നിലാവിന്റെ തോഴൻ: ഭാഗം 47
[ad_1]
രചന: ജിഫ്ന നിസാർ
“എണീക്ക്.. ഇനിയുമിവിടിരുന്നാ ശരിയാവില്ല “
ക്രിസ്റ്റിയാണ് ആദ്യം എഴുന്നേറ്റത്.
പാത്തുവിന് നേരെ അവൻ കൈ നീട്ടി.
ആ കൈകളിൽ പിടിച്ചിട്ട് അവളെഴുന്നേറ്റു.
“എനിക്കൊന്ന് ഹോസ്പിറ്റലിൽ പോകാനുണ്ട്.”
ക്രിസ്റ്റി പറഞ്ഞു.
“എന്ത് പറ്റി.. ന്താ വയ്യായ്ക?”
പാത്തു അവനെ നോക്കി.
“എനിക്കല്ല. അനിയത്തിക്ക് . അവൾക്ക് പനി. ഇന്നലെ രാത്രി ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയതാണ് “
പറയുന്നതിനിടെ തന്നെ കുനിഞ്ഞു കൊണ്ടവൻ പാത്തുവിന്റെ കയ്യിൽ നിന്നും താഴെ വീണു കിടക്കുന്ന ഫോൺ കയ്യിലെടുത്തു.
“ഇത് നിന്റെയല്ലേ?”
അത് ഓൺ ചെയ്തു കൊണ്ടവൻ അവളെ നോക്കി.
“മ്മ് “
“സ്വന്തമല്ലേ.. വേറെയാർക്കും ഷെയർ ഇല്ലല്ലോ?”
ക്രിസ്റ്റി വീണ്ടും ചോദിച്ചു.
“ഇല്ല.. ഇതെനിക്ക് മാമ തന്നതാ. മാമയുടെ പഴയ ഫോൺ ആയിരുന്നു “
പാത്തു അവനെ നോക്കി പറഞ്ഞു.
അവനതിൽ സ്വന്തം നമ്പർ ഡയൽ ചെയ്തു ചേർത്തു കൊണ്ടവൾക്ക് നേരെ നീട്ടി.
“എന്റെ നമ്പറുണ്ട്. എന്തുണ്ടെങ്കിലും വിളിക്ക്.”
ചിരിയോടെ അവൻ വീണ്ടും കണ്ണ് ചിമ്മി.
അവളാ നമ്പറിനു നേരെ ഇച്ഛാ എന്നെഴുതി ചേർത്തിട്ട് അവനെ നോക്കി.
“നിന്നെ കാണാതായ രണ്ടു രാത്രിയിലും ഞാനെറെ കുറ്റബോധത്തോടെ ഓർത്തിരുന്നു.. നിന്റെ നമ്പർ വാങ്ങി വെക്കാനൊന്ന് തോന്നിയില്ലല്ലോ എന്നത് . ഇനി അങ്ങാനുണ്ടാവാൻ പാടില്ല. ഒരാവിശ്യം വന്നാ വിളിക്കാം. എനിക്കും നിനക്കും.”
നേർത്തൊരു ചിരിയോടെ ക്രിസ്റ്റി പറഞ്ഞു.
“പോയിക്കോ എന്നാ “
വീണ്ടും നോക്കി നിൽക്കുന്ന പാത്തുവിനോട് അവൻ വീണ്ടും പറഞ്ഞു.
“ഇനി എപ്പഴാ കാണുന്നെ?”
പാത്തുവിന് അതറിയാനായിരുന്നു തിടുക്കം.
“ഇനി എപ്പോ വേണമെങ്കിലും കാണാമല്ലോ “
ക്രിസ്റ്റി അവളെ നോക്കി കുറുമ്പോടെ പറഞ്ഞു.
“സൂക്ഷിച്ചു വേണം..നിന്റെ ഓരോ നീക്കവും ഷാഹിദ് നോട്ട് ചെയ്യാൻ സാധ്യതയുണ്ട്. നീ വിചാരിച്ചു വെച്ചത് പോലുള്ള ഒരാളല്ല അവൻ. അതോർമ വേണം “
ക്രിസ്റ്റി ഓർമ്മിപ്പിച്ചതും പാത്തുവിന്റെ മുഖം മങ്ങി.
“ആഹാ.. അപ്പോഴേക്കും വോൾട്ടേജ് പോയോ? എന്റെയാ കുറുമ്പി കൂട്ടുകാരി ഒരുപാട് മാറിയല്ലോ. ആകാശം ഇടിഞ്ഞു വീഴുന്നുവെന്ന് പറഞ്ഞാലും ഇച്ഛനൊപ്പം കട്ടക്ക് കൂടെ നിന്നിരുന്ന അവളല്ലല്ലോ ഇത്.. മ്മ്..”
കുനിഞ്ഞു പോയ പാത്തുവിന്റെ മുഖം അവൻ വിരൽ കൊണ്ടുയർത്തിയിട്ട് പറഞ്ഞു.
അവളൊന്നും മിണ്ടാതെ അവനെ തന്നെ നോക്കി.
“നിന്നെ പേടിപ്പിക്കാൻ പറഞ്ഞതല്ലെന്റെ പാത്തു ഞാൻ. ഷാഹിദ് നിസ്സാരക്കാരനല്ലെന്ന് ഓർമിപ്പിച്ചു തന്നതാ. അതെന്തിനാ എന്നറിയുവോ “
അവൻ അവളെ നോക്കി.
“ഈ പ്രണയത്തിനൊരു കുഴപ്പമുണ്ട്. നമ്മളെത്ര മറച്ചു പിടിക്കാൻ നോക്കിയാലും പുറമെ നിന്നൊരാൾക്ക് പെട്ടന്ന് മനസ്സിലാവും. കണ്ണുകളും.. തുടിക്കുന്ന ഹൃദയവും നമ്മളെത്ര സൂക്ഷിച്ചു കൊണ്ട് നടന്നാലും നമ്മളെ ഒറ്റി കൊടുക്കുന്ന സാക്ഷികളാവും. നമ്മളെ പ്രണയിക്കുന്നവർക്ക് വേണ്ടി നമ്മളെ കൊണ്ടെന്തു സാഹസവും ചെയ്യിക്കാനുള്ള ധൈര്യം തരും അത്. വരും വാരായ്കകളൊന്നും തന്നെ ചിന്തിക്കാതെ നമ്മളെന്തും ചെയ്തു പോകും. കള്ളത്തരം ചെയ്യാൻ യാതൊരു മടിയുമുണ്ടാവില്ല.”
ക്രിസ്റ്റി പറയുന്ന ഓരോ വാക്കിലും ഫാത്തിമയുടെ മനം അലഞ്ഞു നടന്നു.
“ഞാൻ നിന്റെയീ കണ്ണിലൊതുങ്ങും പോലെ.. എന്റെ ലോകമിപ്പോ നിന്നിലാണ്. ചങ്കിലെ അവസാനശ്വാസം വരെയും ഇനി ക്രിസ്റ്റി ഫിലിപ്പെന്ന ഞാൻ ഈ ലോകത്തിലെ ഒന്നിനും വേണ്ടിയിട്ട് നിന്നെ ഉപേക്ഷിച്ചു കളയില്ല. ഇതെന്റെ വാക്കാണ്. പക്ഷേ.. പക്ഷേ നമ്മുടെ ഒരു അശ്രദ്ധകൊണ്ട്.. ഒരായുസ്സ് മുഴുവനും വേദനിക്കാനുള്ള കാരണമായി തീരരുത്… എനിക്ക് നീയും നിനക്ക് ഞാനും. ഇച്ഛാ പറയുന്നത് മനസ്സിലാവുന്നുണ്ടോ നിനക്ക് “
പാത്തുവിന്റെ കവിളിൽ തട്ടി ക്രിസ്റ്റി ചോദിച്ചു.
ചിരിയോടെ അവൾ തലയാട്ടി കൊണ്ടവനെ നോക്കി.
“നിന്നെ കൊണ്ട്… അറക്കലിൽ ഉള്ളവർക്ക് എന്തോ ആവിശ്യമുണ്ട്. അത് അവർ നടപ്പാക്കും വരെയും… അത് വരെയും മാത്രം നീ അവിടെ സേഫ് ആണ്. പക്ഷേ അപ്പോഴും അവിടാരെയും കണ്ണുമടച്ചു വിശ്വാസിക്കരുത്. എപ്പോഴും.. ഉറക്കത്തിൽ പോലും നിനക്കാ ബോധമുണ്ടായിരിക്കണം.
“
ക്രിസ്റ്റി ഗൗരവത്തോടെയാണ് ഇപ്രാവശ്യം പറഞ്ഞത്.
“ഇതൊന്നും നിന്നെ ഭയപ്പെടുത്താനല്ല കേട്ടോ. നിന്നെ എനിക്കിനി നഷ്ടപ്പെടുത്താൻ വയ്യാഞ്ഞിട്ടാ . കാത്തിരിപ്പ് ചിലപ്പോഴെക്കെയും വല്ലാതെന്നെ നോവിച്ചിട്ടുണ്ട് പാത്തു. ഇനിയും.. ഇനിയും എനിക്കതിനു വയ്യ. കൈ എത്തും ദൂരെ ഉണ്ടായിട്ടും.. നഷ്ടപ്പെടാൻ വയ്യ. അത് കൊണ്ടാണ് “
വീണ്ടും അവന്റെ കൈകൾ അവളെ പൊതിഞ്ഞു പിടിച്ചു.
“സമാധാനത്തോടെ പോയിക്കോ.ഇനി നീ തനിച്ചല്ല.ഒരു വിളിക്കപ്പുറം ഇച്ഛയുണ്ടല്ലോ ഇനിയെന്നും.”
അവളിൽ നിന്നും അകന്ന് മാറി കൊണ്ട് ക്രിസ്റ്റി പറഞ്ഞു.
ഒരക്ഷരം അവനോട് തിരിച്ചു പറയാനാവാത്ത നിറവിലായിരുന്നു പാത്തു.
അവളുടെ കൈകൾ ഫോണിൽ മുറികി.
പകൽ വെളിച്ചം നല്ലത് പോലെ തെളിഞ്ഞ ഇടവഴിയിൽ നിന്നും അറക്കലേക്കുള്ള മുറ്റത്തേക്കിറങ്ങും വരെയും തിരിഞ്ഞു നോക്കി പോകുന്നവളുടെ ഹൃദയമവിടെ അവനിൽ ഉപേക്ഷിച്ചു കളഞ്ഞിരുന്നു..
❤️🩹❤️🩹❤️🩹
“ഫാത്തിമക്ക് രാവിലെ നടക്കാനിറങ്ങുന്ന ശീലമുണ്ടല്ലേ? “
യാതൊരു മുന്നൊരുക്കവുമില്ലാത്ത വിധം പെട്ടന്ന് ഷാദി അത് ചോദിച്ചതിൽ അവളൊരു നിമിഷം പകച്ചുനിന്നു പോയി.
“എങ്ങനറിയാം?”
ആ ചോദ്യം ചോദിച്ചു അവളുടെ ഓരോ ഭാവത്തെയും സൂക്ഷിച്ചു നോക്കിയിരിക്കുന്ന ഷാഹിദിന് നേരെ നോക്കി പാത്തുവും ചോദിച്ചു.
“അത് ശെരിയാവില്ലല്ലോ ഫാത്തിമ. ഒരു ചോദ്യത്തിനുള്ള ഉത്തരം മറ്റൊരു ചോദ്യമല്ല.അത് കൊണ്ട് ആദ്യം ചോദിച്ചത് ഞാനല്ലേ..?എനിക്കുള്ള ഉത്തരം കിട്ടിയാൽ നിന്റെ ചോദ്യവും ഞാൻ പരിഗണിക്കാം “
വെല്ലുവിളി പോലെയുള്ള ഷാഹിദിന്റെ ഇരിപ്പ്.
“നീ ഉദ്ദേശിക്കുന്നത് പോലെ അവൻ നിസ്സാരക്കാരനല്ല പാത്തു “
ക്രിസ്റ്റിയുടെ വാക്കുകൾ അവൾക്കുള്ളിൽ നിറഞ്ഞു.
തോന്നിയിരുന്നു.. ഇവനത്ര നിസ്സാരക്കാരനല്ലെന്ന്.
അറക്കലെ തലമൂത്തവർ പോലും ഇവന് മുന്നിൽ ഓഛാനിച്ചു നിൽക്കുന്നത് കണ്ടപ്പോൾ മനസ്സിൽ പലപ്പോഴും തോന്നിയ കാര്യമായിരുന്നു.. ഇവന്റെയീ സുന്ദരമായ മുഖം വെറുമൊരു മൂട്പടം മാത്രമാണെന്ന്.അതിനപ്പുറം വികൃതമായൊരു മുഖം മറഞ്ഞു കിടപ്പുണ്ടെന്ന്. മറച്ചു പിടിച്ചിട്ടുണ്ടെന്ന്..
തന്നോടവൻ കാണിക്കുന്ന സ്നേഹത്തിലും പരിഗണനയിലും സംശയങ്ങൾ ധാരാളമുണ്ടായിരുന്നത് കൊണ്ട് തന്നെ.. എപ്പോഴും ഒരു അകലം സൂക്ഷിച്ചു കൊണ്ട് നടന്നിരുന്നു.
അതിനെ ദേദിച്ചു കൊണ്ട് ഇടിച്ചു കയറാൻ അവനൊട്ടും ശ്രമിച്ചതുമില്ല.
അമീനെ ആരോ അടിച്ചൊതുക്കി ഹോസ്പിറ്റലിൽ കൊണ്ടിട്ടു പോയെന്ന് കേട്ടതും ഷാദിയെ ശ്രദ്ധിച്ചിരുന്നു.
മുഖമൊന്നു മാറാതെയാണ്… അവനത് കേട്ടിരുന്നത്.
ആരും പിന്നെ അതിനെ കുറിച്ചവിടെ പറഞ്ഞു കെട്ടിട്ടില്ലെങ്കിലും തനിക്കു തോന്നിയിരുന്നു ഷാഹിദ് തന്നെയാവും അതിന് പിന്നിലെന്ന്.
“ഹേയ്.. ഫാത്തിമ..”
കണ്മുന്നിൽ വന്നിട്ട് ഷാദി വിരൽ ഞൊടിച്ചു കൊണ്ട് വിളിക്കുമ്പോൾ.പാത്തു ഞെട്ടി കൊണ്ടവനെ നോക്കി.
“സംസാരിക്കുന്നതിനിടെ ഈ സ്വപ്നം കാണുന്ന പരിപാടി തനിക്ക് ആദ്യം മുതലേ ഉള്ളതാണോ?”
ചിരിയോടെ അവന്റെ ചോദ്യം കേട്ടതും അവളൊന്നും പറയാതെ ചിരിച്ചു.
ഹാളിലാണ് അവർ രണ്ടാളും.
അടുക്കളവശത്ത് കൂടി മെല്ലെ അകത്തേക്ക് കയറി മുകളിലേക്ക് വലിയാം എന്ന് കരുതിയവളെ നിരാശപ്പെടുത്തി കൊണ്ട് ഹാളിലെ സോഫയിലിരുന്ന് കൊണ്ട് ഫോണിൽ നോക്കി അവനുണ്ടായിരുന്നു.
ഒരു ചിരി കൊടുത്തു പോകാൻ തുനിഞ്ഞവളെ ഒരു ചോദ്യം കൊണ്ടവൻ തടഞ്ഞു വെച്ചു.
“താനെന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല “
ഉത്തരം കിട്ടിയിട്ടേ അടങ്ങൂ എന്നത് പോലെയുള്ള അവന്റെ ഓർമപ്പെടുത്തൽ.
“ഞാനും ഒരു ചോദ്യം ചോദിച്ചിരുന്നല്ലോ?”
അതേ ഭാവം അവൾക്കും വന്നതോടെ അവന്റെ മുഖം മാറി. കണ്ണൊന്നു പിടച്ചു.
“താൻ അടുക്കളയിൽ കൂടി പുറത്തേക്കിറങ്ങുന്നത് ഞാൻ കണ്ടിരുന്നു. അങ്ങനെ ഊഹിച്ചു.. ഇപ്പൊ തനിക്കുള്ള ഉത്തരമായല്ലോ.? ഇനി എനിക്കുള്ള ഉത്തരം വേണം “
അൽപ്പം ഗൗരവത്തോടെ അവന്റെ ആവിശ്യം.
പിന്നെ ഒഴിഞ്ഞു മാറലൊന്നും നടക്കില്ലെന്നു അവൾക്ക് ഉറപ്പായി.
“പുതുതായി തുടങ്ങിയ ശീലമാണ്. ഇവിടിങ്ങനെ അകത്തിരുന്നു മടുത്തു. അങ്ങനെയാണ് ഈ ഒരു ഐഡിയ തോന്നിയതും പോയതും “
യാതൊരു ഭാവമാറ്റവുമില്ലാതെ പറഞ്ഞവളെ നോക്കി അവനൊന്നു തലയാട്ടി.
“എന്നിട്ടെന്താ അടുക്കള പുറത്ത് കൂടി..? അവിടെവിടാ നടക്കാൻ സ്ഥലം?”
അവന്റെ ചോദ്യത്തിനൊപ്പം കണ്ണുകളും കൂർത്തു.
“ഇവിടെയുള്ള എല്ലാ വഴികളും എനിക്ക് അപരിചിതമല്ലേ.? തുടക്കം ഇങ്ങനാവട്ടെ എന്ന് കരുതി.”
നേർത്തൊരു ചിരിയോടെ അതും പറഞ് അവനെയൊന്ന് കൂടി നോക്കിയിട്ട് പാത്തു വേഗം മുകളിലേക്ക് കയറി പോയ്.
നെഞ്ചിൽ അപ്പോഴും ഭയത്തിന്റെയും ആശങ്കയുടെയും ചടുതലതാളമാണ്.
മുകളിലേക്ക് മറയും മുന്നേ തിരിഞ്ഞു നോക്കുമ്പോഴും അവളെ നോക്കി ഷാഹിദ് താഴെ നിൽപ്പുണ്ടായിരുന്നു.
❣️❣️❣️
തിരികെ മുറിയിലെത്തും വരെയും ക്രിസ്റ്റിയെതോ സ്വപ്നലോകത്തായിരുന്നു.
കഴിഞ്ഞു പോയ നിമിഷങ്ങളെല്ലാം കനവിൽ എത്രയോ പ്രാവശ്യം ഹൃദയം നിറച്ചതാണ്.
പുലർകാല മഞ്ഞിൽ… തനിക്കായ് ഒരിക്കൽ അവളെത്തുമെന്നു വെറുതെ ഓർക്കും..
ആ ഓർമ പോലും ഒരു ലഹരിയായിരുന്നു.
ജീവിക്കാനുള്ള.. പൊരുതാനുള്ള.. കാത്തിരിക്കാനുള്ള ഊർജ്ജമായിരുന്നു.
പാത്തു ചേർന്നു നിന്ന നെഞ്ചിൽ അവന്റെ കൈകൾ തഴുകി.
ഹൃദയം ഉച്ചത്തിൽ മിടിച്ചു.അനേകായിരം പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കാം.. ഇനിയുള്ള യാത്രകളിൽ.
ഏറ്റവും വലിയ ശത്രു പ്രാബലനാണ് എന്നായോർമ പോലും അവനെയാ നിമിഷം ഭയപ്പെടുത്തിയില്ല.
ഒരു രാത്രി മുഴുവനും ഉറങ്ങാതിരുന്നതിന്റെ ആലസ്യവും അപ്പോഴവനെ തളർത്തിയില്ല.
പകരം ഉള്ളും ഉയിരും നിറഞ്ഞു പോകുന്നൊരു ഉന്മേഷം.
ഹോസ്പിറ്റലിൽ പോകാനുള്ളത് കൊണ്ട് അധികനേരം സ്വപ്നത്തിലലിഞ്ഞിരിക്കാൻ കഴിയുമായിരുന്നില്ല.
ദിൽനയെ ഓർത്തതും ഹൃദയം വീണ്ടും പിടച്ചു.
അതുവരെയുമുണ്ടായിരുന്ന ചിരിയേ മായ്ച്ചു കളയാൻ അത് ധാരാളമായിരുന്നു.
ഇന്നൊന്നു ഡോക്ടർ ജയേഷിനെ പോയി കാണണം.
പൊറുക്കിയും റിഷിനും അത് ചെയ്യുമെന്ന് തോന്നുന്നില്ല.
അതോർത്തതും അറിയാതെ തന്നെ അവന്റെ പല്ലുകൾ ഞെരിഞ്ഞു.
ഫൈസിയെ കൂടി വിളിച്ചിട്ട് റെഡിയാവാൻ പറഞ്ഞേൽപ്പിച്ചു കൊണ്ടാണ് ക്രിസ്റ്റി കുളിക്കാൻ കയറിയത്.
പെട്ടന്ന് തന്നെ കുളിച്ചു മാറ്റി അവൻ താഴെക്കിറങ്ങി ചെന്നു.
“ഇന്ന് ഞ്യായർ അല്ല്യോ ടാ. നീ എങ്ങോട്ട് പോണ്, ഇത്രേം വെളുപ്പിനെ ഒരുങ്ങി കെട്ടി?”
അവനെ കണ്ടതും മറിയാമ്മച്ചി ചോദിച്ചു.
ക്രിസ്റ്റി കയ്യിലുള്ള വാച്ചിലെക്കൊന്ന് നോക്കി.
നേരം എട്ടു മണി കഴിഞ്ഞിട്ടുണ്ട്.
അതിനെയാണ് ഈ വെളുപ്പിന് എന്നാക്കി ചുരുക്കിയത്.
“ഡാ “
മറുപടി ഇല്ലാഞ്ഞതും മറിയാമ്മച്ചി ശബ്ദം ഒന്നൂടെ കൂട്ടി.
“എന്റെ മറിയാമ്മച്ചി.. ഞാൻ രാജ്യം വിട്ട് പോകുവല്ല. ഇങ്ങനെ ഒച്ചയിടാൻ. ഹോസ്പിറ്റലിൽ ഒന്ന് പോയി നോക്കണം. അതിനാ..”
കസേര നീക്കി അതിലേക്കിരുന്നു കൊണ്ടവൻ പറഞ്ഞു.
“എന്നാത്തിന്.. നിനക്കെന്നതാ അസുഖം?”
അവരുടെ മുഖം കൂർത്തു.
“ഇത് നല്ല കൂത്ത്.. അസുഖം ഉണ്ടേൽ മാത്രമേ ഹോസ്പിറ്റലിൽ പോകാവൂ എന്നൊക്കെയുണ്ടോ..?ദിലു ഇല്ലേ അവിടെ. ഞാൻ അങ്ങോട്ടാ “
അവൻ ചിരിയോടെ പറഞ്ഞു.
“പിന്നെ… ഒരു കിലു.. അവൾ അവിടുണ്ടേൽ അവിടെ അവളുടെ വേണ്ടപ്പെട്ടവരും ഉണ്ട്. നീ ഇപ്പൊ എന്നാത്തിനാ അങ്ങോട്ട് പോയി അവരുടെ വായിലുള്ളത് കേൾക്കുന്നത് “
അവന്റെയാ പറച്ചില് ഒട്ടും രസിച്ചിട്ടല്ലെന്നു വാക്കുകളിൽ മാത്രമല്ല. അവരുടെ മുഖത്തും നിറഞ്ഞു നിൽപ്പുണ്ട്.
“അവരെന്നെ ഒന്നും പറയയത്തില്ലന്നെ. അതിനുള്ള പവറൊന്നും പൊറുക്കിക്ക് ഇപ്പൊ ഇല്ല “
അവനൊന്നു കണ്ണ് ചിമ്മി.
“ഒരൊറ്റ ദിവസം കൊണ്ട് അവന് മാനസാന്തരം വന്നെന്ന് ഞാനങ്ങു വിശ്വാസിക്കണം. അല്ല്യോഡാ?”
മറിയാമ്മച്ചി അവനെ കളിയാക്കി.
സത്യം എന്തെന്ന് അവരോട് അപ്പൊ പറയാൻ ക്രിസ്റ്റിക്ക് തോന്നിയില്ല.
അത് കൊണ്ട് തന്നെ അവനൊന്നും മിണ്ടാതെ മുന്നിലുള്ള ദോശ എടുത്തു കഴിക്കാൻ തുടങ്ങി.
“ഒരു രാത്രി മുഴുവനും ഉറക്കം കളഞ്ഞിട്ട് നിന്നവനാ. ഒന്ന് കിടന്നുറങ്ങാൻ നിക്കാതെ കുലുവിനെ കാണാൻ പോകുവാ. എന്താ ന്ന് വെച്ചാ ചെയ്തോ. ഒടുവിൽ അവരുടെ വായിലിരിക്കുന്നത് മുഴുവനും കേട്ടിട് ഇവിടെ വന്നെങ്ങാനും മോന്ത കനപ്പിച്ചു പിടിച്ചു നടന്നാ.. ബാക്കി ഞാൻ അപ്പോൾ പറയാം.”
അവൻ കേൾക്കാൻ എന്നത് പോലെ അത്യാവശ്യം ശബ്ദത്തിൽ തന്നെ പിറുപിറുത്തു കൊണ്ട് മറിയാമ്മച്ചി അവിടെ തന്നെ ചുറ്റി തിരിഞ്ഞു.
ക്രിസ്റ്റി ഒന്നും പറയാതെ കഴിച്ചു കൊണ്ടിരിക്കുന്നു.
“പോയിട്ട് വരാവേ “
അതും പറഞ്ഞവരെയൊന്ന് ചേർത്ത് പിടിച്ചു കൊണ്ട് ക്രിസ്റ്റി പെട്ടന്നിറങ്ങി പോയി.
❣️❣️❣️
ക്രിസ്റ്റി വിചാരിച്ചത് പോലെ തന്നെ.. ഡോക്ടർ ജയേഷ് ഒരു നിലക്കും അടുക്കുന്നുണ്ടായിരുന്നില്ല.
ക്രിസ്ടിയും ഫൈസിയും ആവും പോലെ പറഞ്ഞു നോക്കുന്നുന്നുണ്ട്.
ഡോക്ടർ ജയേഷിനാണ് അവരാദ്യം അപ്പോയിമെന്റ് എടുത്തത്.
രണ്ടാളും കൂടി ഒരുപാട് നേരത്തെ ശ്രമത്തിനൊടുവിൽ ജയേഷ് പാതി മനസ്സോടെ അവരുടെ വാക്കുകൾക്ക് സമ്മതം മൂളുമ്പോൾ ക്രിസ്റ്റി ആശ്വാസത്തോടെ ഫൈസിയുടെ കൈകളിൽ മുറുകെ പിടിച്ചു.
“നിങ്ങൾക്ക് വേണ്ടിയാണ്. നിങ്ങൾക്ക് പെങ്ങളോടുള്ള സ്നേഹത്തിനു വേണ്ടിയാണ് ഞാനെന്റെ എത്തിക്സ് മാറ്റി വെച്ചത്. അവളെ ഈ ഗതിയിലാക്കിയവൻ രക്ഷപെട്ടു പോകാതെ നോക്കുകയെന്നത് ഇനി നിങ്ങളുടെ ഉത്തരവാദിത്തമാണ്. ഇന്ന് ദിൽനയെങ്കിൽ… നാളെ ഇതേ മനസ്സോടെ ശിക്ഷ കിട്ടിയില്ലെന്നുള്ള ധൈര്യത്തോടെ മറ്റൊരു പെൺകുട്ടിയെ തേടി അവൻ പോകാൻ പാടില്ല. അത് നിങ്ങളെനിക്ക് ഉറപ്പു നൽകണം “
കടുപ്പത്തിൽ ഡോക്ടർ പറഞ്ഞതും ക്രിസ്റ്റി തലയാട്ടി.
“അതിനുള്ളത് അവന് കിട്ടിയിരിക്കും ഡോക്ടർ. അല്ലെങ്കിൽ പിന്നെ ഞാനെന്തിനാ ദിൽനയുടെ ചേട്ടനെന്നും പറഞ്ഞു നടക്കുന്നത്. ലൈഫിൽ.. ലൈഫിൽ അവനൊരിക്കലും മറക്കാത്തൊരു ഗിഫ്റ്റ് വേണം അവന് കൊടുക്കാൻ. അതിനിടയിൽ ഇനിയും എന്റെ അനിയത്തിയെ വലിച്ചിഴക്കാതെ തന്നെ ഞാനത് ചെയ്യും “
അതേ കടുപ്പമപ്പോൾ അവന്റെ വാക്കുകൾക്കും ഉണ്ടായിരുന്നു.
ഡോക്ടറുടെ മുറിയിൽ നിന്നിറങ്ങി രണ്ടു പേരും കൂടിയാണ് ദിൽനയെ കാണാൻ ചെന്നത്.
രാവിലെ വരും എന്ന് പറഞ്ഞിരുന്നുവെങ്കിലും അവനെയൊട്ടും പ്രതീക്ഷിക്കാത്തൊരു ഭാവമായിരുന്നു ഡെയ്സിക്ക്.
വർക്കിയും റിഷിനും അവിടെ ഇല്ലായിരുന്നു.
തലേന്ന് കണ്ടതിനേക്കാൾ അൽപ്പം കൂടി ക്ഷീണിച്ചത് പോലെയാണ് ദിൽന.
പാതി തുറന്നു വെച്ച കണ്ണോടെ അവളാ കിടക്കയിൽ തളർന്നു കിടക്കുന്നത് കണ്ടതും വീണ്ടും ക്രിസ്റ്റിയുടെ നെഞ്ച് വേദനിച്ചു.
“ചായ കുടിച്ചായിരുന്നോ?”
ഫൈസിയാണ് ഡെയ്സിയോട് ചോദിച്ചത്.
ഇല്ലെന്നവർ തലയാട്ടി.
കരഞ്ഞു നിലിച്ച ആ മുഖത്തേക്ക് ക്രിസ്റ്റി മനഃപൂർവം നോക്കിയില്ല.
മേശയിൽ കഴുകി വെച്ച തൂക്ക് പാത്രവുമായി അവൻ മുറിയിൽ നിന്നിറങ്ങി.
അവനൊപ്പം ഫൈസിയും.
ഒരക്ഷരം മിണ്ടാതെ രണ്ടാളും കാന്റീനിൽ പോയി.
ചായയും അവർക്ക് കഴിക്കാനുള്ളതും വാങ്ങി തിരികെ മുറിയിലെത്തി.
“അവളെ കൂടി വിളിച്ചെഴുന്നേൽപ്പിച്ചു വല്ലതും കൊടുക്കണം. അവൾക്കൊട്ടും വയ്യ.”
ദിൽനയുടെ തലയിലൊന്ന് തലോടി കൊണ്ട് ക്രിസ്റ്റി പറഞ്ഞു.
അധികനേരം നിൽക്കാതെ രണ്ടാളും അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി.
“നിന്നെ വീട്ടിലാക്കി തരാം. എനിക്ക് മീരയുടെ അടുത്തേക്കൊന്ന് പോണം. ചെല്ലാവോ ന്ന് മെസ്സേജ് ഇട്ടിരുന്നു. ഞാൻ റിപ്ലൈ ഒന്നും കൊടുത്തില്ല.. അഥവാ പോകാൻ പറ്റിയില്ലെങ്കിലോ എന്ന് കരുതിയിട്ട്.ചെല്ലാമെന്ന് വാക്ക് കൊടുത്തിട്ട് പിന്നെ പോയില്ലേ അവൾക്കത് സങ്കടമാവും “
ബൈക്കിൽ കയറും മുന്നേ ക്രിസ്റ്റി ഫൈസിയെ നോക്കി പറഞ്ഞു.
“പിന്നെ… ഇള്ളാ കുട്ടി അല്ലേ?”
ഫൈസി ചുണ്ട് കോട്ടി.
“അവിടെ നിന്നിറങ്ങി വേറെ എങ്ങോട്ടേലും പോകാനുണ്ടോ?”
ഫൈസി തിരിച്ചു ചോദിച്ചു.
“ഇല്ല.. എന്തേ?”
“എങ്കിൽ പിന്നെ ഞാൻ കൂടി വരാം.. എന്നെ വീട്ടിലാക്കി പിന്നെ അത്രേം ദൂരം നീ തിരിച്ചു വരണ്ടേ.. അത് റിസ്ക്കല്ലേ?വെറുതെ ടൈം കളയണ്ടല്ലോ? “
ചുണ്ടിലെ കള്ളചിരി ക്രിസ്റ്റി കാണാതിരിക്കാൻ ഫൈസി മുഖം തിരിച്ചു കൊണ്ട് പറഞ്ഞു…….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]