അർജുനായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും; നാവികസേന ഷിരൂരിലെത്തും
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുൻ അടക്കമുള്ളവർക്കായി ഗംഗാവലി പുഴയിൽ നാവികസേനയുടെ പരിശോധന ഇന്ന് പുനരാരംഭിക്കും. ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സോണാർ പരിശോധന നടത്തും. നേരത്തെ മാർക്ക് ചെയ്ത രണ്ട് സ്ഥലങ്ങൾ കേന്ദ്രീകരിച്ചാകും പരിശോധന. രാവിലെ ഒമ്പത് മണിയോടെ കാർവാറിൽ നിന്നുള്ള നാവികസേനാംഗൾ ഷിരൂരിലെത്തും
ഗംഗാവലി പുഴയുടെ ഒഴുക്കിന്റെ വേഗത ആദ്യം പരിശോധിക്കും. ഇതിന് ശേഷമാകും നാവികസേനയുടെ മുങ്ങൽ വിദഗ്ധർ പുഴയിൽ ഇറങ്ങിയുള്ള പരിശോധന നടത്തണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ദൗത്യം പുനരാരംഭിക്കാൻ വൈകുന്നതിൽ അർജുന്റെ കുടുംബം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു
തെരച്ചിൽ ആരംഭിച്ചില്ലെങ്കിൽ ഷിരൂരിൽ കുടുംബം ഒന്നടങ്കം പ്രതിഷേധിക്കുമെന്നാണ് സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞത്. കേരള സർക്കാർ സമ്മർദം ശക്തമാക്കിയതിന് പിന്നാലെയാണ് നാവിക സേന തെരച്ചിൽ പുനരാരംഭിക്കുന്നത്.