ഒളിമ്പിക്‌സ് മെഡൽ ഉറപ്പിച്ച് ഗുസ്തി ഫൈനലിൽ
പാരീസ് ഒളിമ്പിക്‌സിൽ വനിതകളുടെ 50 കിലോ ഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് ഫൈനലിൽ. സെമിയിൽ ക്യൂബയുടെ യൂസ്‌നെലിസ് ഗുസ്മാൻ ലോപസിനെ പരാജയപ്പെടുത്തിയാണ് വിനേഷ് ഫോഗട്ട് ഗുസ്തി ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായത്.
5-0ന് ആധികാരികമായിട്ടാണ് വിനേഷ് മുന്നേറിയത്. നേരത്തെ യുക്രൈനിന്റെ ഒസ്‌കാന ലിവാച്ചിനെ മലർത്തിയടിച്ചാണ് വിനേഷ് സെമിയിലെത്തിയത്. ഇന്ന് നടക്കുന്ന ഫൈനലിൽ പരാജയപ്പെട്ടാലും വിനേഷിന് വെള്ളി മെഡൽ ഉറപ്പിക്കാം.
വിനേഷിന് ഇത് മധുരപ്രതികാരം കൂടിയാണ്. കഴിഞ്ഞ വർഷം ഡൽഹിയിൽ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന സമരത്തിന്റെ മുന്നണി പോരാളിയായിരുന്നു വിനേഷ് ഫോഗട്ട്. പോലീസ് വിനേഷിനെ ഡൽഹി തെരുവിലൂടെ വലിച്ചിഴക്കുന്ന കാഴ്ചയും നമ്മൾ കണ്ടിരുന്നു. ഇപ്പോൾ രാജ്യത്തിന്റെ അഭിമാനമുഖമായി പാരീസിൽ മാറുകയാണ് വിനേഷ്