Gulf

56 വര്‍ഷത്തെ ഖത്തര്‍ ജീവിതം അവസാനിപ്പിച്ച് ഹറമൈന്‍ ഖാദര്‍ ഹാജി നിറഞ്ഞ സംതൃപ്തിയോടെ നാട്ടിലേക്ക് മടങ്ങി

ദോഹ: 56 വര്‍ഷത്തെ ഖത്തറിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ടി വി അബ്ദുല്‍ഖാദര്‍ ഹാജിയെന്ന ഹറമൈന്‍ ഖാദര്‍ ഹാജി നിറഞ്ഞ സംതൃപ്തിയോടെ നാട്ടിലേക്ക് മടങ്ങി. അനിശ്ചിതത്വങ്ങള്‍ മാത്രം ബാക്കിയാവുന്ന കരകാണാകടലില്‍ പുതിയൊരു ദേശത്തേക്ക് സ്വപ്‌നങ്ങളും പേറി വന്നെത്തിയ ഒരു കാലത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മകളും പേറിയാണ് പ്രവാസം അവസാനിപ്പിച്ച് കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി ഹറമൈന്‍ ഖാദര്‍ ഹാജി നാട്ടിലേക്ക് ഇന്നലെ മടങ്ങിയത്. 1968ല്‍ തന്റെ പത്തൊന്‍പതാം വയസിലായിരുന്നു ഹാജിക്കയുടെ ബോബൈ(മുംബൈ)യില്‍നിന്നുള്ള ഭാഗ്യം തേടിയുള്ള യാത്ര ഖത്തര്‍ യാത്ര.

നാട്ടില്‍ ദാരിദ്ര്യവും പട്ടിണിയും കളിയാടിയിരുന്ന കാലത്ത് അല്‍പം നെഞ്ചുറപ്പുള്ള ചെറുപ്പക്കാരെല്ലാം നാടുപേക്ഷിച്ച് ബോംബൈയിലേക്കും ബംഗളൂരുവിലേക്കും മദിരാശി(ചെന്നൈ)യിലേക്കുമെല്ലാം ചേക്കേറുന്ന ഒരു കാലത്തായിരുന്നു ഹാജിയും തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ എട്ടുപൊട്ടുംതിരിയുന്നതിന് മുന്‍പ് നറുനാട്ടിലേക്ക് പുറപ്പെട്ടത്. മിക്ക ആദ്യകാല പ്രവാസികളെയുംപോലെ ഹോട്ടല്‍ ജോലിയിലായിരുന്നു തുടക്കം. പിന്നെ ബിസിനസിലേക്ക് കളംമാറ്റി ചവിട്ടി. ഖത്തര്‍ എന്ന കൊച്ചു രാജ്യത്തിന്റെ കുതിപ്പും കിതപ്പുമെല്ലാം നേരില്‍കണ്ടാണ് 75ാമത്തെ വയസില്‍ അദ്ദേഹം തിരിച്ചുപോയിരിക്കുന്നത്.

മുംബൈയില്‍നിന്നും ദ്വാരക എന്ന കപ്പലിലായിരുന്നു കുടുംബ സുഹൃത്തുകൂടിയായ ഖത്തറിലെ കമാലിയ ഹോട്ടല്‍ ഉടമ മുഹമ്മദ് ഹാജി നല്‍കിയ വിസയില്‍ ഖത്തറില്‍ ഇറങ്ങുന്നത്. പിന്നീട് ഹാജിക്കക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മൂന്നു വര്‍ഷത്തോളം കമാലിയ ഹോട്ടലില്‍ വെയിറ്ററായി ജോലിനോക്കിയ ശേഷമായിരുന്നു ഗള്‍ഫ് ഹോട്ടലിലേക്ക്് മാറുന്നത്. ഇതിന് ശേഷമായിരുന്നു സ്വന്തമായുള്ള ബിസിനസ് ഇന്നിങ്‌സ് ആരംഭിക്കുന്നത്. സഹോദരനൊപ്പം ശാരകര്‍ബയിലായിരുന്നു അല്‍ ഹറമൈന്‍ ഹോട്ടല്‍ തുടങ്ങുന്നത്. പിന്നീട് അല്‍ ഹറമൈന്‍ കോള്‍ഡ് സ്‌റ്റോറേജ് ബിസിനസ് അങ്ങനെ വളര്‍ന്നുപന്തലിച്ചു.

നാല് ആണ്‍മക്കളില്‍ മൂന്നു പേരും ഇന്ന് ഖത്തറില്‍ ഉപ്പ തുടങ്ങിയ ബിസിനസുകള്‍ക്ക് ചുക്കാന്‍പിടിക്കുന്നു. നാലാമന്‍ ഒമാനിലാണ് കഴിയുന്നത്. മൂന്നു പെണ്‍മക്കളുണ്ട്. അവരെല്ലാം കുടുംബമായി നാട്ടില്‍തന്നെയുണ്ട്. ജീവകാരുണ്യ രംഗത്തും ദീനീ പ്രവര്‍ത്തനങ്ങളിലുമെല്ലാം ഖത്തറിലെ സജീവ സാന്നിധ്യമായിരുന്നു ഖാദര്‍ ഹാജി. തന്റെ പ്രവാസ കാലത്തിനിടെ നിരവധി പേരെയാണ് അദ്ദേഹം ഖത്തറിലേക്ക് വിസ നല്‍കി എത്തിച്ചതും ജീവിതത്തിന് വെളിച്ചംപകര്‍ന്നതും. ഹാജിക്കയുടെ തിരിച്ചുപോക്ക് വലിയൊരു ശൂന്യതയാണ് ഖത്തറിലെ മലയാളി സമൂഹത്തിനും മത സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഒപ്പം വ്യാപൃതരായവര്‍ക്കും ഉണ്ടാത്തിയിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!