽ നിന്നും പുറത്തേക്കിറങ്ങിയവൻ ചുറ്റുമൊന്ന് നോക്കി.

കൂടി നിന്നവരൊക്കെയും ഒരു നിമിഷം വിറച്ചു പോയിരുന്നു.

അവനിറങ്ങാൻ വേണ്ടി ഡോർ തുറന്നു കൊടുത്തു കൊണ്ട് പിന്നിൽ നിൽക്കുന്നവന്റെ കണ്ണുകളിൽ അവനോടുള്ള ഭയം തെളിഞ്ഞു കാണാം.

വൃത്തിയായി ഇൻ ചെയ്തു ധരിച്ച കറുത്ത ഷർട്ടിനൊപ്പം… ഓഫ് വൈറ്റ് കളർ പാന്റും..

കൂളിംഗ് ഗ്ലാസ്‌ കയ്യിലിട്ട് കറക്കി കൊണ്ടവൻ നേർത്തൊരു ചിരിയോടെ.. എടുപ്പോടെ മുന്നോട്ട് നടന്നു.

അവന് പിറകെ കറുത്ത വസ്ത്രം ധരിച്ചു.. കരുത്തരായ മൂന്നോ നാലോ പേര് കൂടിയുണ്ട്.

“എവിടെയവൻ?”
കയ്യിലുള്ള മൊബൈൽ ഫോണിലേക്ക് വെറുതെയൊന്നു നോക്കിയിട്ട് അവനത് ചോദിച്ചു.
ഒട്ടും പരുക്കമല്ലാത്ത സോഫ്റ്റായ അവന്റെ സ്വരം.

“അകത്തുണ്ട് “കൂടെയുള്ള ഒരുത്തൻ അവനുള്ള മറുപടി കൊടുത്തു.

“എല്ലാം ഒക്കെയല്ലേ? ആർക്കും ഡൌട്ട് ഒന്നുമില്ലല്ലോ?”

വീണ്ടും അതേ ഭാവത്തിൽ തന്നെ അവൻ ചോദിച്ചു.

“നോ സർ.. ഒരീച്ച പോലും അറിഞ്ഞിട്ടില്ല.. അവന്റെ മിസ്സിംഗ്‌ “
കൂടെയുള്ളവന്റെ അഭിമാനം നിറഞ്ഞ മറുപടിയിൽ അവന്റെ ചുണ്ടിൽ മനോഹരമായൊരു ചിരി തെളിഞ്ഞു.

“ഗുഡ്..”അതേ ചിരിയോടെ അവൻ പറഞ്ഞു.

ഒരു കൈ പാന്റിന്റെ പോക്കറ്റിൽ തിരുകി നല്ല വേഗതയിലാണ് അവന്റെ ചുവടുകൾ.

കണ്ണുകൾ നാല് പാടും ചിതറി തെറിക്കുന്നുണ്ട്.

കയ്യിലുള്ള ഫോൺ ബെല്ലടിച്ചതും നടത്തതിനിടയിൽ തന്നെ അവനതെടുത്തു ചെവിയിൽ ചേർത്ത് വെച്ചു.

“ഷാഹിദ് ഹിയർ….”

ഗൗരവം നിറഞ്ഞ അവന്റെ ശബ്ദം അവിടമിലാകെ പ്രതിധ്വനിച്ചു..

                      ❣️❣️❣️

ഫോൺ കട്ട് ചെയ്തു കഴിഞ്ഞു ക്രിസ്റ്റി ഒരു ദീർഘനിശ്വാസത്തോടെ കണ്ണുകൾ അടച്ചു പിടിച്ചു.

ഹൃദയമിടിപ്പ് ക്രമം തെറ്റിയിട്ടുണ്ട്.

അതൊന്നും ശെരിയാവുന്നത് നോക്കി നിൽക്കാനുള്ള നേരമൊന്നുമില്ല.

ഇതിനേക്കാൾ താളം പിഴച്ചൊരു മനസ്സോടെ ഭയന്ന് വിറച്ചു നിൽക്കുന്നവളെ കുറിച്ചോർക്കെ,അവന്റെ ഹൃദയം ആർദ്രമായി പോയിരുന്നു.

ഫോൺ തിരികെ പോക്കറ്റിലേക്ക് തന്നെയിട്ട് കൊണ്ട് ക്രിസ്റ്റി പാത്തുവിന്റെ അരികിലേക്ക് ചെന്നു.

അവനരികിൽ ചെന്നതും അവളെ തന്നെ നോക്കി കിടന്നിരുന്ന ടോമി തല താഴ്ത്തി നിലത്തേക്ക് പതിഞ്ഞു കിടന്നു.

അത് കാണെ പാത്തു അറിയാതെ തന്നെ നെടുവീർപ്പിട്ട് കൊണ്ട് ചുവരിലേക്ക് ചാരി നിന്ന് കിതപ്പടക്കി.

“വാ…പോവാം “

അവൾക്കരികിൽ ചെന്ന് നിന്നിട്ട് ക്രിസ്റ്റി വിളിക്കുമ്പോൾ പാത്തു അവനെ തുറിച്ചു നോക്കി.

“ഇല്ല.. ഞാൻ വരില്ലങ്ങോട്ട്. അവരെന്നെ.. പ്ലീസ്.. ഞാൻ.. ഞാനിവിടെ എവിടെങ്കിലുമൊരു മൂലയിൽ.. നിങ്ങൾക്കൊരു ബുദ്ധിമുട്ടുമുണ്ടാക്കില്ല. പ്ലീസ്.. എന്നെയങ്ങോട്ട് പറഞ്ഞയക്കരുത് “

അറക്കൽ തറവാട്ടിലേക്കാണ് ക്രിസ്റ്റി വിളിക്കുന്നതെന്ന് കരുതി പാത്തു വീണ്ടും കരഞ്ഞു കൊണ്ട് അവന് നേരെ കൈ കൂപ്പി.

ക്രിസ്റ്റിക്ക് വല്ലാതെ നൊന്തിരുന്നു, അവളുടെയാ ദയനീയ ഭാവം.

അവൻ വേഗം തല ചെരിച്ചു കൊണ്ട് നോട്ടം മാറ്റി.

“ഇവിടിങ്ങനെയിരിക്കാൻ പറ്റില്ലല്ലോ ഫാത്തിമ.?പറഞ്ഞല്ലോ ഞാൻ… ധാരാളം വന്യജീവികളുള്ള സ്ഥലമാണ്. അവയിലേതെങ്കിലുമൊന്ന് നിന്നെ കടിച്ചു കീറി ടേസ്റ്റ്‌ നോക്കി പോയാൽ.. ഉത്തരം പറയേണ്ടത് ഞങ്ങളാവും. പ്രതേകിച്ച് ഈ ഞാൻ അതിന്റെ ഉത്തരവാദിത്തം മുഴുവനും ഏറ്റെടുക്കേണ്ടിയും വരും. അത് കൊണ്ട് പറഞ്ഞത് അനുസരിക്ക് നീ ആദ്യം. എന്റെ കൂടെ വാ “

ക്രിസ്റ്റി ഗൗരവത്തോടെ തന്നെ പറഞ്ഞു.

“നിങ്ങളെന്നെ അറക്കലേക്ക് കൊണ്ട് വിട്ടാലും ഇന്നല്ലങ്കിൽ നാളെ ഈ പറഞ്ഞത് തന്നെ സംഭവിക്കും. കാട്ടിലുള്ളതിനേക്കാൾ ഭീകര വിഷ ജന്തുക്കൾ നിറഞ്ഞതാണ് അവിടം. അവരെന്നെ കടിച്ചു പറിക്കും. ജീവൻ ബാക്കി കിട്ടിയേക്കും.. വീണ്ടും വീണ്ടും കടിച്ചു പറിക്കാനായിട്ട് അവരുടെ ഭിക്ഷയായി.ദയവായി അതിനെന്ന.. എറിഞ്ഞു കൊടുക്കരുത്.. പ്ലീസ് “

പാത്തു വീണ്ടും അവന് മുന്നിൽ കൈ കൂപ്പി.

“നിന്നെ ഞാൻ അറക്കൽ തറവാട്ടിലേക്കല്ല ഫാത്തിമ വിളിക്കുന്നത് “

ക്രിസ്റ്റി അവളുടെ മുഖത്തേക്ക് നോക്കി പതിയെ ശാന്തമായി പറഞ്ഞു.

“പിന്നെ… പിന്നെ എങ്ങോട്ട് പോകും.. ഈ പാതിരാത്രി?”

പാത്തുവിന്റെ മുഖത്തു നിറയെ സംശയങ്ങളുണ്ട്.

“ദേ.. ആ കാണുന്നത് എന്റെ വീടാണ്. വീട്ടിലെന്റെ രണ്ട് അമ്മമാരും ഒരു അനിയനും അനിയത്തിയും അവരുടെ അച്ഛനുമുണ്ട്. അങ്ങോട്ടാണ് നിന്നെ ഞാനിപ്പോ വിളിക്കുന്നത്. തത്കാലം വീട്ടിലുള്ളവരൊന്നും അറിയാതെ വേണം അകത്തേക്ക് കയറാൻ. ഇന്നൊരു രാത്രി നീ അഡ്ജസ്റ്റ് ചെയ്യണം. നാളെ ഞാൻ ഒന്നാലോചിച്ചു നോക്കട്ടെ നിന്റെ കാര്യത്തിൽ എന്ത് ചെയ്യാനാവുമെന്ന്. അത് പോലെ ചെയ്യാം. ഇപ്പൊ ഏതായാലും നീ വാ “
ക്രിസ്റ്റി അവൾക്ക് മനസ്സിലാകുന്നത് പോലെ പറഞ്ഞു കൊടുത്തു.

“വേണ്ട… വേണ്ട… നിങ്ങൾക്കത് ബുദ്ധിമുട്ടാവും.. ഞാൻ.. ഞാനിവിടെ..”

പാത്തു നിഷേധിച്ചു കൊണ്ട് തലയാട്ടി.

“പറയുന്നത് മനസ്സിലാക്ക് ഫാത്തിമാ നീ ആദ്യം. കണ്മുന്നിൽ ഇത്രേം ഗതികെട്ട് നിൽക്കുന്ന നിന്നെയിവിടെ ഉപേക്ഷിച്ചു പോകാൻ മാത്രം മനസാക്ഷിയില്ലാത്തവനല്ല ഈ ഞാൻ.”

അവന്റെ മുറുക്കമുള്ള വാക്കുകൾ.

പാത്തു മുഖം കുനിച്ചു.

“നിനക്കെന്നെ വിശ്വാസമുണ്ടോ? “

ക്രിസ്റ്റിയുടെ ചോദ്യം കേട്ടതും പാത്തു അവന് നേരെ മുഖമുയർത്തി നോക്കി.

“ധൈര്യമായിട്ട് പറഞ്ഞോ.. ഈ ലോകത്തിലെ പുരുഷമാർക്കെല്ലാം ഒരേ മനസ്സാണെന്ന് കരുതുന്നുണ്ടോ ഫാത്തിമാ നീ?”

വീണ്ടുമവന്റെ ചോദ്യം കേട്ടതും  പാത്തു വേഗം ഇല്ലെന്ന് തലയാട്ടി കാണിച്ചു.

“എങ്കിൽ എന്റെ കാര്യം ഓർത്തിട്ട് നീ ടെൻഷനാവേണ്ട. എനിക്കറിയാം എന്ത് വേണമെന്ന്. ഇപ്പൊ.. നിനക്കെന്നെ വിശ്വാസമുണ്ടെങ്കിൽ എനിക്കൊപ്പം വരാം. ആരുമറിയാതെ കൊണ്ട് പോകുന്നതെല്ലാം  നീ എനിക്ക് വിട്ടേക്ക്. ഈയൊരു രാത്രി നിന്നെ സംരക്ഷിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടായിട്ട് തന്നെയാണ് ഞാൻ വിളിക്കുന്നത്.”

ക്രിസ്റ്റി ഗൗരവത്തോടെ തന്നെയാണ് പറയുന്നത്.

“വരുന്നെങ്കിൽ പെട്ടന്ന് വേണം. ഇനിയും എനിക്കിവിടിങ്ങനെ നിൽക്കാനാവില്ല.”

ക്രിസ്റ്റി വീണ്ടും പറഞ്ഞു.
പാത്തു എന്ത് വേണമെന്നറിയാത്തൊരു ഭാവത്തിൽ അവനെ നോക്കി.

“തീരുമാനം എന്താണെങ്കിലുമത് നിനക്കെടുക്കാം. അറക്കൽ തറവാട്ടിലേക്ക് പോണമെങ്കിൽ അതുമാവാം. പക്ഷേ.. ഇവിടെ ഇരിക്കാൻ പറ്റില്ല എന്ന് ഞാൻ ഉറപ്പിച്ചു പറയുന്നത്.. ഈ റബ്ബർ മരങ്ങളെ ഊറ്റി വിറ്റ് ജീവിക്കുന്നവനാണ് ഞാൻ. അതും വെളുപ്പിന്. നീ കാരണം അതില്ലാതെയാക്കാൻ തത്കാലം എനിക്ക് പറ്റില്ല. റിയലി സോറി “

മനസ്സിലുള്ളത് ക്രിസ്റ്റി അത് പോലെ തന്നെ അവളോട് പറഞ്ഞു.

നഖം കടിച്ചും തട്ടം കയ്യിലിട്ട് ഞെരിച്ചും ഒരു തീരുമാനമെടുക്കാൻ ആലോചിച്ചു ബുദ്ധിമുട്ടുന്നവളെ നോക്കുമ്പോഴെല്ലാം അവനുള്ളമൊരു കുറുമ്പുകാരിയെ തിരഞ്ഞു.

ഇച്ഛയുടെ കയ്യും പിടിച്ചു അവളീ ലോകത്തിന്റെ ഏതറ്റത്തേക്ക് വേണമെങ്കിൽ പോലും വരുമായിരുന്നു.

ഇച്ഛാ എന്ത് പറഞ്ഞാലും അവൾക്കതായിരുന്നു വേദവാക്യം!

ഇച്ഛ ചെയ്യുന്നതെന്തും അവൾക്ക് ശെരിയാണ്.

അല്ലെന്ന് പറയുന്നവരുടെ നേരെ ചീറി പായുന്നൊരു പെൺപുലി കൂടിയായിരുന്നു അന്നവൾ. സലാമിന്റെ പുലികുട്ടി!

അവന്റെ ചുണ്ടിലൊരു നനുത്ത ചിരി വിരിഞ്ഞു.

“ഞാൻ… ഞാൻ വരാം..”

വളരെ പതിഞ്ഞ ശബ്ദത്തിൽ പാത്തു പറയുമ്പോൾ ക്രിസ്റ്റിയുടെ കണ്ണുകൾ തിളങ്ങി.

ഹൃദയം കുതിച്ചു പൊങ്ങി.

അത് വരെയുമവനെ വലയം ചെയ്തിരുന്ന ഭയത്തിന്റെ ചങ്ങലകൾ അറുത്തു മാറ്റി കളഞ്ഞത് പോലെ.

“എങ്കിൽ വാ “

അതും പറഞ്ഞു കൊണ്ട് ക്രിസ്റ്റി മുന്നേയിറങ്ങി. അവന് പിറകെ ടോമിയും ചാടി എഴുന്നേറ്റു പുറത്തേക്ക് നടന്നു.

ടോമിയുള്ളത് കൊണ്ട് തന്നെ പാത്തു പതിയെയാണ് നടന്നിരുന്നത്.

“ഒന്നനങ്ങി വാ എന്റെ കൊച്ചേ. ഇല്ലേലിപ്പോ അകത്തെത്തും മുന്നേ നേരം വെളുക്കുമല്ലോ?”

ശബ്ദം കുറച്ചു കൊണ്ട് ക്രിസ്റ്റി കൈ മാടി വിളിച്ചു.

ആരെങ്കിലും കാണും മുന്നേ അകത്തു കയറി പറ്റണമെന്ന് മാത്രമായിരുന്നു അവന്റെ ഉള്ളം മുഴുവനും.

പാത്തു കുറച്ചു കൂടി സ്പീഡിൽ അവനൊപ്പം അടുക്കള മുറ്റത്തേക്ക് ഇറങ്ങി ചെന്നു.

ടോമിയൊന്നു നീട്ടി കുരച്ചു കൊണ്ട് മുന്നിലേക്ക് ഓടി കയറി.

“ഓഓഓഓഓ.. മിണ്ടാതെടാ.. ആരെങ്കിലും ഇറങ്ങി വരും.. “
ക്രിസ്റ്റി അവനെ നോക്കി പല്ല് കടിച്ചതും വാലാട്ടി കൊണ്ടവന്റെ കാലിൽ മുട്ടിയുരുമ്മി.

“നമ്മുടെ ആളാണ്‌…”

പാത്തുവിനെ നോക്കിയാണ് അവന്റെയാ നിൽപ്പെന്നു മനസ്സിലാക്കി അൽപ്പം കുനിഞ്ഞിട്ട് അവന്റെ തലയിലൊന്ന് തലോടി ക്രിസ്റ്റി പതിയെ പറഞ്ഞു.

“നീ വിട്ടോ.. ഞാൻ അകത്തേക്ക് പോകുവാണ് “

ഒരിക്കൽ കൂടി അവന്റെ തലയിലൊന്ന് തൊട്ട് നിവർന്നു നിന്നിട്ട് ക്രിസ്റ്റി പറഞ്ഞു.

അടുക്കള മുറ്റത്തെ ലൈറ്റ് മാത്രം കത്തി കിടപ്പുണ്ട്. അതിലൂടെ വേണം പാത്തുവിനെയും കൊണ്ട് അകത്തേക്ക് പോകാൻ.

അത് അപകടമാണ്. ആദ്യം പോയിട്ട് ആ ലൈറ്റ് ഓഫ് ചെയ്തിട്ട് പോരണം.

ക്രിസ്റ്റി പാത്തുവിനെ നോക്കി.

അവളപ്പോഴും  ചുറ്റുമുള്ള കാഴ്ചകളെ പകർത്തുവാണ്.

“നീ ഇവിടെ നിൽക്. ഞാനാദ്യം പോയിട്ടാ ലൈറ്റ് ഓഫ് ചെയ്തിട്ട് വരാം. അല്ലാതെ നമ്മൾക്ക് അകത്തേക്ക് കയറാനാവില്ല “

ക്രിസ്റ്റി ശബ്ദം കുറച്ച് പറഞ്ഞു.

“ന്റള്ളോ “

പാത്തുവിന്റെ കണ്ണുകൾ വീണ്ടും ഭയത്തോടെ ടോമിയെ നോക്കി.

“അവനൊന്നും ചെയ്യില്ല.. പേടിക്കേണ്ട “
അതും പറഞ്ഞു കൊണ്ട് ക്രിസ്റ്റി ധൃതിയിൽ അടുക്കളയിലേക്ക് കയറിയതും അവിടെ ലൈറ്റ് തെളിഞ്ഞതും ഒരുമിച്ചാണ്……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button
error: Content is protected !!