ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ; മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

കേരള മുഖ്യമന്ത്രി പിണറായി വിജയന് 80-ാം പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീർഘായുസും ആരോഗ്യവും ഉണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. നിരവധി പ്രമുഖരാണ് പിണറായിക്ക് ജന്മദിനാശംസകൾ നേർന്നത്. ഗവർണർ രാജേന്ദ്ര ആർലേക്കർ ക്ലിഫ് ഹൗസിലെത്തി നേരിട്ട് ആശംസകൾ അറിയിച്ചു.
മന്ത്രിമാരും ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, കമൽ ഹാസൻ തുടങ്ങിയവരും മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്നു. കേരളത്തിന്റെ പുരോഗതി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച ദൃഢനിശ്ചയമുള്ള നേതാവാണ് പിണറായിയെന്ന് കമൽഹാസൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ’80-ാം ജന്മദിനത്തിൽ, ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നതായും’ അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെ 80-ാം പിറന്നാളാണ് ഇന്ന്. ഇന്നലെയാണ് രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ സമാപിച്ചത്. ഇന്ന് മുതൽ മുഖ്യമന്ത്രി ഓഫീസിലെത്തിത്തുടങ്ങും. മുഖ്യമന്ത്രി കസേരയിൽ പിണറായി വിജയൻ നാളെ ഒമ്പത് വർഷം പൂർത്തിയാക്കും.