Kerala

ഉത്തരക്കടലാസുകൾ സംരക്ഷിക്കേണ്ടത് സർവകലാശാലയുടെ ചുമതല; രൂക്ഷ വിമർശനവുമായി ലോകായുക്ത

തിരുവനന്തപുരം: കേരള സര്‍വകലാശാല എംബിഎ ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ലോകായുക്ത. ഉത്തരക്കടലാസുകള്‍ സംരക്ഷിക്കേണ്ടത് സര്‍വകലാശാലയുടെ ചുമതലയാണെന്ന് ലോകായുക്ത പറഞ്ഞു. പുനപരീക്ഷയെഴുതാത്ത വിദ്യാര്‍ത്ഥിക്ക് ശരാശരി മാര്‍ക്ക് നല്‍കാനും ലോകായുക്ത നിര്‍ദേശം നല്‍കി. സര്‍വകലാശാലയുടെ വീഴ്ചയ്ക്ക് വിദ്യാര്‍ത്ഥി ബുദ്ധിമുട്ടുന്നത് സ്വാഭാവിക നീതിയല്ലെന്ന് നിരീക്ഷിച്ചാണ് നടപടി.

എംബിഎ വിദ്യാര്‍ത്ഥി അഞ്ജന പ്രദീപിന്റെ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എന്‍ അനില്‍ കുമാര്‍, വി ഷിര്‍സി എന്നിവര്‍ ഉള്‍പ്പെട്ട ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റെ രൂക്ഷ വിമര്‍ശനം. പുനപരീക്ഷയെഴുതിക്കാനുള്ള സര്‍വകലാശാല തീരുമാനം യുക്തിപരമല്ലെന്നും ലോകായുക്ത വിലയിരുത്തി. കാലതാമസത്തിന് ശേഷം പരീക്ഷ എഴുതാന്‍ നിര്‍ദേശിക്കുന്നത് ശരിയായ നടപടിയല്ല. കാലാന്തരത്തില്‍ അക്കാദമിക് കാര്യങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഓര്‍മ്മയില്‍ നിന്ന് മാഞ്ഞുപോകാം. പുനപരീക്ഷയെഴുതുന്നത് വിദ്യാര്‍ത്ഥിയുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി.

വിദ്യാര്‍ത്ഥിക്കായി പ്രത്യേകം പരീക്ഷ നടത്താമെന്ന സര്‍വകലാശാലയുടെ നിര്‍ദേശംശം ലോകായുക്ത തള്ളി. സര്‍വകലാശാലയുടെ നിര്‍ദേശം അപ്രായോഗികമെന്ന് ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. പുനപരീക്ഷയെഴുതാത്ത വിദ്യാര്‍ത്ഥിക്ക് ശരാശരി മാര്‍ക്ക് നല്‍കാനും ലോകായുക്ത നിര്‍ദേശം നല്‍കി. മൂന്നാം സെമസ്റ്ററിലെ പ്രൊജക്ട് ഫിനാന്‍സ് പേപ്പറിനാണ് അക്കാദമിക് റെക്കോഡ് പരിശോധിച്ച് ശരാശരി മാര്‍ക്ക് നല്‍കണമെന്ന് ഉത്തരവിലൂടെയുള്ള ലോകായുക്ത നിര്‍ദേശിച്ചിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!