World

എം പോക്‌സിന് പിന്നാലെ മറ്റൊരു നിഗൂഢരോഗം; അപകടകാരി: ബാധിക്കുന്നത് കുട്ടികളെ

 

എം പോക്‌സ് വിതച്ച ഭീതിക്ക് പിന്നാലെ ലോകത്തെ നടുക്കികൊണ്ട് മറ്റൊരു അസുഖം കൂടി. കോംഗോയിലാണ് അസുഖം പടര്‍ന്ന് പിടിക്കുന്നത്. പനിക്ക് സമാനമായിട്ടുള്ള രോഗലക്ഷണങ്ങളുള്ള ഒരു അസുഖമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രോഗം ബാധിച്ച് ഇതിനോടകം നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്.

കഴിഞ്ഞ ഒക്ടോബര്‍ മുതലാണ് രോഗം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് തുടങ്ങിയത്. നവംബര്‍ 29ന് കോങ്കോയിലെ ആരോഗ്യവകുപ്പ് ലോകാരോഗ്യ സംഘടനയ്ക്ക് മരണസംഖ്യ ഉയരുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഏകദേശം 406 പേര്‍ക്കാണ് ഇതുവരേക്കും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തലവേദന, പനി, കഫക്കെട്ട്, മൂക്കൊലിപ്പ്, ശരീരവേദന എന്നിവയാണ് രോഗലക്ഷണങ്ങള്‍.

എന്നാല്‍ രോഗം എന്താണെന്ന കാര്യം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. രോഗം കണ്ടെത്തുന്നതിനായി ആളുകളില്‍ നിന്നും സാമ്പിള്‍ ശേഖരിച്ച് വിവിധ ലാബുകളില്‍ നിന്നായി ടെസ്റ്റ് ചെയ്യുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിക്കുന്നു.

രോഗത്തിന്റെ കാരണം കണ്ടെത്തുന്നതിനായി വിദഗ്ധ സംഘത്തെ കോംഗോയിലേക്ക് അയച്ചതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. പാന്‍സിയിലെ ചിലയിടങ്ങളില്‍ 44 മരണങ്ങള്‍ കൂടി രേഖപ്പെടുത്തിയതായും കോംഗോ ആരോഗ്യമന്ത്രി റോജര്‍ കാംബ പറയുന്നു.

അസുഖം പ്രധാനമായും ബാധിക്കുന്നത് 14 വയസിന് താഴെയുള്ള കുട്ടികളെയാണ്. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളില്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകുന്നുവെന്ന് ആരോഗ്യമേഖലയിലുള്ളവര്‍ പറയുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഇത് കുട്ടികളെ ബാധിക്കുന്നതെന്ന് വ്യക്തമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

രോഗലക്ഷണങ്ങള്‍
പനിയുടേതിന് സമാനമായ രോഗലക്ഷണങ്ങളാണ് ഈ അസുഖത്തിനും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

കഫക്കെട്ട്
തലവേദന
പനി
മൂക്കൊലിപ്പ്
ശ്വാസതടസം
ശരീരവേദന

എന്നാല്‍ അസുഖം ബാധിച്ച് മരണപ്പെട്ടവരില്‍ ചിലര്‍ക്ക് വിളര്‍ച്ച ഉണ്ടായിരുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

രോഗത്തിന് കാരണം?
അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് രോഗം ബാധിച്ചവര്‍ക്കും മരണപ്പെട്ടവര്‍ക്കും മൃഗങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്നാണ്. അസുഖം വരുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇക്കൂട്ടര്‍ ചില വന്യമൃഗങ്ങളുമായി സമ്പര്‍ക്കും പുലര്‍ത്തിയിരുന്നുവെന്നാണ് അല്‍ ജസീറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിനാല്‍ തന്നെ വന്യമൃഗങ്ങളുമായുള്ള സമ്പര്‍ക്കം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രാലയം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മറ്റ് അസുഖങ്ങള്‍
ടൈഫോയ്ഡ്, അഞ്ചാം പനി എന്നിവയുള്‍പ്പെടെയുള്ള നിരവധി അസുഖങ്ങളും മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, കൊവിഡ് 19ന് സമാനമായ ലക്ഷണങ്ങള്‍ ഉള്ളവരും ആശുപത്രികളില്‍ ചികിത്സ തേടുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!